നടിയെ ആക്രമിച്ച കേസില്‍ കാവ്യ മുപ്പത്തിനാലാം സാക്ഷി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കാവ്യാ മാധവനും സാക്ഷി. കേസിലെ മുഖ്യ പ്രതിയായ ദിലീപിന്റെ ഭാര്യകൂടിയായ കാവ്യയെ മുപ്പത്തിനാലാം സാക്ഷിയായാണ് കുറ്റപത്രത്തില്‍ കാണിച്ചിരിക്കുന്നത്. കേസില്‍ ദിലീപിന് എതിരായേക്കാവുന്ന രീതിയില്‍ കാവ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതാകാം സാക്ഷിയാക്കാന്‍ കാരണമെന്നാണ് സൂചന. നടിയുമായി ദിലീപ് വഴക്കുണ്ടായിരുന്നതായും പോലീസ് ബുധനാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാവ്യയുമായി ദിലീപിന് അവിഹിത ബന്ധമുണ്ടെന്ന് നടി മഞ്ജു വാര്യരോട് പറഞ്ഞെന്ന് ആരോപിച്ചായിരുന്നു വഴക്ക്. സിനിമാ മേഖലയിലെ ചിലര്‍ ഇതിന് സാക്ഷിയായിട്ടുണ്ട്. നടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി വാഹനത്തില്‍ പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നെങ്കിലും പദ്ധതി പാളുകയായിരുന്നു. നടി വിവാഹിതയാകുന്നതിന് മുന്‍പ് കൃത്യം നടത്താന്‍ ദിലീപ് പള്‍സര്‍ സുനിയെ നിര്‍ബന്ധിച്ചതായും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയ പല വിവരങ്ങളും ഇതുവരെ പുറത്തുവരാത്ത കാര്യങ്ങളാണ്. ക്രൂരമായ പീഡനത്തിന് നടിയെ ഇരയാക്കിയതായും കേട്ടുകേള്‍വിയില്ലാത്ത ക്വട്ടേഷന് ദിലീപ് കോടികള്‍ വാഗ്ദാനം ചെയ്തതായും കുറ്റപത്രം വ്യക്തമാക്കുന്നു. ആറുമാസമെടുത്താണ് കേസില്‍ തുടരന്വേഷണം പോലീസ് പൂര്‍ത്തിയാക്കുന്നത്.

Latest
Widgets Magazine