നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന

യുവ നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രത്തില്‍ മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാല്‍ അവര്‍ ചില അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്നാണ് സൂചന. തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പൊലീസ് കോടതിയില്‍ നല്‍കുക. വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. ദിലീപ് ഹാജരാക്കിയ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പുതിയ കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ദിലീപ് ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും അവിടെ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍. കുറ്റപത്രത്തില്‍ മുന്നൂറിലേറെ സാക്ഷികളും 450 രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഡാലോചനയില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആദ്യം ഒന്നാം പ്രതിയാക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ആദ്യകുറ്റപത്രം പൊളിച്ചുപണിയേണ്ടി വരുന്നതിനാലാണിത്തരം കാരണത്താലുമാണ് ഇത് മാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതില്‍ ഒന്നാം പ്രതി പള്‍സര്‍സുനിയായിരുന്നു തുടര്‍ന്ന് മറ്റ് അഞ്ചു ആളുകളും ഉണ്ടായിരുന്നു. ഇതിന് പുറമെ വിചാരണവേളയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും പോലീസ് വിലയിരുത്തലുണ്ട്. പിന്നീട്, നിലവിലെ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പു സാക്ഷിയാക്കിയ ശേഷം ദിലീപിനെ ഏഴാം പ്രതിയാക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, ചാര്‍ലി ഇതിന് തയ്യാറാക്കാത്തതിനെ തുടര്‍ന്നാണ് ദിലീപിനെ വീണ്ടും എട്ടാം പ്രതിയാക്കാന്‍ തീരുമാനിച്ചത്.

Top