ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്   | Daily Indian Herald

ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്  

മുംബൈ: മറാഠി നടന്‍ പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്നുവീണ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കല്‍ ട്രയിനില്‍ ഫൂട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന പ്രഫുല്‍ ട്രയിനില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു.  തുടര്‍ന്ന് ട്രാക്കില്‍ നിന്നാണ് പ്രഫുലിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിനെ കണ്ട ശേഷം ഗിര്‍ഗാമിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങാനായി മലാഡ് സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയതാണ് പ്രഫുല്‍. ബാലനടനായി അഭിനയം തുടങ്ങിയ പ്രഫുല്‍ സീ ടിവിയിലെ കുങ്കു എന്ന പരമ്പരയിലൂടെയാണ് ജനപ്രിയനായത്.  തു മജാ സംഗതി, നകുഷി, ജ്യോതിബാ ഫുലേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. പ്രഫുല്‍ അഭിനയിച്ച ബാരായണ്‍ എന്ന സിനിമ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതേസമയം സംഭവം ആത്മഹത്യയാണോ, അപകടമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.

Latest
Widgets Magazine