ആ ഏലിയൻ ‘സന്ദേശം തുറക്കരുതെന്ന് ഗവേഷകർ …ഭൂമിയെ ഇരുട്ടിലാക്കും, കംപ്യൂട്ടറുകളെ തകർക്കും

കൊച്ചി: മനുഷ്യരേക്കാൾ കഴിവും സാങ്കേതികത്തികവുമുള്ള അന്യഗ്രഹജീവികൾ പ്രപഞ്ചത്തിൽ എവിടെയെങ്കിലുമുണ്ടോ? കാലങ്ങളായി ഗവേഷകർ പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളാണിവ. എന്നാൽ ഉത്തരത്തിനു പകരം നമുക്കുള്ളത് കുറേ ഊഹങ്ങൾ മാത്രം, ഒപ്പം ഇന്നേവരെ ചുരുളഴിയാത്ത രഹസ്യങ്ങളുമായി കിടക്കുന്ന യുഎഫ്ഒ കഥകളും. എന്നാൽ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്ന് ഭൂമിയിലേക്കുളള സന്ദേശത്തിനു കാത്തിരിക്കുന്നത് അപകടകരമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അത്തരമൊരു സന്ദേശം ഭൂമിയിലെ ഏതെങ്കിലും കംപ്യൂട്ടറിലേക്കെത്തിയാൽ വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്തേക്കണമെന്നും യൂണിവേഴ്സിറ്റി ഓഫ് ഹവായിയിലെ രണ്ടു ഗവേഷകർ തയാറാക്കിയ പഠനറിപ്പോർട്ടിൽ പറയുന്നു.

ഒരു സന്ദേശത്തിലൂടെ പോലും ഭൂമിയെ തകർക്കാവുന്ന വിധം നാശനഷ്ടം ഇവിടെ സൃഷ്ടിക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത് അന്യഗ്രഹജീവികൾ ഇവിടേക്ക് വന്നിറങ്ങേണ്ട ആവശ്യം പോലുമില്ല! ആർടിഫിഷ്യൽ ഇന്റലിജന്റ്സിൽ (എഐ) അധിഷ്ഠിതമായി തയാറാക്കിയ ഏലിയൻ സന്ദേശങ്ങളെയാണു ഭയക്കേണ്ടതെന്ന് ഗവേഷകർ പറയുന്നു. ഭൂമിയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ‘ഭീകരൻ’ കംപ്യൂട്ടർ വൈറസിനേക്കാളും മോശമായിരിക്കും അന്യഗ്രഹങ്ങളിൽ നിന്നെത്തുകയെന്നും ഇവരുടെ മുന്നറിയിപ്പ്. ഭൂമിയിലെ വൈദ്യുതി സംവിധാനങ്ങളെ താറുമാറാക്കി ഇരുട്ടിലാക്കാൻ പോന്നതായിരിക്കും ഈ എഐ സംവിധാനം വഴിയുളള കമാൻഡുകൾ. സന്ദേശം തുറന്നാൽ അതെവിടെയാണ് എത്തിയിരിക്കുന്നതെന്നതുൾപ്പെടെയുള്ള വിവരങ്ങളും അന്യഗ്രഹങ്ങളിലേക്കെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകവ്യാപകമായുളള കംപ്യൂട്ടര്‍ ശൃംഖലകളിലേക്കു നിമിഷനേരം കൊണ്ടു പടർന്നു കയറാനും ഈ എഐ പ്രോഗ്രാമുകൾക്കു സാധിക്കും. ‘ഇന്റർസ്റ്റെല്ലാർ കമ്യൂണിക്കേഷൻ: മെസേജ് ഡീകണ്ടാമിനേഷൻ ഈസ് ഇംപോസിബ്ൾ’ എന്നു പേരിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. എങ്ങനെയാണ് ബഹിരാകാശത്തു നിന്നു വരുന്ന ഒരു സന്ദേശം കംപ്യൂട്ടറുകളിലേക്കെത്തുകയും അതിനെ വിശകലനം ചെയ്യാൻ സാധിക്കുകയെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. അത്തരം സന്ദേശങ്ങളെ ‘വേർതിരിച്ച്’ എടുക്കാനാകില്ല. മാത്രവുമല്ല അതിനു ശ്രമിച്ചാൽ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന തിരിച്ചടിയാകും ലഭിക്കുക. ഭൂമിയിലെ സാങ്കേതിക സംവിധാനങ്ങളെയെല്ലാം തകർക്കാൻ പോന്ന ‘ബഗിനും’ സന്ദേശത്തിലേറി ഇവിടെയെത്താം. ‘സൂര്യൻ നാളെ പൊട്ടിത്തെറിക്കും’ എന്ന തരത്തിലുള്ള സന്ദേശങ്ങൾ അയച്ച് മനുഷ്യനെ ഭീതിയിലാഴുത്തുന്ന തന്ത്രങ്ങളും അന്യഗ്രഹജീവികളിൽ നിന്നു പ്രതീക്ഷിക്കാം.

ഇക്കാര്യത്തിൽ ഒരു പ്രതിവിധിയും നിർദേശിക്കുന്നുണ്ട് പഠനം. ബഹിരാകാശത്തേക്ക് ഭൂമിയിൽ നിന്ന് ‘ട്രാൻസ്മിറ്റ്’ ചെയ്യുന്ന സന്ദേശങ്ങൾ സങ്കീർണമാക്കരുതെന്നാണ് അത്. കോഡുകൾ അയയ്ക്കുന്നത് ഒഴിവാക്കണം. പകരം വ്യക്തമായ വാക്കുകളോ ചിത്രങ്ങളോ സംഗീതമോ ഒക്കെ അയയ്ക്കാം. അതും നിലവിൽ ലഭ്യമായ ഏറ്റവും ലളിതമായ ഫോർമാറ്റിലും. അഥവാ അന്യഗ്രഹജീവികൾ ഈ മെസേജുകൾ കണ്ടാൽത്തന്നെ അവയെ ‘ഡീക്രിപ്റ്റ്’ ചെയ്തു വായിച്ചെടുക്കാൻ സൂപ്പർ കംപ്യൂട്ടറുകളുടെയൊന്നും സഹായം തേടേണ്ടി വരികയുമരുത്. പ്രപഞ്ചത്തിലെ മറ്റിടങ്ങളുമായി നെറ്റ്‍‌വർക് സ്ഥാപിക്കാനുള്ള അവസരത്തെ സങ്കീർണ കോഡുകളയച്ച് മനുഷ്യർ കളഞ്ഞുകുളിക്കരുതെന്നും ഗവേഷകര്‍ നിർദേശിക്കുന്നു. അങ്ങനെയെങ്കിൽ ഭൂമിയിലേക്കയയ്ക്കുന്ന സന്ദേശങ്ങളും ധൈര്യമായി തുറക്കാം. അതുവഴിയുണ്ടാകുന്ന നേട്ടങ്ങൾ പറഞ്ഞറിയിക്കാനാകാത്തത്രയുമായിരിക്കുമെന്നും പഠനറിപ്പോർട്ട്.

നേരത്തേ ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അന്യഗ്രഹജീവികളുമായി യാതൊരു തരത്തിലുമുള്ള ബന്ധം സ്ഥാപിക്കാൻ നോക്കരുതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചാൽ അത് ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിലേക്ക് ആദ്യമായി എത്തിയതിനു സമാനമാകും. കൊളംബസിന് ആ വരവ് നേട്ടമായിരുന്നു. എന്നാൽ തദ്ദേശീയരുടെ വംശത്തെ തന്നെ തകർത്തുകളയും വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. മനുഷ്യരുടെ ഗതിയും അങ്ങനെയാകാതിരിക്കാനാണ് താനിതു പറയുന്നതെന്നും ഹോക്കിങ്ങിന്റെ വാക്കുകൾ.

Top