സുഹൃത്തിനെ കാത്തുനിന്നതാണ് ഈ 64 കാരിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്  

 

 

ന്യൂയോര്‍ക് : മാധ്യമങ്ങള്‍ക്ക് പിഴച്ചപ്പോള്‍ 63 കാരി മോഡലിംഗ് രംഗത്തെ താരമായി മാറി. ലിന്‍ സ്ലേറ്റര്‍ എന്ന കോളജ് പ്രൊഫസറാണ് ഫാഷന്‍ രംഗത്ത് ശ്രദ്ധയാകര്‍ഷിക്കുന്നത്. വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കവെ അപ്രതീക്ഷിതമായാണ്, ഫോര്‍ദാം സ്‌കൂള്‍ ഓഫ് സോഷ്യല്‍ സര്‍വീസിലെ അദ്ധ്യാപികയായ ലിന്‍ മോഡലിംഗ് രംഗത്തേക്കെത്തുന്നത്. ഒരിക്കല്‍ ഒരു സുഹൃത്തിനെയും കാത്ത് ന്യൂയോര്‍ക് ഫാഷന്‍ വീക്ക് വേദിക്ക് പുറത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍ ലിന്‍ ഏതോ പ്രമുഖ മോഡലാണെന്ന് തെറ്റിദ്ധരിച്ച ചില ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ഫോട്ടോയെടുക്കാന്‍ ആരംഭിച്ചു. അവരോട് ഫാഷന്‍ വീക്കിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഭംഗിയാര്‍ന്ന വേഷവിധാനങ്ങളില്‍ നിലയുറപ്പിച്ചതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ലിന്നിനെ തെറ്റിദ്ധരിച്ചത്. ഇതോടെ ആളുകള്‍ ലിന്നിനെ പൊതിഞ്ഞു.അന്നത്തെ ആ അനുഭവമാണ് തന്നെ മോഡലിംഗ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന് ലിന്‍ പറയുന്നു. പ്രായത്തെ വകവെയ്ക്കാതെ ലിന്‍ ഫാഷന്‍ രംഗത്ത് സജീവമായി. അതോടെ സമൂഹ മാധ്യമങ്ങളിലും മറ്റും അവര്‍ക്ക് ആരാധക പ്രീതിയേറി. ഈ പ്രായത്തിലും മോഡലിംഗ് രംഗത്ത് മികവ് പുലര്‍ത്തുന്ന ലിന്നിന് അഭിനന്ദനങ്ങള്‍ നാള്‍ക്കുനാള്‍ ഏറിവരികയാണ്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ഇവര്‍ക്ക് ലഭിച്ചുവരുന്നത്. അതേസമയം അപൂര്‍വം ചിലര്‍ നിരുത്സാഹപ്പെടുത്തി രംഗത്തെത്താറുണ്ടെങ്കിലും താനതിന് ശ്രദ്ധ നല്‍കാറില്ലെന്നും ലിന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ 3 ലക്ഷത്തിലേറെ അനുഗാമികളുണ്ട് ഈ 64 കാരിക്ക്. ലോകത്തെ മുന്‍നിര മോഡലിംഗ് ഏജന്‍സിയായ എലൈറ്റ് ലണ്ടനുമായി ലിന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മാംഗോ, വലന്റീനോ, കൊമ്മേ-ഡെസ്- ഗാര്‍കോണ്‍സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കുവേണ്ടി ലിന്‍ മോഡലായി എത്തിയിട്ടുണ്ട്. സാമൂഹ്യ സേവനത്തില്‍ പിഎച്ച്ഡി നേടിയ ലിന്‍ സ്ലേറ്റര്‍ കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു.

Top