മയക്കുമരുന്നുമായി സിനിമ നടൻ അറസ്റ്റിൽ; തലശ്ശേരിയിൽ കുടുങ്ങിയത് ചെറിയ കണ്ണി 

ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് എവിടേയും എത്തിയില്ല. പിന്നീടും കേരളത്തില്‍ പലയിടങ്ങളില്‍ നിന്നായി മയക്കുമരുന്നുകള്‍ പിടിച്ചിരുന്നു. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത തലശ്ശേരിയില്‍ നിന്നാണ്. മാരക മയക്കുമരുന്നുമായി സിനിമ നടന്‍ അറസ്റ്റിലായി എന്നാണ് വാര്‍ത്ത. ഇതിന് പിന്നിലും വലിയ മാഫിയ ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മയക്കമരുന്ന് കേസില്‍ അറസ്റ്റിലായ മിഹ്‌റാജ തലശ്ശേരിയിലെ സെയ്ദാര്‍പള്ളി സ്വദേശിയാണ്.  35 കാരനായ മിഹ്‌റാജ് കാത്താണ്ടിയാണ് ഇപ്പോള്‍ പിടിയില്‍ ആയിട്ടുള്ളത്. ഇയാള്‍ ഒട്ടേറെ ആല്‍ബങ്ങളിലും മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

എക്‌സൈസ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ ക്വാഡിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇയാളെ പിടികൂടിയത്. മെഥലിന്‍ ഡയോക്‌സി മെത്ത് ആഫിറ്റാമിന്‍ (എംഡിഎംഎ), നിരോധിച്ച ഗുളിക സ്പാസ്‌മോപ്രോക്‌സിവോണ്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ആയിരം മില്ലി ഗ്രാം എംഡിഎംഎ ആയിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഏഴര ഗ്രാം സ്പാസ്‌മോ പ്രോക്‌സിവോണും ഉണ്ടായിരുന്നു. വന്‍ വില വരുന്ന മയക്കുമരുന്നാണ് എംഡിഎംഎ. മോളി എന്നും എക്‌സ്റ്റസി എന്നും ഉള്ള പേരുകളില്‍ ആണ് ലഹരി ഉപഭോക്താക്കളില്‍ ഇത് അറിയപ്പെടുന്നത്.

ഡിജെ പാര്‍ട്ടികളിലും മറ്റുമാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പാര്‍ട്ടി ഡ്രഗ് എന്ന ഓമനപ്പേരും ഇതിനുണ്ട്. ചെറിയ അളവില്‍ പോലും ഈ മയക്കുമരുന്ന് ശരീത്തില്‍ ചെന്നാല്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ആറ് മുതല്‍ 12 മണിക്കൂര്‍ വരെ ആണ് ഇതിന്റെ ‘എഫക്ട്’ അനുഭവപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മില്ലി ഗ്രാം കൈവശം വയ്ക്കുന്നത് തന്നെ ജാമ്യമില്ലാത്ത കുറ്റമാണ്.

ഈ മയക്കുമരുന്നുകളുടെ സ്ഥിരമായ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. കിഡ്‌നി ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് കേട് സംഭവിക്കാം. കൂടാതെ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. വടക്കേ മലബാര്‍ ലഹരി കേന്ദ്രമായിട്ട് കുറച്ച് കാലമായി. അടുത്തിടെ പഴയങ്ങാടിയില്‍ നിന്നും ഇതേ മരുന്നുമായി മറ്റൊരു യുവാവിനെ പിടികൂടിയിരുന്നു. കണ്ണൂര്‍ കേന്ദ്രീകരിച്ച് വലിയ ലഹരി മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest
Widgets Magazine