നവവരന്റെ അശ്രദ്ധ കവര്‍ന്നത് നവവധുവിന്റെ ജീവന്‍…

ഷാര്‍ജ: വാഹനം ഓടിക്കുന്നതിനിടയില്‍ നവവരന്റെ ഒരു നിമിഷത്തെ അശ്രദ്ധ കവര്‍ന്നത് നവവധുവിന്റെ ജീവന്‍. തിങ്കളാഴ്ച ഷാര്‍ജയിലുണ്ടായ അപകടത്തിലാണ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് ഷാര്‍ജയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹുയാം(25) എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് അബ്ദുല്ല അല്‍ ജലാഫിനൊപ്പം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

ഗുരുതര പരുക്ക് പറ്റിയ ജലാഫ് അല്‍ ഖ്വാസമി ആശുപത്രിയില്‍ ഐസിയുവില്‍ ആണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ നിന്നും എമിറേറ്റ്‌സ് റോഡിലൂടെ വാഹനം ഓടിച്ച് വരുമ്പോഴായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് ട്രാഫിക് നിയമം തെറ്റിച്ചതാണ് അപകടകാരണം. അതോടെ പിന്നില്‍ നിന്നും പെട്ടെന്ന് വന്ന ഒരു ട്രക്ക് വന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞുവെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

വരനും വധുവും ഹണിമൂണ്‍ ആഘോഷിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അപകടത്തില്‍ മരിച്ച യുവതിക്ക് അനുശോചനം അറിയിക്കാന്‍ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

Latest
Widgets Magazine