പള്‍സര്‍ സുനിക്കായുള്ള അന്വേഷണം കാമുകിമാരിലേയ്ക്കും; പ്രതി രക്ഷപ്പെട്ടത് പോലീസിന്റെ അനാസ്ഥകാരണം, സിസിടിവിയില്‍ ദൃശ്യങ്ങളില്ല

കൊച്ചി: നടിയെ ആക്രമിച്ച് വീഡിയോയും ഫോട്ടോയും എടുത്ത കേസ്സില്‍ പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെക്കുറിച്ചാണ് ഗുണകരമായ ചില തെളിവുകള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. സുനിക്ക് രണ്ടു കാമുകിമാരുണ്ടെന്നും ഒളിവിലായ ശേഷം ഇയാള്‍ കാമുകിമാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സുനിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് പോലീസിന്റെ നീക്കം.
സുനി രണ്ടു കാമുകിമാരെ തുടര്‍ച്ചയായി വിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. സുനിയ്ക്ക് ഒളിവില്‍ പോകാന്‍ ഇവര്‍ സഹായം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കാമുകിമാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ സുനിയ്ക്ക് രക്ഷപ്പെടാനുള്ള വഴി തുറന്നിട്ട്ത് പോലീസിന്റെ അനാസ്ഥയാണെന്നും വിമര്‍ശനം ഉയരുന്നു. അമ്പലപ്പുഴയിലെത്തി സുഹൃത്തില്‍ നിന്ന് പണം വാങ്ങിപ്പോയ അവസരത്തിലും പോലീസ് എത്താന്‍ വൈകിയതാണ് സുനിയെ പിടികൂടാനാകാത്തത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തൃക്കാക്കര അസി. കമ്മിഷണര്‍ക്ക് നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചു.. ഏതാണ്ട് ഇതേസമയംതന്നെ ലാല്‍ ഇക്കാര്യം ഡി.ജി.പി. ലോക്നാഥ് ബഹ്റയെ വിളിച്ചറിയിച്ചു. അരമണിക്കൂറിനുള്ളില്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയും സ്ഥലത്തെത്തി. എന്നാല്‍, അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ പിന്നെയും രണ്ടു മണിക്കൂറെടുത്തു. അങ്ങനെയെങ്കില്‍ പോലീസിന്റെ ഭാഗത്തുനിന്നു വിവരങ്ങള്‍ വിനിമയംചെയ്യപ്പെട്ടതില്‍ വീഴ്ചവന്നുവെന്ന് അനുമാനിക്കണം.

രാത്രി 12.30-ന് സുനി ഗാന്ധിനഗര്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷിക്കുന്നുവെന്ന് വിവരം കിട്ടിയതോടെ മുങ്ങി. വിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചതോടെയാണ് പോലീസ് ഉണര്‍ന്നത്. തുടക്കത്തില്‍ വ്യക്തിപരമായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായുള്ള സംഭവമെന്ന മട്ടിലാണ് പോലീസ് ഇത് കൈകാര്യം ചെയ്തതെന്നാണ് സൂചന. ഗൗരവം മനസ്സിലായതോടെ പ്രധാനകേന്ദ്രങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചു. പക്ഷേ, അപ്പോഴേക്കും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ആവോളം സമയം കിട്ടി. മൂന്നുമണിയോടെയാണ് ദേശീയപാതയില്‍ പോലീസ് പരിശോധന തുടങ്ങിയത്. മണികണ്ഠനും വിജീഷും സുനിക്കൊപ്പമില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.

ദേശീയ പാതയിലുള്ള സിസിടിവി ക്യാമറകളും സംഭവത്തിന്റെ ദൃശ്യം പകര്‍ത്തിയിട്ടില്ല എന്നാണ് വിവരം. ഇതും വന്‍ സുരക്ഷാ വീഴ്ച്ചയായി മാറുന്നു. ദേശീയപാതയിലുടനീഷം സ്ഥാപിച്ചിരിക്കുന്ന സിസിടിവികളില്‍ അക്രമികളുടെ വാഹനം പതിഞ്ഞിട്ടില്ല. പോലീസ് ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ ശനിയാഴ്ച വൈകീട്ട് സുനിയും മറ്റു പ്രതികളും അങ്കമാലിയിലെത്തി അഭിഭാഷകനെ കണ്ടു എന്ന വിവരം പോലീസിനെ കുഴക്കുന്നുണ്ട്. ഇത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചു സംഘങ്ങള്‍ സുനിക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

Top