മുഹമ്മദ് അസീം എന്ന എട്ടുവയസുകാരന്റെ കൊലപാതകം: ദലിത് ജനത തിരിച്ചറിയേണ്ട വര്‍ഗ്ഗീയ രാഷ്ട്രീയം

സിയാർ മനുരാജ്

മുഹമ്മദ് അസീം എന്ന എട്ടുവയസുകാരന്‍ മദ്രസാ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന്റെ ഉള്ളറകളില്‍ വിരിയുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ ദലിത് ജനതകള്‍ തിരിച്ചറിയണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെക്കന്‍ ഡല്‍ഹിക്ക് സമീപമുള്ള ബീഗംപൂര്‍ മുസ്ലിം കോളനിയിലെ മദ്രസയില്‍ പഠിക്കുന്ന ഏഴുവയസുകാരന്‍ ആയിരുന്നു ഇന്ന് കൊല്ലപ്പെട്ട മുഹമ്മദ് അസീം .തല്ലിയും ചവിട്ടിയും കുട്ടിയെ അവശനാക്കിയതിനു ശേഷം ഓടിക്കൊണ്ടിരുന്ന ഒരു ബൈക്കിനു മുന്‍പിലേക്ക് കുട്ടിയെ വലിച്ചെറിയുക യാണ് ഉണ്ടായത്. ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് ബീഗംപൂര്‍ മുസ്ലിം കോളനിക്ക് അരികിലുള്ള വാല്‍മീകി കോളനിയിലെ കുട്ടികള്‍ അടക്കമുള്ള ഏഴംഗ സംഘമാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ പെട്ടന്നുള്ള എന്തോ പ്രകോപനം കൊണ്ടാണ് ഈ കൊലപാതകം നടന്നതെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റാനേ ഇടയുള്ളൂ .ഈ കൊലപാതകത്തിന്റെ ഉള്ളറകളിലേക്ക് നാം പോകേണ്ടതുണ്ട്.

വാല്‍മീകികള്‍ ഉത്തര്‍പ്രദേശിലെ പ്രധാന പട്ടികജാതി വിഭാഗങ്ങളില്‍ പെട്ട ഒരു ജാതിയാണ് .പതിനഞ്ചു ലക്ഷത്തിനു മുകളില്‍ ഉണ്ട് അവരുടെ അംഗസംഖ്യ. ഉത്തര്‍ പ്രദേശില്‍ നടക്കുന്ന ഹിന്ദു മുസ്ലിം കലാപങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരെ മാറ്റി പാര്‍പ്പിക്കുന്നതിന്റെ ഭാഗമായി വാല്‍മീകികളെ മാറ്റി പാര്‍പ്പിച്ച ഒരു കോളനിയാണ് ഈ കൊലപാതകം നടത്തിയവര്‍ താമസിക്കുന്ന വാല്‍മീകി കോളനി. സംഘ പരിവാര്‍ രാഷ്ട്രീയം ദലിത് ജാതികളില്‍ പിടിമുറുക്കുന്നതിന്റെ ഉത്തമഉദാഹരണമാണ് വാല്‍മീകി ജാതികളില്‍ വളര്‍ന്നുവരുന്ന തീവ്രമായ മുസ്ലിം വിരോധം.

വാല്‍മീകി നേതാവും ബിജെപിയുടെ ദേശീയ ദലിത് നേതാക്കളില്‍ ഒരാളുമായ ബിസായ് സോങ്കര്‍ ശാസ്ത്രി എഴുതിയ ഏറ്റവും പുതിയ പുസ്തകമായ ” ഹിന്ദു വാല്‍മീകി ജാതി ”എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഏറ്റവും വിചിത്രമായ ചരിത്രാഭാസം എന്നത് വാല്‍മീകികള്‍ അടക്കമുള്ള നിരവധി ദലിത് ജാതികള്‍ ഒരു കാലത്ത് ബ്രാഹ്മണരും ക്ഷത്രിയരും ആയിരുന്നുവെന്നും മുസ്ലിം അധിനിവേശ കാലത്ത് അവരൊക്കെ തോട്ടിപ്പണിയും ചെരുപ്പ് തുന്നലും മറ്റു താഴ്ന്ന ജോലികളും ചെയ്യേണ്ടിവന്നതിനാല്‍ ദലിതര്‍ ആക്കപ്പെട്ടവര്‍ ആണെന്നാണ്.

ഈ രീതിയില്‍ ഇന്ത്യയിലെ ദലിത് ജാതികളുടെ രൂപപ്പെടലിന്റെ ഉത്തരവാദിത്വം മുസ്ലിം ഭരണത്തിന് നല്‍കുക വഴി ദലിതരും മുസ്ലീമുകളും തമ്മില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ കൂട്ടായ്മയെ തകര്‍ക്കുകയെന്ന സവര്‍ണ്ണ സംഘി നയത്തെ സഹായിക്കുകയാണ് സോങ്കര്‍ ശാസ്ത്രിയെ പോലുള്ളവര്‍ ചെയ്യുന്നത്. ദലിതരില്‍ സ്വാഭിമാനവും ഹിന്ദു ബോധവും ഉണ്ടാക്കുകയും അവരില്‍ മുസ്ലിം വിരോധം കുത്തിവയ്ക്കുകയും ചെയ്യുന്നത് വഴി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമായ ഹിന്ദു രാഷ്ട്രത്തിലേക്ക് വേഗത്തില്‍ ചുവടു വയ്ക്കാം എന്ന് അവര്‍ സ്വപ്നം കാണുന്നു .

കാന്‍ഷി റാമിന്റെ കാലത്ത് BSP നേടിയെടുത്ത ദലിത് മുസ്ലിം രാഷ്ട്രീയ ഐക്യം ഇന്നവര്‍ക്കിടയില്‍ ഇല്ല. ഒപ്പം അവര്‍ക്കിടയില്‍ ഒരിക്കലും തീരാത്ത പകയുടേയും വെറുപ്പിന്റെയും ശത്രുതയുടേയും വിത്തുകള്‍ വിതയ്ക്കാനും അവ കൊയ്യാനും ഇന്ന് സംഘപരിവാര്‍ ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് .അതുകൊണ്ട് തന്നെ ഉറപ്പിച്ചോളൂ ഇപ്പോള്‍ ബീഗം പൂരില്‍ നടന്ന ഈക്രൂരമായ കൊലപാതകം അതുകൊണ്ടൊന്നും അവസാനിക്കാന്‍ പോകുന്നില്ല. ഹിന്ദു മുസ്ലിം കലാപങ്ങളുടെ വലിയ ഒരുക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതിന്റെ ഒരു യവനികയുയര്‍ത്തല്‍ ആയി മാത്രം ഇതിനെ കണ്ടാല്‍ മതി. ഇനിയും കഥയറിയാതെ ആചാരവും പറഞ്ഞ് ദലിത് ആദിവാസി പിന്നോക്ക ജനതകള്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് പുറകില്‍ അണിനിരന്നാല്‍ എന്താണ് അവര്‍ക്ക് വരാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ദലിതര്‍ക്കും സവര്‍ണ്ണ ഹിന്ദുക്കള്‍ക്കും ഇടയില്‍ യോജിക്കാനുള്ള ഒരു ചെറുകാര്യം പോലുമില്ല.

കേരളത്തിലെ ദലിത് ആദിവാസി പിന്നാക്ക ജാതികള്‍ക്കിടയില്‍ എന്തൊക്കെ കള്ളങ്ങള്‍ ആയിരിക്കും സംഘപരിവാര്‍ ശക്തികള്‍ പറഞ്ഞു പരത്തുന്നതെന്ന് ആര്‍ക്കറിയാം. കേരളം നവോഥാന കേരളമാണ് പുരോഗമന പൂങ്കാവനമാണ് എന്നൊക്കെ ഗീര്‍വാണം വിട്ട് നാം ജീവിക്കുമ്പോള്‍ ഉറപ്പിച്ചോളൂ മുന്‍വാതിലില്‍ കൂടി തന്നെ ഈ നാടിനെ സംഘപരിവാര്‍ കടത്തിക്കൊണ്ടു പോകും. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകില്ല എന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. ഒരു ചെറിയ കാരണത്തിന്മേല്‍ ഗുജറാത്ത് പോലൊക്കെ ആകാന്‍ മാത്രം ഹിന്ദുത്വ മിലിറ്റന്‍സി നമ്മുടെ നാട്ടിലും വേരുപിടിച്ചിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് ശബരിമലയെ മുന്നില്‍ നിര്‍ത്തി ഭക്തരെന്ന പേരില്‍ സംഘപരിവാര്‍ കാട്ടിയ ശക്തി പ്രകടനം .ഇപ്പോള്‍ തെരുവില്‍ നടക്കുന്നതിനെ ഭക്തരുടെ സ്വാഭാവിക പ്രതിഷേധം എന്ന് പറഞ്ഞ് നാം തള്ളിക്കളയാന്‍ പാടില്ല. വലിയ ദുരന്തങ്ങള്‍ ഈ നാട്ടിലും വരാന്‍ പോകുന്നതിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ ആയി തന്നെ നാമീ പ്രതിഷേധങ്ങളെ വായിക്കണം .

Top