റെയ്ഡിനെത്തിയ പോലീസിന്റെത് ജാതീയമായ ചോദ്യങ്ങള്‍; സിന്ദൂരം ധരിക്കാത്തതും പാരമ്പര്യം പിന്തുടരാത്തതും പ്രശ്‌നമെന്ന് പോലീസ്

സവര്‍ണ്ണര്‍ക്കെതിരെയും ബ്രാഹ്മണ്യ ശക്തികള്‍ക്കെതിരെയും നീക്കം നടത്താനായിരുന്നു അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ശ്രമമെന്ന് പോലീസ്. ഇതിനായി ദലിതരെയും മുസ്ലീങ്ങളെയും ഏകോപിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിനെ ന്യായീകരിച്ചാണ് പൂണെ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജൂണില്‍ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ നിന്നാണ് ഇതു സംബന്ധിച്ച രഹസ്യരേഖ ലഭിച്ചതെന്നാണ് പോലീസ് ഭാഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പോലീസ് നടത്തിയത് ക്രൂരമായ ഇടപെടാണെന്ന് റെയ്ഡ് ചെയ്യപ്പെട്ട പ്രമുഖ അദ്ധ്യാപകന്‍ പ്രൊഫ. സത്യനാരായണ വെളിപ്പെടുത്തി. പോലീസ് ജാതീയമായ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെയെല്ലാം നിശബ്ദമാക്കുക എന്ന അജണ്ടയാണ് ഈ അറസ്റ്റുകള്‍ക്ക് പിനനിലെന്ന് വ്യാപക വിമര്‍ശനം ഉയരുകയാണ്.

”നിങ്ങളുടെ ഭര്‍ത്താവ് ദളിതനാണ്, അതുകൊണ്ട് അദ്ദേഹം പരമ്പരാഗതമായ ഒന്നും പിന്തുടരുന്നില്ല. പക്ഷേ, നിങ്ങള്‍ ബ്രാഹ്മണസ്ത്രീയാണ്. പരമ്പരാഗത ഭാര്യയുടെ വേഷം നിങ്ങള്‍ ധരിക്കാത്തതെന്ത്? സിന്ദൂരം തൊടാത്തത് എന്തുകൊണ്ടാണ്? അച്ഛന്റെ വഴിയില്‍ത്തന്നെയാണോ മകള്‍.” ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാലയിലെ കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗം തലവന്‍ പ്രൊഫ. കെ സത്യനാരായണയുടെ ഭാര്യ കെ പവനയോട് പൊലീസ് ഉദ്യോഗസ്ഥന്‍ ഉന്നയിച്ച ചോദ്യങ്ങളാണിവ.

ബിജെപി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത വിപ്ലവകവി വരവരറാവുവിന്റെ മകളാണ് പവന. സര്‍വകലാശാല ക്യാമ്പസിലെ തന്റെ ക്വാര്‍ട്ടേഴ്‌സില്‍ റെയ്ഡ് നടത്തിയ പൊലീസുകാര്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ തികഞ്ഞ പരാക്രമമാണ് കാട്ടിയതെന്ന് പ്രൊഫ. സത്യനാരായണ പറഞ്ഞു.

അനാവശ്യവും പ്രകോപനപരവുമായ ചോദ്യങ്ങളാണ് പൊലീസുകാര്‍ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 2025 വര്‍ഷത്തെ ഗവേഷണവിവരങ്ങള്‍ കപ്യൂട്ടറുകളില്‍ സൂക്ഷിച്ചിരുന്നത് പൊലീസ് പിടിച്ചെടുത്തു. ഗവേഷണവിദ്യാര്‍ഥികള്‍ക്ക് നല്‍കാനിരുന്ന പരിശീലനസാമഗ്രികളും പൊലീസ് കൊണ്ടുപോയി. സമ്മര്‍ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും ജി മെയില്‍ അക്കൗണ്ട് പാസ്വേര്‍ഡ് പൊലീസ് ചോദിച്ചറിഞ്ഞു. ഭാര്യാപിതാവിനെ നേര്‍വഴിയില്‍ നയിക്കണമെന്ന് ഉപദേശിച്ച് പൊലീസ് തന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ചുവന്ന പുറംചട്ടയുള്ള പുസ്തകങ്ങളെക്കുറിച്ച് പൊലീസ് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു.

വരവരറാവുവിനെ ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് മഹാരാഷ്ട്ര പൊലീസിന്റെ 20 അംഗസംഘം തെലങ്കാന പൊലീസിന്റെ അകമ്പടിയോടെ ക്യാമ്പസിലെത്തിയത്. തന്റെ താമസസ്ഥലമാകെ കൊള്ളയടിച്ച അവസ്ഥയിലാണെന്ന് പ്രൊഫ. സത്യനാരായണ പറഞ്ഞു.

Top