83 വര്‍ഷത്തിന് മുമ്പ് നാല് വിമാനങ്ങളിറങ്ങിയ കണ്ണൂര്‍; യാഥാര്‍ത്ഥ്യമാകുന്നത് ഒരു നാടിന്റെ സ്വപ്നം

വടക്കന്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങളെ വാനോളമുയര്‍ത്തിയയാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം നടക്കുന്നത്. വിവിധ കലാപരിപാടികളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം വന്‍വിജയമാക്കാന്‍ ആവേശകരമായ ഒരുക്കങ്ങളാണ്. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും ഉത്സവപ്രതീതിയാണ്.

നീണ്ട 83 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ വിമാനങ്ങള്‍ക്കായി വീണ്ടും വാതില്‍ തുറക്കുകയാണ്. എട്ടു പതിറ്റാണ്ടു മുന്‍പ് കോട്ടമൈതാനത്തു നാലു വിമാനങ്ങള്‍ ഒരുമിച്ച് ഇറക്കിയ പെരുമയുമുണ്ട് കണ്ണൂരിനു പറയാന്‍. അന്നു പരിമിതികളിലേക്കാണു വിമാനം പറന്നിറങ്ങിയതെങ്കില്‍ ലോകോത്തര സൗകര്യങ്ങളോടെ സജ്ജമായ മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് ഇനി വിമാനങ്ങളെത്തുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1938 ജനുവരി 18നായിരുന്നു കണ്ണൂരുകാരനായ പോത്തേരി ചെറുവാരി രാമചന്ദ്രന്‍ എന്ന എയര്‍ കമാന്‍ഡര്‍ പി.സി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോട്ടമൈതാനത്ത് വിമാനങ്ങള്‍ ഇറക്കിയത്. മുംബൈയില്‍ നിന്നു കൊളംബോയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബോംബെ ഫ്‌ലൈയിങ് ക്ലബ്ബിന്റെ നാലു ടൈഗര്‍മോത്ത് വിമാനങ്ങള്‍ ഇടത്താവളമെന്ന നിലയില്‍ കണ്ണൂരില്‍ ഇറങ്ങിയത്. നാലല്ല, നാല്‍പതിലേറെ വിമാനങ്ങള്‍ ഒന്നിച്ച് ഊഴംകാത്തുകിടക്കുന്ന തിരക്കേറിയ വിമാനത്താവളമെന്ന സ്വപ്നത്തിലേക്കാണ് കണ്ണൂര്‍ ചുവടൂന്നുന്നത്. റണ്‍വേ 4000 മീറ്ററിലേക്കു നീട്ടുന്നതോടെ ദീര്‍ഘദൂര വിമാനങ്ങള്‍ക്ക് കണ്ണൂര്‍ ഇടത്താവളമാകും.

83 വര്‍ഷം മുന്‍പു യാത്രാ വിമാനമിറങ്ങിയ ചരിത്രമുള്ള കണ്ണൂരിനു പക്ഷേ, പുതിയ രാജ്യാന്തര വിമാനത്താവളമെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള വഴി അത്ര സുഗമമായിരുന്നില്ല. ഉത്തര മലബാറിന്റെ വികസന മുരടിപ്പു പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട നാനാവിധ മരുന്നുകളിലൊന്നായി വിമാനത്താവളവും ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളേറെയായി. 1996 ഡിസംബറില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി സി.എം. ഇബ്രാഹിമിന്റെ പ്രഖ്യാപനത്തോടെയാണ് പ്രതീക്ഷയേറുന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന നായനാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍, മന്ത്രി പിണറായി വിജയനെ ചുമതല ഏല്‍പ്പിച്ചു. തൊട്ടടുത്ത വര്‍ഷം എയര്‍പോര്‍ട്ട് അതോറിറ്റി സാധ്യതാ പഠനം നടത്തി. ഭൂമി ഏറ്റെടുക്കലിന് 1998 മേയില്‍ മട്ടന്നൂരില്‍ ഓഫിസ് ആരംഭിച്ചു.

എന്നാല്‍ പുതിയൊരു വിമാനത്താവളം കൂടി ആവശ്യമില്ലെന്ന വാദവുമായി 2001ല്‍ പദ്ധതി പ്രവര്‍ത്തനം മരവിപ്പിക്കുകയും ഭൂമി ഏറ്റെടുക്കല്‍ ഓഫിസ് അടച്ചുപൂട്ടുകയും ചെയ്തു. അപ്പോഴും തളരാതെ ഉത്തരമലബാറുകാര്‍ വിമാനത്താവളത്തിനായി സമ്മര്‍ദം തുടര്‍ന്നുകൊണ്ടിരുന്നു. വിമാനത്താവളം യാഥാര്‍ഥ്യമാക്കുമെന്ന് 2004ല്‍ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ലോക്‌സഭയെ അറിയിച്ചതോടെയാണ് പ്രതീക്ഷകള്‍ക്കു വീണ്ടും ചിറകുമുളയ്ക്കുന്നത്. 2009ല്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) നിലവില്‍ വന്നു. 2010 ഡിസംബറില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തറക്കല്ലിട്ടു. 2014 ഫെബ്രുവരിയില്‍ റണ്‍വേ നിര്‍മാണം ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ. ആന്റണി നിര്‍വഹിച്ചു. 2014 ജൂലൈയില്‍ ടെര്‍മിനല്‍ കെട്ടിടം ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. 2016 ഫെബ്രുവരി 29നു പരീക്ഷണപ്പറക്കല്‍ നടത്തി.

2350 കോടി രൂപ ചെലവിലാണ് ഉത്തരമലബാറിന്റെ സ്വപ്ന പദ്ധതി ഒരുങ്ങിയിരിക്കുന്നത്. 3050 മീറ്റര്‍ റണ്‍വേ, 20 വിമാനങ്ങള്‍ക്കു പാര്‍ക്കിങ് സൗകര്യം, 6 എയ്‌റോബ്രിജുകള്‍, നാവിഗേഷനുവേണ്ടി ഡിവിഒആര്‍, മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎല്‍എസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റിക്ക് 5 കോടി രൂപ വീതം വിലയുള്ള നാലു ഫയര്‍ എന്‍ജിനുകള്‍ എന്നിവയെല്ലാം കണ്ണൂരിനെ വേറിട്ടുനിര്‍ത്തും. റണ്‍വേ നീട്ടുന്നതോടെ 22 വിമാനങ്ങള്‍ക്കു കൂടി പാര്‍ക്കിങ് സൗകര്യം ലഭ്യമാവും.

Top