രണ്ട് പേര്‍ക്കെതിരെയും നടപടി!!! പികെ ശശിക്കെതിരായി നടപടി ഉണ്ടാകും; ഗൂഢലോചനക്കെതിരെയും നടപടി

പികെ ശശി എംഎല്‍എക്കെതിരെയുള്ള ലൈംഗീക പീഡന പരാതിയില്‍ സിപിഎം അന്വേഷണം പൂര്‍ത്തിയായി. പികെ ശശിക്കെതിരെ നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയിലെ ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് പരാതിക്കാരി. സിപിഎം പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ശ്രീമതിയും എ കെ ബാലനുമാണ് പരാതി അന്വേഷിച്ചത്.

പരാതിക്കാരിയില്‍നിന്നും ശശിയില്‍നിന്നും രണ്ടു തവണ വീതം അന്വേഷണക്കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. പരാതിയില്‍ പ്രതിപാദിച്ചിരുന്ന വ്യക്തികളില്‍നിന്നും മൊഴിയെടുത്തു. ഇവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന സി പി എമ്മിന്റെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വെക്കും.

ഈ യോഗത്തിലായിരിക്കും ശശിക്കെതിരെ എന്തു നടപടി വേണമെന്ന കാര്യത്തില്‍ ഔപചാരികമായി തീരുമാനമെടുക്കുക. എന്നാല്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടേറിയേറ്റിന് അധികാരമില്ല. സംസ്ഥാന കമ്മറ്റിക്കാണ് നടപടി സ്വീകരിക്കാന്‍ അധികാരമുള്ളത്. ശനിയാഴ്ച നടക്കുന്ന സി പി എം സംസ്ഥാന കമ്മറ്റിയിലാകും ശശിക്കെതിരെ നടപടി തീരുമാനിക്കുക.

ലൈംഗിക പീഡന പരാതി ആയതിനാലും പരാതിയില്‍ യുവതി ഉറച്ചു നില്‍ക്കുന്നതു കൊണ്ടും ശശിക്കെതിരെ നടപടി ഉറപ്പാണെന്നാണ് സൂചന. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് പരാതിയെന്നാണ് ശശിയുടെ വാദം. ഇതേക്കുറിച്ചും പാര്‍ട്ടി അന്വേഷണക്കമ്മീഷന്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ശശിക്കെതിരായ പരാതി പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ മറ്റു ചിലര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.

Latest
Widgets Magazine