കൊലവിളി നടത്തുന്നതില്‍ മുമ്പന്‍, വി.എസിനെ വെട്ടിയരിയുമെന്ന് പരസ്യമായി പറഞ്ഞവന്‍, രണ്ട് കൊലപാതകം 11 വെട്ടു കേസുകള്‍ ഇതാണ് ആകാശ് തില്ലങ്കേരി

ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ആകാശ് തില്ലങ്കേരി കൊലവിളി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണിപ്പോള്‍. ജില്ലയിലെ വിവിധഭാഗങ്ങളില്‍ നടത്തിയ പ്രകടനങ്ങളില്‍ ഇയാള്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ നടത്തിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ വഴി ഇദ്ദേഹം പോര്‍വിളിക്കുന്നതും കൊലവിളി മുഴക്കുന്നതരത്തിലുള്ള പോസ്റ്റുകളിട്ടിട്ടും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നില്ല.

സി.പി.എം കണ്ണൂരില്‍ നടത്തിയ പ്രകടനത്തിനിടയില്‍ കൊലവിളിയുടെ കണക്കുപറഞ്ഞാണ് ആകാശ് മുദ്രാവാക്യം ഉയര്‍ത്തിയത്. വിനീഷിനെ കൊന്ന കത്തി അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും വേണമെങ്കില്‍ ഇനിയും തലകൊയ്യുമെന്നും കൊലവിളി നടത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. കണ്ണൂരിലെ സംഘര്‍ഷസാധ്യത തുടരുന്ന ഘട്ടത്തിലും സോഷ്യല്‍ മീഡിയവഴിയുള്ള ഇത്തരം കൊലവിളികളില്‍ പോലീസ് മൗനമാണ് പുലര്‍ത്തുന്നത്.

സിപിഎം അനുഭാവം രക്തത്തില്‍ കലര്‍ന്നയാളാണ് ആകാശ് തില്ലങ്കേരി. സിപിഎമ്മിന്റെ അടിയുറച്ച പ്രവര്‍ത്തകന്‍. പാര്‍ട്ടി കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലും തല്ലാന്‍ പറഞ്ഞാല്‍ തല്ലും. ആരെയും പേടിയില്ല. വീട്ടുകാരും അടിയുറച്ച സിപിഎമ്മുകാര്‍. അങ്ങനെ ആകാശും ചെങ്കൊടിയുടെ സുഹൃത്തായി. 24 വയസിനിടെ രണ്ട് കൊലപാതകം, 11 രാഷ്ട്രീയ സംഘട്ടനക്കേസുകളില്‍ പ്രതി, കാപ്പ ചുമത്തപ്പെട്ട സ്ഥിരം കുറ്റവാളി, അച്യുതാനന്ദനെ നായിന്റെ മോനേ എന്നുവിളിച്ച് വെട്ടിയരിഞ്ഞ് ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിനപ്പുറം കുഴിവെട്ടി മൂടുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകന്‍, 51 വെട്ടുവെട്ടി ടി. പിയെ കൊന്നവരോട് അവരെ കാമുകിയെക്കൂട്ടി ജയിലില്‍ ചെന്ന് കാണാന്‍ മാത്രം ആരാധന- ആകാശ് എന്ന അണിയുടെ വിശേഷണങ്ങള്‍ ഇങ്ങനെ പോകുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആകാശ് എസ്എഫ്ഐയിലൂടെ പാര്‍ട്ടിയിലെത്തുന്നത്. വളരുന്നതിനനുസരിച്ച് പാര്‍ട്ടിയുടെ നല്ലൊന്നാന്തരം ഗുണ്ടയായി മാറി. ടിപി കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയാണ് ആകാശിന്റെ ഹീറോ. ചെഗ്വുരയെ നെഞ്ചില്‍ വച്ച് ആരാധിക്കുന്ന ഈ യുവാവിനെ പലപ്പോഴും എതിരാളികളെ അടിച്ചൊതുക്കാനാണ് പാര്‍ട്ടി നേതൃത്വം ഉപയോഗിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നാണ് നാട്ടുകാര്‍ ഇയാളെ വിശേഷിപ്പിക്കുന്നത്. നേതാവിന്റെ വീരസാഹസികത്തില്‍ വീണ കാമുകിക്കൊപ്പം ഒരിക്കല്‍ ജയിലില്‍ പോയി കൊടി സുനിയെ കാണുകയും ചെയ്തിട്ടുണ്ട് ആകാശ്.

ആകാശും മറ്റൊരു പ്രതിയായ രജിന്‍രാജും ഒളിവില്‍ കഴിഞ്ഞത് സിപിഎം പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയില്‍. ഇവിടെ നിന്നുമാണ് ഇവര്‍ ഇരുവരെയും പൊലീസ് പിടികൂടിയത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും ഒളിവില്‍ കഴിഞ്ഞിരുന്നതും ഇവിടെ തന്നെയായിരുന്നു. ആകാശിനെയും രജിന്‍ രാജിനെയും ഷുഹൈബിനെ വധിക്കാന്‍ ഒരു സംഘം ആളുകള്‍ നേരിട്ടെത്തി ഏല്‍പ്പിക്കുക ആയിരുന്നു. 12 പേര്‍ ഈ കേസില്‍ ഉള്‍്‌പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ആകാശും രജിന്‍രാജും മറ്റൊരാളും ഷുഹൈബിനെ ആക്രമിക്കുകയും ഒരാള്‍ ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കുകയും മറ്റൊരാള്‍ കാറില്‍ ഡ്രൈവറായി ഇരിക്കുകയുമായിരുന്നുവത്രെ. കൃത്യം നിര്‍വ്വഹിച്ച ശേഷം ഇവര്‍ കാറില്‍ കയറി കടന്നു കളഞ്ഞു. പിന്നീട് ഇവര്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. മട്ടന്നൂര്‍ കണ്ണൂര്‍ റോഡില്‍ വായാന്തോട്ടെ ഒരു സ്ഥാപനത്തിന്റെ സിസി ടിവി ക്യാമറയില്‍ നിന്നാണ് കണ്ണൂര്‍ ഭാഗത്തു നിന്നു വന്ന കാര്‍ നിര്‍ത്തി അക്രമിസംഘത്തില്‍ പെട്ടവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യം പോലീസിനു ലഭിച്ചത്.

Latest
Widgets Magazine