തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്യുന്ന സെലിബ്രിറ്റികള്‍ക്കും പിഴയും വിലക്കും ; ഉപഭോക്തൃസംരക്ഷണ നിയമം ശക്തമാകുന്നു

 

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നിര്‍മിക്കുന്ന കമ്പനിക്കും പരസ്യത്തില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഇനി പണി കിട്ടും. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രി സഭയോഗത്തിന്റെ അനുമതി ലഭിച്ചു. ഉപഭോക്തൃസംരക്ഷണ നിയമത്തിനെതിരായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്നവര്‍ക്കും പരസ്യത്തില്‍ അഭിനയിക്കുന്ന സെലിബ്രറ്റികള്‍ക്കും ശിക്ഷ ലഭിക്കുന്ന രീതിയിലാണ് നിയമം ഭേദതഗി ചെയ്തിരിക്കുന്നത്. ആദ്യത്തെ തവണ തെറ്റിച്ചാല്‍ 10 ലക്ഷം രൂപയും ഒരു വര്‍ഷം വരെ വിലക്കുമാണ് ശിക്ഷ. രണ്ടാം തവണ നിയമലംഘനം നടത്തിയാല്‍ 50 ലക്ഷം വരെ പിഴയും 3 വര്‍ഷം വരെ വിലക്കും ഏര്‍പ്പെടുത്തും. ഉല്‍പന്നങ്ങള്‍കൊണ്ട് ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്കും പരാതി നല്‍കാനുള്ള വ്യവസ്ഥകളുമുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് നേരെ പ്രൊട്ടക്ഷന്‍ അതോറിറ്റി നിയമനടപടി സ്വീകരിക്കും. 1986മുതല്‍ നിലനിന്നിരുന്ന 30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃസംരക്ഷണ നിയമത്തിലാണ് ഇതോടെ ഭേദഗതികള്‍ വരുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് മാത്രമല്ല, ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാവുന്ന വകുപ്പുകളും നിയമഭേദഗതിയിലുണ്ടാകും.

Latest