13 കാരി എഴുതിയ പുസ്തകങ്ങള്‍ ചര്‍ച്ചയാകുന്നു

കൊച്ചിയിലെ സംഘമിത്രയെന്ന 13 കാരി വിദ്യാര്‍ത്ഥിനി പുസ്തകമെഴുതി താരമാകുകയാണ്. എറണാകുളം
ടോക് എച്ച് സ്ക്കുള്‍ 8 -ആം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനിയായ സംഘമിത്രയാണ് ഈ ചെറുപ്രായത്തില്‍ സ്വന്തമായി പുസ്തകമെഴുതി പബ്ലിഷ് ചെയ്ത് ചരിത്രം സൃഷ്ടിക്കുന്നത്. ഈ 13 കാരിയുടെ രണ്ടാമത്തെ പുസ്തകം The Mysterious Love of Meerabai ഇക്കഴിഞ്ഞ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അനുസ്മരണ ദിനത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ.എല്‍.മോഹന വര്‍മ്മയാണ് പ്രകാശനം ചെയ്തത്.
93അന്ന് വര്‍മ്മാജി പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘ഇന്ന് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അനുസ്മരണ ദിനമാണ്. അന്നു തന്നെ സംഘമിത്രയുടെ പുസ്തകപ്രകാശനവും വന്നത് യാദൃശ്ചികമല്ല. ഈ കുട്ടിയുടെ പുസ്തകം മുഴുവന്‍ വായിച്ചതിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയുന്നു; ലളിതാംബികാമ്മ പറയാന്‍ ബാക്കി വച്ചതു പറയാന്‍ അവര്‍ തന്നെ പുനര്‍ജന്മമെടുത്തിരിക്കുകയാണ് സംഘമിത്രയിലൂടെ. ഇത്ര സുതാര്യമായ ഭാഷാശൈലി, വിഷയത്തില്‍ ആഴമായി ലയിച്ചു നിന്നുകൊണ്ടുള്ള ആഖ്യാനരീതി, ഇതൊക്കെ ജന്മസിദ്ധമാണ്. കൃത്രിമമായി സൃഷ്ടിക്കാവുന്നതല്ല. ഇത്രയും വര്‍മ്മാജി പറഞ്ഞപ്പോള്‍ കാണികളുടെ സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് ആ വാക്കുകളെ
സ്വീകരിച്ചത്. ഈ 13 കാരി 3 ആം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുമ്പോള്‍ തന്നെ മനസ്സിനെ സ്പര്‍ശിക്കുന്ന കൊച്ചു കഥകള്‍ എഴുതുകയും സ്ക്കുള്‍ മാഗസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സമൂഹത്തില്‍ കാണുന്ന തിന്മകളായിരുന്നു അന്നൊക്കെ കഥാവിഷയമെങ്കില്‍ പിന്നീടത് കൃഷ്ണസങ്കല്പത്തില്‍ ചെന്ന് നങ്കൂരമിട്ടു. അങ്ങനെ 7 ആം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയതാണ് ‘Krishna in Vrindavan‘. ഈ പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ ജനിച്ചതും ഓടിക്കളിച്ചതുമായ സ്ഥലങ്ങളൊക്കെ നേരില്‍ കാണണമെന്നു തോന്നി. മാതാപിതാക്കള്‍ അവളെ മഥുരയിലും വൃന്ദാവനത്തിലും കൊണ്ടു പോയി. ഇന്നും കറുത്ത ജലനിരപ്പ് ദൃശ്യമാകുന്ന കാളിന്ദി നദിക്കരയില്‍ കാളിയ സര്‍പ്പത്തിന്റെ സീല്‍ക്കാരങ്ങള്‍ക്ക് ചെകിടോര്‍ത്ത് സംഘമിത്ര നിന്നു. പഴയ ആ കടമ്പുമരത്തിന്റെ അതേ സ്ഥാനത്തുതന്നെ ശാഖകള്‍ വിടര്‍ത്തി നില്‍ക്കുന്ന പുതിയ കടമ്പുമരത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ സംഘമിത്ര ഗോപികമാരുടെ കളിചിരികള്‍ കേട്ടു. ആ യാത്രയില്‍ മനസ്സില്‍ വീണ വിത്താണ് ചരിത്രകഥാപാത്രമായ മീരാബായി. ചിപ്പിക്കുള്ളില്‍ മുത്തു വളരുമ്പോലെ മീരാബായി സംഘമിത്രയുടെ ഭാവനയില്‍ വളര്‍ന്നു. രാജകുമാരിയായിരിക്കെ എല്ലാ ഭൌതിക സുഖങ്ങളും
ഉണ്ടായിരുന്നിട്ടും കൃഷ്ണനോടുള്ള പ്രേമാഗ്നിയില്‍ തന്റെ ജീവിതം ഹോമിച്ച മീരാബായി സംഘമിത്രയുടെ ദു:ഖമായി.
‘മീരാബായിയെക്കുറിച്ചുള്ള പുസ്തകം എഴുതാന്‍ ഉത്തരേന്ത്യയില്‍ മീരയെക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും വരുത്തി. ഇന്റര്‍നെറ്റിന്റെ സൌകര്യം പരമാവധി ഉപയോഗിച്ചു. അങ്ങനെ ‘മീര’ എഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. ആ ശുന്യതയുടെ ഭാരം താങ്ങാനാവാതെ പലപ്പോഴും പൊട്ടിക്കരഞ്ഞു. അങ്ങനെയിരിക്കെ രാധ ആ ശുന്യതയില്‍ വന്നു നിറഞ്ഞു. അധികമാര്‍ക്കും അറിയില്ല രാധയുടെ ജീവിതം. പ്രാണനേക്കാള്‍ അധികമായി സ്നേഹിച്ചിട്ടും ധര്‍മ്മരക്ഷകനായി ജനിച്ച കൃഷ്ണനെ തന്റേതുമാത്രമാക്കി, കൂട്ടിലടച്ച കിളിയാകാന്‍ രാധ തയ്യാറായില്ല. ലോകരക്ഷാര്‍ത്ഥം കൃഷ്ണന്‍ തന്നെ വിട്ടുപോകട്ടെ എന്നവള്‍ തീരുമാനിച്ചു. വേര്‍പാടിന്റെ ആ വേദന രാധ സ്വയം സഹിച്ചു. ഇനി സംഘമിത്ര മൂന്നാമതായി എഴുതുന്ന പുസ്തകം ആ രാധയ്ക്കുവേണ്ടിയാണ്. എഴുത്തിന്റെ മേഖലയില്‍ ഇനിയും കൂടുതല്‍ പോകാനുണ്ടെന്ന് വിശ്വസിക്കുന്ന ഈ കുട്ടി പാഠനത്തില്‍ മറ്റ് പല മേഖലകളിലും സ്ക്കുളില്‍ ഒരുപോലെ തിളങ്ങുകയും ചെയ്യുന്നു. നല്ല പ്രസംഗക, ചിത്രകാരി, നര്‍ത്തകി അങ്ങനെ പലതുമാണ് സംഘമിത്ര. വൈറ്റില ടോക് എച്ച് സ്ക്കുളിന് കിട്ടിയ നിധിയാണ് സംഘമിത്രയെന്നാണ് അധ്യാപകര്‍ ഒരേ സ്വരത്തില്‍ അവകാശപ്പെടുന്നത്.
ഒപ്പം അധ്യാപകരുടെയും സഹവിദ്യാര്‍ത്ഥികളുടെയും നിര്‍ല്ലോഭമായ പ്രോത്സാഹനവും സംഘമിത്രയ്ക്കുണ്ട്. പുസ്തകമെഴുത്തിലൂടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാനുള്ള തയ്യാറെടുപ്പിലാണ് സംഘമിത്ര ഇപ്പോള്‍. ഈ മേഖലയില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ ശ്രമിക്കുമെന്നും സംഘമിത്ര പറയുന്നു.

Top