നടിയെ ആക്രമിച്ച കേസ്: സമാന്തര അന്വേഷമവുമായി ദിലീപ്; അന്വേഷണത്തിനു സ്വകാര്യ ഏജൻസി; മുടക്കുന്നത് അഞ്ചു കോടി

ക്രൈം ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ തനിക്ക് അനുകൂലമായ തെളിവുകൾ ശേഖരിക്കാൻ സ്വകാര്യ ഏജൻസിയുടെ അന്വേഷണവുമായി ദിലീപ്. അഞ്ചു കോടി രൂപ മുടക്കി ഡൽഹി കേന്ദ്രീകരിച്ചുള്ള സ്വകാര്യ അന്വേഷണ ഏജൻസിയെയാണ് കേസിന്റെ സമാന്തര അന്വേഷണം ദിലീപ് ഏൽപ്പിച്ചിരിക്കുന്നത്. കേസിൽ തനിക്ക് അനുകൂലമായ തെളിവുകൾ ശേഖരിക്കുന്നതിനായി അഞ്ചു കോടി രൂപയാണ് ദിലീപ് മുടക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മലയാളത്തിലെ പ്രമുഖ നടിയെ നഗരമധ്യത്തിൽ വച്ച് ഓടുന്ന കാറിൽ ക്വട്ടേഷൻ സംഘം ആക്രമിച്ചത്. സംഭവത്തിൽ ഉൾപ്പെട്ടിരുന്ന പ്രതികളെ പൊലീസ് ദിവസങ്ങൾക്കകം പിടികൂടിയിരുന്നു. കേസിൽ ദിലീപ് ഗൂഡാലോചന നടത്തിയെന്നു കണ്ടെത്തിയ പൊലീസ് സംഘം ദിലീപിനെ അറസ്റ്റ് ചെയ്തു ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സമാന്തര അന്വേഷണം എന്നതാണ് ഏറെ ശ്രദ്ധേയം.
നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരായ തെളിവുകളെല്ലാം ദുർബലമാണെന്നാണ് ദിലീപിന്റെ വാദം. ഈ തെളിവുകൾ പൊളിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് അന്വേഷണത്തിലെ പഴുതുകൾ ദിലീപ് തിരയുന്നത്. നിലവിലെ സാഹചര്യത്തിൽ കേസിൽ ഉൾപ്പെട്ട സാക്ഷികളുടെയും പ്രതികളുടെയും ആക്രമിക്കപ്പെട്ട നടിയുടെയും അടക്കമുള്ള ഫോൺ രേഖകൾ ദിലീപിന്റെ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. കേസിൽ നിർണ്ണായകമായ വീഡിയോ ദൃശ്യങ്ങൾ വിട്ടു നൽകണമെന്നു കോടതിയോടു ദിലീപ് ആവശ്യപ്പെട്ടതും സമാന്തര അന്വേഷണത്തിനു വേണ്ടിയാണെന്നാണ് സൂചന.
സക്വാഡ് ലൻഡ് യാർഡിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ മുൻ ഐപിഎസ് ഉദ്യോഗസ്‌ന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിൽ എത്തിയിരിക്കുന്നത്. കൊച്ചിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് ഇവർക്കു മുറിയൊരുക്കിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top