തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ നിന്ന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു

ബാലരാമപുരത്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. ബാലരാമപുരം ഗ്രീൻ ഡോം സ്കൂളിൽ നിന്നാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തത്. സഹപാഠികളെ ഉപദ്രവിക്കുന്നുവെന്നും, പഠിക്കാൻ മോശമാണെന്നും പറഞ്ഞാണ് വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇതിനു പിന്നാലെ കുട്ടിക്ക് ടിസി നൽകിയ സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് രക്ഷിതാവിന് നോട്ടീസും നൽകി. അച്ചടക്കമില്ലായ്മയും, മോശം പെരുമാറ്റവും കാരണമാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതെന്നാണ് നോട്ടീസിൽ പറയുന്നത്. ഇക്കാരണങ്ങൾ പറഞ്ഞ് സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികളിൽ നിന്ന് കുട്ടിയെ അധികൃതർ മാറ്റിനിർത്തിയെന്നും രക്ഷിതാവ് ആരോപിച്ചു. ഗ്രീൻ ഡോം സ്കൂളിൽ കുട്ടിക്ക് ടിസി നൽകിയതോടെ കുട്ടിയെ ബാലരാമപുരത്തെ സർക്കാർ സ്കൂളിലാണ് ചേർത്തത്. എന്നാൽ കുട്ടിയുടെ അച്ചടക്കമില്ലായ്മയും പിതാവിന്റെ മോശം പെരുമാറ്റവും കാരണമാണ് നടപടിയെടുത്തതെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. അതേസമയം, വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണ് സ്കൂൾ അധികൃതരുടെ നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Top