വറുത്ത മീനിനെക്കുറിച്ച് റീമ സംസാരിച്ച ടെഡ് എക്‌സ് ടോക്ക് നമ്മൾ അറിഞ്ഞിരിക്കേണ്ടത്; ഒരു വിഷയം ലളിതമായി മനസിലാക്കാന്‍ എളുപ്പ മാര്‍ഗ്ഗം

റീമ കല്ലിങ്കലിന്റെ വിവാദമായ ‘വറുത്ത മീന്‍’ പരാമര്‍ശം ഉണ്ടായത് ടെഡ് എക്‌സ് ടോക്ക് എന്ന പരിപാടിയിലാണ്. സ്ത്രീകള്‍ വീടുകളില്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ചാണ് വറുത്ത മീന്‍ പരാമര്‍ശത്തിലൂടെ റീമ സംസാരിച്ചത്. തന്നിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്തിയ സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു നടി. പലരും സംഭാഷണം മുഴുവനായി കേട്ട് മനസിലാക്കാതെയാണ് ട്രോളുമായി ഇറങ്ങിയതെന്നതാണ് സത്യം.

തിരുവനന്തപുരത്തു നടന്ന ഒരു ടെഡ് എക്സ് ടോക്ക് ഇവന്റിലാണു റിമ മലയാള സിനിമയിലെ ആണ്‍കോയ്മയെ വറുത്തു കോരിയത്. അപ്പോള്‍ എന്താണു ടെഡ് എക്സ് ടോക്ക് എന്നു ചിലരെങ്കിലും ചോദിച്ചു തുടങ്ങി. യുവാക്കള്‍ക്കിടയില്‍ കുറഞ്ഞ കാലം കൊണ്ടു പ്രചാരം നേടിയെങ്കിലും ജനസാമാന്യത്തിന് അത്ര പരിചിതമല്ല ടെഡ്എക്സും ടെഡ് ടോക്കുമൊക്കെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെഡ് (TED)എന്ന ആഗോള സന്നദ്ധ സംഘടനയുടെ ബാനറില്‍ നടക്കുന്ന സ്വതന്ത്ര ഇവന്റുകളാണ് ടെഡ്എക്സ് ടോക്കുകള്‍. സ്വഭാവത്തിലും ജീവിത രീതിയിലും ലോകത്തു പൊതുവേ തന്നെയും മാറ്റങ്ങള്‍ വരുത്താന്‍ ശക്തിയുള്ള ആശയങ്ങള്‍ ഹ്രസ്വമായ പ്രസംഗങ്ങളിലൂടെ അവതരിപ്പിക്കുന്നതാണു ടെഡ് എക്സ് ടോക്കുകള്‍. ടെഡ്എക്സ് എന്തെന്ന് അറിയണമെങ്കില്‍ ആദ്യം ടെഡ് എന്താണെന്ന് അറിയണം.

സാങ്കേതിക വിദ്യ (ടെക്നോളജി), വിനോദം (എന്റര്‍ടെയ്ന്‍മെന്റ്), ഡിസൈന്‍ എന്നിവയുടെ ചുരുക്കെഴുത്താണ് ടെഡ്. (www.ted.com) ഈ മൂന്നു കാര്യങ്ങളെയും കുറിച്ചുള്ള ചെറു പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച സമ്മേളനമായി 1984ലാണു ടെഡിന്റെ തുടക്കം. റിച്ചാര്‍ഡ് സോള്‍ വര്‍മന്‍, ഹാരി മാര്‍ക്ക്സ് എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ടെഡ് സമ്മേളനം കാലിഫോര്‍ണിയയില്‍ സംഘടിപ്പിച്ചത്.

പ്രാസംഗികരുടെ നല്ല നിരയുണ്ടായിട്ടും സമ്മേളനം അത്ര വിജയിച്ചില്ല. പിന്നീട് ആറു വര്‍ഷത്തിനു ശേഷം 1990ല്‍ ഇവര്‍ വീണ്ടും ടെഡ് സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ സംഗതി വന്‍വിജയമായി. ശാസ്ത്രജ്ഞര്‍, തത്വചിന്തകര്‍, സംഗീതജ്ഞര്‍, സാഹിത്യകാരന്മാര്‍, മതനേതാക്കള്‍, അധ്യാപകര്‍, മനുഷ്യസ്നേഹികള്‍, ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, ന്യായാധിപര്‍ എന്നിങ്ങനെ പല മേഖലകളില്‍ നിന്നുള്ളവര്‍ ടെഡ് കോണ്‍ഫറന്‍സില്‍ ആശയങ്ങള്‍ പങ്കുവയ്ക്കാനെത്തി.

മാധ്യമ സംരംഭകനായ ക്രിസ് ആന്‍ഡേഴ്സണ്‍ 2001ല്‍ ടെഡിനെ ഏറ്റെടുക്കുന്നതോടെയാണു ടെഡ് ആഗോളതലത്തിലേക്കു ചിറക് വിരിച്ചു തുടങ്ങുന്നത്. മുന്‍പു ഒരു സ്ഥലത്തു ക്ഷണിക്കപ്പെട്ടവര്‍ക്ക് വേണ്ടി മാത്രം നടത്തിയ ടെഡ് സമ്മേളനങ്ങള്‍ ടെഡ്ഗ്ലോബല്‍(TedGlobal) എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നടത്താന്‍ തുടങ്ങി. ദൂരവ്യാപക ഫലങ്ങളുണ്ടാക്കാന്‍ കഴിയുന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ഓരോ വര്‍ഷവും ഒരു മില്യണ്‍ ഡോളര്‍ സമ്മാനവും ടെഡ് സമൂഹത്തിന്റെ സാങ്കേതിക സഹായവും നല്‍കുന്ന ടെഡ്പ്രൈസ് (TedPrize)ആരംഭിക്കുന്നതും ഈ കാലത്താണ്.

ടെഡ് പ്രസംഗങ്ങളുടെ ഓഡിയോ വിഡിയോ പോഡ്കാസ്റ്റ് പരമ്പരയായ ടെഡ് ടോക്സ് (https://www.ted.com/talks) ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമാക്കി തുടങ്ങിയതോടെ കൂടുതല്‍ പേരിലേക്കു ടെഡ് എത്തി. 2006 ജൂണ്‍ 27ന് ആറു ടെഡ് ടോക്കുകള്‍ ഓണ്‍ലൈനായി പോസ്റ്റ് ചെയ്തു. സെപ്റ്റംബറോടെ ഇവ 10 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. 2009 ഓടെ ടെഡ് ടോക്കുകളുടെ വ്യാപ്തി 100 ദശലക്ഷം കടന്നു. നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്നവരെ തിരഞ്ഞെടുത്തു സൗജന്യമായി ടെഡ് കോണ്‍ഫറന്‍സിന് എത്തിക്കുന്ന ടെഡ് ഫെലോ പ്രോഗ്രാം, ടെഡ് ടോക്കുകള്‍ 100ലധികം ഭാഷകളില്‍ പരിഭാഷപ്പെടുത്തുന്ന ടെഡ് ട്രാന്‍സിലേറ്റര്‍ പ്രോഗ്രാം തുടങ്ങിയ പിന്നാലെയെത്തി.

ടെഡ് ടോക്കുകള്‍ക്കു സമാനമായ ഇവന്റുകള്‍ പ്രാദേശികമായി സംഘടിപ്പിക്കാന്‍ അനുവാദം നല്‍കുന്ന ടെഡ് എക്സ് ഇവന്റുകള്‍ ആരംഭിക്കുന്നത് 2009ലാണ്. ഒറിജിനല്‍ ടെഡ് ടോക്ക് വിഡിയോകള്‍ക്കൊപ്പം പ്രദേശത്തുള്ള ആളുകളുടെ പ്രസംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ ഫോര്‍മാറ്റ്.

ഇന്ത്യയില്‍ 2009 ഫെബ്രുവരി 15ന് മുംബൈയിലാണ് ആദ്യമായി ടെഡ് എക്സ് ഇവന്റ് സംഘടിപ്പിക്കുന്നത്. അതേ വര്‍ഷം ഡിസംബര്‍ ഏഴിന് എറണാകുളത്തു കേരളത്തിലെ ആദ്യ ടെഡ്എക്സ് ഇവന്റ് നടക്കുന്നു. ആയിരക്കണക്കിനു ടെഡ്എക്സ് ഇവന്റുകളാണ് ഇന്ത്യയിലെ പല പട്ടണങ്ങളിലും നഗരങ്ങളിലുമായി ഇപ്പോള്‍ നടന്നു വരുന്നത്.

പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും ആശയങ്ങളെ ആഘോഷിക്കുന്നതിനും പഠനസംബന്ധിയായ വിഡിയോകള്‍ സൗജന്യമായി ആഗോളതലത്തില്‍ ലഭ്യമാക്കുന്നതിനും ടെഡ് 2012ല്‍ ആരംഭിച്ചതാണ് ടെഡ് എഡ്(https://ed.ted.com). ലോകമെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ കിടുക്കന്‍ ആശയങ്ങള്‍ ചെറിയ, ടെഡ് സ്റ്റൈല്‍ സംഭാഷണങ്ങളാക്കി ചിത്രീകരിച്ച് ഇതില്‍ നല്‍കാം. വിദ്യാഭ്യാസ സംബന്ധിയായ നിരവധി വീഡിയോകള്‍ ടെഡ് എഡ് വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ടെഡ് എഡ് പ്രയോജനപ്പെടുത്തുന്നതിന് ടെഡ് എഡ് ക്ലബുകളും ഇതിലൂടെ ആരംഭിക്കാവുന്നതാണ്. 13 വയസ്സിനു മേലുള്ള ആര്‍ക്കും ഇതിനായി അപേക്ഷ നല്‍കാം.

Top