ആദ്യ സിനിമ കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ കേട്ട കഥകള്‍ കരയിച്ചു: തുറന്ന് പറഞ്ഞ് അനുശ്രീ

സിനിമയില്‍ വന്ന കാലത്ത് നാട്ടില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നടിച്ച് പ്രശസ്ത മലയാള നടി അനുശ്രീ രംഗത്തെത്തി. ആദ്യ സിനിമ അഭിനയിച്ച് തിരികെ നാട്ടില്‍ ചെന്നപ്പോള്‍ അവിടെ പരന്ന കഥകള്‍ കേട്ട് കരഞ്ഞിട്ടുണ്ടെന്ന് മലയാളിയുടെ പ്രിയ നടി വ്യക്തമാക്കി.

ഇപ്പോള്‍ നാട്ടുകാര്‍ മുഴുവനും എനിക്ക് പിന്തുണ നല്‍കുന്നുണ്ട്. പക്ഷേ, ആദ്യകാലം മറക്കാന്‍ ആകില്ല. ‘ഡയമണ്ട് നെക്ലസ്’ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവിടെ പരന്ന പല കഥകള്‍ കേട്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. കുറേനാള്‍ കഴിഞ്ഞ് എന്നെ ആദരിക്കാന്‍ നാട്ടില്‍ ഒരു അനുമോദനയോഗം നടന്നു. ആ സ്റ്റേജില്‍ വച്ച് ഞാനതുവരെ അനുഭവിച്ചതെല്ലാം തുറന്നു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇനിയെന്നെ ആരും പൊക്കി വിടേണ്ട. അതിനുള്ള സമയം ഉണ്ടായിരുന്നു. ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല. എനിക്ക് എന്തു ചെയ്യാം, എന്തു പറ്റില്ല എന്നത് സിനിമയിലൂടെ തെളിയിച്ചു കഴിഞ്ഞു. പക്ഷേ, വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പിന്തുണ ആഗ്രഹിച്ച സമയം ഉണ്ടായിരുന്നു. അന്ന് എനിക്കത് കിട്ടിയില്ല.’ ഇത്രയും പറഞ്ഞ് ആ വേദിയില്‍ പൊട്ടിക്കരഞ്ഞു. കേട്ടിരുന്നവരും കരഞ്ഞു. യോഗം നടക്കുന്ന സ്ഥലത്തേക്ക് അച്ഛന്‍ വരുമ്പോള്‍ മൈക്കിലൂടെ എന്റെ കരച്ചിലാണ് കേട്ടത്. അച്ഛന്‍ അവിടെ കയറാതെ തിരിച്ചുപോയി.

അന്നൊക്കെ അത്താണി എന്നു പറയാന്‍ ലാല്‍ജോസ് സാറെ ഉള്ളൂ. വീടിനടുത്ത് ഒരു അലക്കുകല്ലുണ്ട്. അവിടെ പോയി നിന്ന് നാട്ടുകാര്‍ ഇങ്ങനെ പറയുന്നെന്നു പറഞ്ഞ് കരയും. ‘അനുവിന്റെ ഫോണ്‍ വന്നാല്‍ അത് കരയാനായിരിക്കും’ എന്നു സാര്‍ പറയാറുണ്ടായിരുന്നു. ‘അനുജത്തിയാണ്, ചേച്ചിയാണ്, കൂട്ടുകാരിയാണെന്ന് നീ അറിയാത്ത ആളുകള്‍ പോലും പറയുന്ന ഒരു കാലം വരും, അതിനായി കാത്തിരിക്കൂ’ എന്നാണ് അന്ന് സാര്‍ പറഞ്ഞുതന്നത്. അതിപ്പോള്‍ സത്യമായി.- അനുശ്രീ പറയുന്നു.

Top