രണ്ട് സിനിമയിൽ നായികയാക്കാം; പകരം മകളുടെ പ്രായമുള്ള നടിയോട് സംവിധായകൻ ആവശ്യപ്പെട്ടത്

കാസ്റ്റിങ് കൗച്ച് എല്ലാ ഇൻഡസ്ട്രിയുടെയും ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വാർത്തകൾ. മറാത്തി സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മറാത്ത നടി. രണ്ട് സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞ് സംവിധായകൻ തന്നോട് അയാൾക്ക് വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതായി നടി പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 19കാരിയായ കൊറിയോഗ്രാഫർ കൂടിയായ നടി പോലീസിൽ പരാതി നൽകി. കലേവാഡിയിൽ ചിരാഗ് സ്റ്റുഡിയോ നടത്തുന്ന അപ്പ പവാർ എന്നയാൾക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

പ്രശസ്തയാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നതായി നടി പറയുന്നു. എന്നാൽ അന്തസ് ആർക്കും അടിയറവ് വൈക്കാൻ തയ്യാറല്ലെന്നും നടി പറയുന്നു. നിരവധി സംഗീത ആല്‍ബങ്ങൾക്കും ഷോകൾക്കും കൊറിയോഗ്രഫി ചെയ്തയാളാണ് പരാതിക്കാരിയായ നടി.

ആരോപണവിധേയനായ സംവിധായകന്റെ പുതിയ ചിത്രത്തിന് പുതുമുഖങ്ങളെ തേടുന്നുവെന്ന് അറിഞ്ഞിരുന്നു. ഇതനുസരിച്ച് സംവിധായകനെ വിളിച്ചിരുന്നുവെന്നും അപ്പോൾ സ്ക്രീൻ ടെസ്റ്റിന് ഹാജരാകാൻ പോയെന്നും നടി പറയുന്നു.

ഓഗസ്റ്റ് നാലിനായിരുന്നു സ്ക്രീൻ ടെസ്റ്റ് നടന്നതെന്ന് നടി പരാതിയിൽ പറയുന്നു. സംവിധായകനും രണ്ട് നിർമ്മാതാക്കളും അപ്പോൾ അവിടെ ഉണ്ടായിരുന്നതായി നടി വ്യക്തമാക്കുന്നു.

ഓഗസ്റ്റ് ആറിന് സംവിധായകന്റെ ഓഫീസിൽ നിന്ന് വിളി വന്നതനുസരിച്ച് താനവിടെ പോയിരുന്നുവെന്ന് നടി പറയുന്നു. തന്നെ ചിത്രത്തിലെ രണ്ടാമത്തെ നായികയായി തിരഞ്ഞെടുത്തുവെന്ന് സംവിധായകന്റെ അസിസ്റ്റന്റ് ആകാശ് അറിയിച്ചു ഗണേശ ചതുർഥിക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഇയാൾ പറഞ്ഞതായി നടി പറയുന്നു.

അതേസമയം ചിത്രത്തിൽ അഭിനയിക്കുന്നതിന് തനിക്ക് പ്രതഫലം തരില്ലെന്നും എന്നാൽ നല്ലൊരു അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണമെന്നും അയാൾ പറഞ്ഞതായി നടി പറയുന്നു.

അതിനു ശേഷം സംവിധായകനായ പവാർ തന്നെ അയാളുടെ കാബിനിലേക്ക് വിളിച്ചുവെന്നും അവിടെ വച്ചാണ് തന്നോട് വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതെന്നും നടി പറയുന്നു. ഇത്തരത്തിലൊന്ന് അയാളിൽ നിന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാൽ പെട്ടെന്ന് കരഞ്ഞുപോയെന്നും നടി വ്യക്തമാക്കുന്നു.

ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കാൻ സംവിധായകൻ പറഞ്ഞു. എന്നാൽ പറ്റില്ലെന്ന് പറഞ്ഞ് താൻ അവിടെ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് നടി പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംവിധായകൻ പവാർ ഒളിവിലാണെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥ സബ്ഇൻസ്പെക്ടർ സംഗീത ഗോഡെ പറഞ്ഞു.

Latest
Widgets Magazine