200 ലധികം പാറ്റകളെ ബാഗില്‍ നിറച്ച് ദമ്പതികള്‍ വിമാനത്താവളത്തില്‍; കൊണ്ടുപോകാന്‍ സമ്മതിക്കാതെ അധികൃതര്‍  

 

 

ബെയ്ജിങ്: വലിയ തോതിലുള്ള പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാറുള്ളത്. ചില യാത്രക്കാര്‍ക്കൊക്കെ അത്യാവശ്യ സാധനങ്ങള്‍ കൊണ്ടുപോകാനാകാതെ വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ചൈനയിലെ ഗുവാങ്‌ഡോംഗിലെ ബയിയിന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ദമ്പതികള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നത് 200 പാറ്റകളെയാണ്. ഒരു വെളുത്ത പ്ലാസ്റ്റിക്ക് ബാഗ് നിറയെ കരുതിയിരുന്ന പാറ്റകളെ.രണ്ടു ചൈനീസ് ദമ്പതികളെയാണ് വിമാനത്താവളത്തിലെ ജീവനക്കാര്‍ തടഞ്ഞു വെച്ചത്. ഇവരുടെ ബാഗ് തുറന്നപ്പോള്‍ നിറയെ പാറ്റകള്‍. ഇവ എന്തിനാണെന്നു ചോദിച്ചപ്പോള്‍ തന്റെ ഭാര്യയുടെ ത്വക്ക്‌രോഗ ചികിത്സയുടെ ഭാഗമായി മരുന്നില്‍ ചേര്‍ക്കാന്‍ വേണ്ടിയാണെന്നും ഭര്‍ത്താവ് പറഞ്ഞു. ഇതൊരു നാടന്‍ പ്രതിവിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിമാനത്തില്‍ പാറ്റകള്‍ പോലുള്ള പ്രാണികളെ കയറ്റാന്‍ കഴിയില്ലെന്നു ഗാര്‍ഡുകള്‍ അറിയിച്ചതോടെ ദമ്പതികള്‍ക്ക് അവയെ അവിടെ ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഇത്തരത്തിലുള്ള സംഭവം ഇതാദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011ല്‍ ലോസ് ആഞ്ചലോസ് വിമാനത്താവളത്തില്‍ നിന്നും ഒരു യാത്രക്കാരനെ തടഞ്ഞു നിര്‍ത്തിയത് വ്യത്യസ്ത തരത്തിലുള്ള മീനുകള്‍ കൊണ്ടു വന്നതിനായിരുന്നു.  240 മീനുകളെയായിരുന്നു ഇയാളുടെ പക്കലുണ്ടായിരുന്നത്.

Top