കോൺഗ്രസ്‌ അധികാരത്തിൽ എത്തിയാൽ രാജ്യത്തെ മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളും, ജി എസ് ടി പൊളിച്ചെഴുതും

ന്യുഡൽഹി:2019ൽ കോൺഗ്രസ്‌ അധികാരത്തിൽ എത്തിയാൽ രാജ്യത്തെ മുഴുവൻ കാർഷിക കടങ്ങളും എഴുതിത്തള്ളുമെന്നു കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് പ്രചാരണം ഉത്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. നരേന്ദ്രമോഡി സർക്കാർ കൊണ്ടു വന്ന ജി എസ് ടി പൊളിച്ചെഴുതുമെന്നും പുതിയ ജി എസ് ടി കൊണ്ടുവരുമെന്നും രാഹുൽ വ്യക്തമാക്കി.

“നോട്ടുനിരോധനം ലോകത്തെ തന്നെ വലിയ അഴിമതിയാണ്. എല്ലാ കള്ളന്മാർക്കും കള്ളപ്പണം വെളുപ്പിക്കാൻ ഇത് വഴിവെച്ചു. പിന്നീടവർ ഗബ്ബർ സിംഗ് ടാക്സ് (ജി എസ് ടി) കൊണ്ടുവന്നു. പണക്കാരുടെ കീശ വീർപ്പിക്കാൻ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി. ഈ ഗബ്ബർ സിംഗ് ടാക്സ് 2019ൽ അവസാനിക്കും. പുതിയ ജി എസ് ടി നിലവിൽ വരും.”രാഹുൽ പറഞ്ഞു.

അതേസമയം കേദാർ സംവിധാനമാകാൻ കോൺഗ്രസ് തുടക്കം കുറിച്ചു .ശക്തി എന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ പ്രവർത്തകനും ഒരു പ്രത്യേക മൊബൈൽ നമ്പറിലേക്കു മെസ്സേജ് അയച്ച് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത് അംഗങ്ങൾ ആയവർ കൂടുതൽ പ്രവർത്തകരെ ഈ നെറ്റ്‌വർക്കിൽ ചേർക്കണം. ഈ കൂട്ടായ്മയെ പാർട്ടി വിളിക്കുന്നത് കോൺഗ്രസ്‌ കുടുംബം എന്നാണ്.കേഡർ സംവിധാനം ഇല്ലാത്തതാണ് തെരെഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കോൺഗ്രസ്‌ നേരിടുന്ന വലിയ പ്രശ്നമെന്നാണ് വിലയിരുത്തൽ . അത് പരിഹരിക്കാനും അണികളെ ഊർജസ്വലരാക്കാനും കോൺഗ്രസ്‌ പുതിയ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. രാഹുൽ ഗാന്ധി നേരിട്ടാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഓരോ പ്രവർത്തകരെ ചേർക്കുമ്പോഴും ചേർക്കുന്ന അംഗത്തിന് ബോണസ് പോയിന്റുകൾ ലഭിക്കും. സംസ്ഥാന തലത്തിൽ നന്നായി പണിയെടുക്കുന്ന മൂന്ന് പേരെ ഓരോ ദിവസവും സംസ്ഥാന കോൺഗ്രസ്‌ അധ്യക്ഷൻ അനുമോദിക്കും.ബ്ലോക്ക്‌ തലത്തിൽ അമ്പത് പേരെയും ജില്ലാ തലത്തിൽ ഇരുന്നൂറ് പേരെയും സംസ്ഥാന തലത്തിൽ അഞ്ഞൂറ് പേരെയും ചേർക്കുന്ന പ്രവർത്തകരെ രാഹുൽ ഗാന്ധി നേരിട്ട് വിളിക്കും. ഇവർക്ക് ഡൽഹിയിൽ രാഹുൽ ഗാന്ധിയെ നേരിട്ട് കാണാനും അവസരം ഉണ്ടാകും.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഡൽഹി, മുംബൈ, തെലങ്കാന എന്നിവിടങ്ങളിൽ ആണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്. മധ്യപ്രദേശ്, ഒഡിഷ, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ ജൂലൈ മുതൽ ഇത് നടപ്പാക്കും. തെരെഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ മികച്ച പ്രവർത്തകർക്ക് മുൻഗണന കിട്ടാൻ പുതിയ ക്രെഡിറ്റ്‌ സംവിധാനം ഉപയോഗിക്കും.

Latest