കുഞ്ഞിനെയുംകൊണ്ട് പറന്നത് ഹസന്‍; 400 കിലോമീറ്റര്‍ അഞ്ചര മണിക്കൂര്‍കൊണ്ട് മറികടന്ന മനസാന്നിധ്യം

കൊച്ചി: ഹൃദയരോഗം ബാധിച്ച 15 ദിവസം പ്രായമായ കുഞ്ഞുമായി മംഗലാപുരത്ത് നിന്നും തിരിച്ച ആംബുലന്‍സ് അഞ്ചര മണിക്കൂര്‍ കൊണ്ട് എറണാകുളം അമൃത ആശുപത്രിയില്‍ എത്തി. റോഡുവക്കില്‍ കാത്തുനിന്ന സന്നദ്ധ പ്രവര്‍ത്തകരും പൊലീസും നാട്ടുകാരും എല്ലാം ചേര്‍ന്ന് വാഹനത്തിന് വഴിയൊരുക്കി. എന്നാല്‍ ഈ ദൗത്യത്തില്‍ എടുത്തുപറയേണ്ടത് ആംബുലന്‍സ് ഓടിച്ചിരുന്ന കാസര്‍കോഡ് ഉദുമ സ്വദേശി ഹസന്റെ മനസാന്നിധ്യമാണ്.

മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ടാണ് ഹസന്‍ പിന്നിട്ടത്. എല്ലാവരുടെയും പിന്തുണ ഉള്ളത് കൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം എറണാകുളത്തെത്തിയ ശേഷം പ്രതികരിച്ചു.ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാനായി മംഗലാപുരത്ത് നിന്നും ഹസന്‍ ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലന്‍സ് ഡ്രൈവമാരുടെ കൂട്ടായ്മയും കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും എല്ലാത്തിനും സജ്ജരായി നിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍ മീഡിയയിലുടെ വാര്‍ത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി. ആംബുലന്‍സ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്ലാന്‍ ഉച്ചയോടെ തിരുത്താനായി സര്‍ക്കാര്‍ ഇടപെട്ടു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയില്‍ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അമൃതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലന്‍സ് 400 കിലമീറ്റര്‍ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി.

ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസന്‍ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബര്‍ 10ന് മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസന്‍ രോഗിയെ എത്തിച്ചിട്ടുണ്ട്. എല്ലാവരും നല്ല രീതിയില്‍ പിന്തുണ നല്‍കിയത് കൊണ്ട് മാത്രമാണ് ഇത്തവണ തന്റെ ദൗത്യം വിജയകമായി പൂര്‍ത്തിയാക്കാന്‍ ആയതെന്ന് ഹസന്‍ പറയുന്നു.

Top