നടന്‍ അജയ് ദേവ്ഗണിന്റെ വ്യാജമരണ വാര്‍ത്ത വാട്‌സാപ്പില്‍ വൈറല്‍

സോഷ്യല്‍മീഡിയയില്‍ താരങ്ങളുടെ വ്യാജമരണവാര്‍ത്ത പ്രചരിക്കുന്നത് വ്യാപകമാകുകയാണ്. നിരവധി തവണ ജഗതിയെയും സലീംകുമാറിനെയും കൊന്ന സോഷ്യല്‍മീഡിയയുടെ പുതിയ ഇര ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ ആണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതായി വാട്ട്‌സ്ആപ്പില്‍ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അജയ് മരിച്ചതായാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. സിനിമയില്‍ നിന്നെടുത്ത അജയ് ദേവ്ഗണിന്റെ പരുക്കേറ്റ ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

എന്നാല്‍, ഇത്തരത്തിലൊരു ഹെലികോപ്റ്റര്‍ അപകടമേ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൊലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഏതാണ്ട് ഒരാഴ്ച്ചയായി അജയ് ദേവ്ഗണിന്റെ മരണവാര്‍ത്ത പ്രചരിക്കുന്നുണ്ട്. വ്യാജവാര്‍ത്തയുടെ ഉറവിടം എതാണെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

അകിവ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അജയ് ദേവ്ഗണ്‍ ഇപ്പോള്‍ മുംബൈയില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest
Widgets Magazine