സ്‌കൂളിലെ കുടിവെള്ള സംഭരണിയില്‍ ഒമ്പത് നായക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: പടിഞ്ഞാറ്റിന്‍കര ഗവ. യു.പി.സ്‌കൂളിലെ കുടിവെള്ള സംഭരണിയില്‍ ഒമ്പത് നായക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി. ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെയാണ് കണ്ടെത്തിയത്. നഴ്‌സറി വിദ്യാര്‍ഥികള്‍ക്ക് വെള്ളമെടുക്കുന്നതിനും വേനല്‍ക്കാലത്ത് ജലശേഖരണത്തിനുമായി സ്ഥാപിച്ച ചെറിയ ജലസംഭരണിയിലാണ് നായക്കുട്ടികളെ കണ്ടെത്തിയത്. ടാങ്കില്‍ ജലം നിറയ്ക്കുന്നതിനുമുന്‍പ് തിങ്കളാഴ്ച രാവിലെ പതിവ് പരിശോധന നടത്തിയ സ്‌കൂളിലെ കായികാധ്യാപകനും നഗരസഭാ കൗണ്‍സിലറുമായ തോമസ് പി.മാത്യുവാണ് സംഭവം കണ്ടത്.

പൊലീസ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുദിവസം പഴക്കമുള്ളതാണ് നായ്ക്കുട്ടികളുടെ ശവമെന്നും വെള്ളത്തില്‍ മുങ്ങിയതാണ് മരണകാരണമെന്നുമാണ് മൃഗഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. നായക്കുട്ടികളെ കണ്ടെത്തിയതോടെ കുട്ടികള്‍ മലിനജലം കുടിക്കുന്നതിലൂടെ ഉണ്ടാകുമായിരുന്ന വലിയ അത്യാഹിതം ഒഴിവായി. സ്‌കൂള്‍ അവധിയായിരുന്ന ദിനങ്ങളില്‍ സാമൂഹിക വിരുദ്ധരാകാം നായ്ക്കുട്ടികളെ ടാങ്കിലിട്ടതെന്ന് കരുതുന്നു. സ്‌കൂളില്‍ മുന്‍പും സാമൂഹികവിരുദ്ധശല്യം ഉണ്ടായിട്ടുണ്ട്. കൊട്ടാരക്കര പോലീസ് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top