ദേവികുളം സബ്കളക്ടര്‍ നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ പാഴാകും ? മുഖ്യമന്ത്രിയുടെ ഓഫീസ് ഭൂമി ഒഴിപ്പിക്കല്‍ തടഞ്ഞു ; മൂന്നാറില്‍ മുഖ്യന് ഇരട്ടത്താപ്പ് !

മൂന്നാര്‍ വന്‍കിട കൈയ്യേറ്റങ്ങള്‍ ആര് തൊടുമ്പോഴും പൊള്ളുന്ന അവസ്ഥയാണ് .കുറച്ചുകാലമായി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മൂന്നാറിലെ കൈയ്യേറ്റത്തിനെതിരെ വാളോങ്ങിയതോടെ കാര്യങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കും തലവേദനയായി.ഇപ്പോഴിതാ കൈയ്യേറിയ 22 സെന്റ് ഭൂമി ജൂലൈ ഒന്നു വരെ ഒഴിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം.റവന്യൂ വകുപ്പ് ഈ നിര്‍ദ്ദേശത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട് .മൂന്നാര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ ഒന്നാം തീയതി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി റവന്യൂവകുപ്പിനോട് ആവശ്യപ്പെട്ടു.

മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ നല്‍കിയ നോട്ടീസില്‍ തുടര്‍നടപടി ജൂലൈ ഒന്നുവരെ മരവിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി .മൂന്നാര്‍ വില്ലേജ് ഓഫീസ് ആരംഭിക്കാനായി ഈ സ്ഥലം ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ നല്‍കിയ ഉത്തരവ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണഅ .കഴിഞ്ഞ ദിവസം മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.ഇതിന് ശേഷമാണ് സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഭൂമി തല്‍ക്കാലം പിടിച്ചെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചത് .
എംഎം മണി ഉള്‍പ്പെടെ നേതാക്കള്‍ ശ്രീറാമിനെതിരെ മോശമായ പ്രതികരണം നടത്തി വിവാദമായിരുന്നു.പല രാഷ്ട്രീയ നേതാക്കള്‍ക്കും കണ്ണിലെ കരടാണ് ഈ സബ് കളക്ടര്‍ .എന്നാല്‍ പോരാട്ടം തുടരുന്നതിന് രാഷ്ട്രീയ കക്ഷികള്‍ തന്നെ ഇടപെടുകയാണ്.വിഷയത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടല്‍ സിപിഐയിലും നീരസമുണ്ടാക്കുന്നുണ്ട് .ഇങ്ങനെയെങ്കില്‍ മൂന്നാറില്‍ കൈയ്യേറ്റങ്ങള്‍ പിടിച്ചടക്കാന്‍ സാധിക്കാതെ പോകുമെന്ന നിരാശയും ശക്തമാണ് .ജൂലൈ ഒന്നിന് ചേരുന്ന യോഗത്തില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ മയപ്പെടുത്താനും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സാധ്യതയുണ്ട് .അങ്ങനെയെങ്കില്‍ പിണറായി സര്‍ക്കാരിന് പ്രതിഛായ മോശമാകുന്ന കാര്യമാകും ഈ സംഭവം .

Latest
Widgets Magazine