ചിലവ് 70 ൽ നിന്നു 300 കോടിയായി; പൃഥ്വിരാജിനെ വെട്ടി നിർമ്മാതാവ് മമ്മൂട്ടിക്കു പിന്നാലെ

സിനിമാ ഡെസക്

കൊച്ചി:പൃഥ്വിചിത്രമായ കർണ്ണന്റെ ബജറ്റ് 70 ൽ നിന്നു 300 കോടിയായി ഉയർന്നതോടെ പ്രോജക്ട് തന്നെ വേണ്ടെന്നു വച്ച് നിർമ്മാതാവ് മമ്മൂട്ടിചിത്രത്തിലേയ്ക്കു മാറി. മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ആർഎസ് വിമൽ ഒരുക്കുന്ന കർണൻ. എന്നാൽ, പ്രോജക്ടിന്റെ നിർമ്മാണം അനന്തമായി നീണ്ടു പോയതോടെയാണ് ഇപ്പോൾ നിർമ്മാതാവും ചിത്രത്തെ ഉപേക്ഷിച്ചു പോയത്. വേണു കുന്നപ്പള്ളിയായിരുന്നു ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്തത്.
കർണൻ അനന്തമായി നീണ്ടുപോകുകയും ബജറ്റ് ഉയരുകയും ചെയ്തതോടെ വേണു കുന്നുപ്പള്ളി ചിത്രത്തിൽ നിന്ന് പിന്മാറി. മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ചിത്രം നിർമിക്കുന്നതും വേണുവാണ്. കർണനിൽ നിന്ന് പിന്മാറാനുള്ള കാരണവും മാമാങ്കത്തിലെത്തിയതെങ്ങനെ എന്നും വേണു കുന്നപ്പള്ളി റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
കർണൻ ഒരു സ്വപ്ന പദ്ധതിയായിരുന്നു. എഴുപത്, എൺപത് കോടി ബജറ്റിലാണ് ചിത്രം പ്രഖ്യാപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാർത്തകൾ വന്നു. എന്നാൽ അത് എങ്ങനെയാണെന്ന് അറിയില്ല. പിന്മാറാനുള്ള ഒരു കാരണം ഇതായിരുന്നു.
കർണൻ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു. എന്നാൽ മുന്നോട്ട് പോകുന്തോറും പല പ്രശ്നങ്ങളും ഉണ്ടായി. പ്ലാനിംഗ് തെറ്റി. ഇത് തുടർന്നാൽ കൂടുതൽ പൈസ ചെലവാകുമെന്ന് തോന്നിയതോടെയാണ് ചിത്രത്തിൽ പിന്മാറാൻ തീരുമാനിച്ചത്.
കർണനിൽ നിന്ന് പിന്മാറിയതിന് ശേഷമാണ് മാമാങ്കത്തിലേക്ക് എത്തിയത്. കർണനിലെ അനുഭവങ്ങൾ മാമാങ്കത്തിൽ ഗുണം ചെയ്തു. ആറേഴു മാസമായി ഈ സിനിമയുടെ പണിപ്പുരയിലാണ്. അണിയറ പ്രവർത്തനങ്ങൾ വളരെ ദൂരം മുന്നോട്ട് പോയ്ക്കഴിഞ്ഞു. ഈ ചിത്രത്തേക്കുറിച്ച് ആശങ്ക വേണ്ട.
വലിയ ബജറ്റിലുള്ള സിനിമകൾ ചെയ്യാൻ പ്രചോദം ബാഹുബലിയാണ്. മാമാങ്കം സിനിമ വേണമെങ്കിൽ ചെറിയ ബജറ്റിൽ എടുക്കാം. എന്നാൽ സിനിമയുടെ എല്ലാ തലങ്ങളും വച്ച് നോക്കുമ്പോൾ അത് വലിയ രീതിയിൽ ചെയ്യാനേ തോന്നു. വിഷ്വൽ എഫക്സും, ഫൈറ്റും, ആർടും ചിത്രത്തോട് നീതി പുലർത്തുന്നതായിരിക്കണം.
സംവിധായകൻ സജീവ് പിള്ളയുടെ ആത്മസമർപ്പണമാണ് തന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചതെന്ന് വേണു പറയുന്നു. മാമാങ്കം നടന്ന സ്ഥലത്ത് പോയി താമസിച്ച് ഗവേഷണം നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. 2010ൽ തിരക്കഥ രജിസ്റ്റർ ചെയ്തു. മുഴുവൻ തിരക്കഥയുമായാണ് സജീവ് തന്നെ കാണാനെത്തിയതെന്നും വേണു പറയുന്നു.
ഈ സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ മനസിൽ തെളിഞ്ഞ് വന്നത് മമ്മൂട്ടിയുടെ മുഖമാണ്. മറ്റൊരാളുടേയും മുഖം വന്നില്ല. ചിത്രീകരിക്കുന്നത് തമിഴിലാണെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. തമിഴ് തെലുങ്ക് താരങ്ങളും ചിത്രത്തിൽ അണിനിരക്കും.
ചിത്രത്തിന് എന്ത് പേരിടും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മാമാങ്കം എന്ന പേര് കിട്ടുമോ എന്ന് നോക്കാൻ മമ്മൂട്ടി പറഞ്ഞത്. നവോദയയിൽ ഇക്കാര്യം സംസാരിച്ചപ്പോൾ ഒരു രൂപ പോലും മേടിക്കാതെ അവർ സമ്മതിച്ചു, പഴയ സിനിമയുടെ മികവ് ഈ സിനിമയ്ക്കും ഉണ്ടാകണമെന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടത്. അവരോട് ഇക്കാര്യത്തിൽ വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top