വിവാദപ്രസ്താവന:നേതാക്കള്‍ക്ക് അമിത് ഷായുടെ താക്കീത്.താക്കീതിനു പുല്ലുവിലകൊടുത്ത് സാക്ഷി മഹാരാജ് വീണ്ടും !

ന്യൂഡല്‍ഹി: ഗോവധം അടക്കമുള്ള വിഷയങ്ങളില്‍ വിവാദ പരാമര്‍ശം നടത്തുന്ന നേതാക്കള്‍ക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പ്. കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയത്. നേതാക്കളുടെ പരാമര്‍ശം വിവാദമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്തുഷ്ടി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കേന്ദ്ര മന്ത്രി മഹേഷ് ശര്‍മക്ക് പുറമെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സംഗീത് സോം എം.എല്‍.എ, സാക്ഷി മഹാരാജ് എം.പി എന്നിവരെയാണ് അമിത് ഷാ വിളിച്ചുവരുത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെയും നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ അമിത് ഷാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.
അടുത്തിടെ രൂക്ഷമായ വര്‍ഗീയ പരാമര്‍ശങ്ങളാണ് ഈ നേതാക്കള്‍ നടത്തിയത്. മാട്ടിറച്ചി വിരുന്ന് സംഘടിപ്പിച്ച ജമ്മുകശ്മീര്‍ എം.എല്‍.എയെ മര്‍ദ്ദിച്ച ബി.ജെ.പി എം.എല്‍.എമാരെ സാക്ഷി മഹാരാജ് എം.പി ന്യായീകരിച്ചിരുന്നു. നേരത്തെ ഗോഡ്സെ ഗാന്ധിജിയോടൊപ്പം ആദരിക്കപ്പെടേണ്ട വ്യക്തിയാണെന്ന് പറഞ്ഞ സാക്ഷി മഹാരാജ്, പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയില്‍ മാപ്പുപറയുകയായിരുന്നു. കഴിഞ്ഞദിവസമാണ് മാട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ് ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ അമിത ഷായുടെ താക്കീതിനെ വകവെക്കാത്തെ സാക്ഷി മഹാരാജ് വീണ്ടും വിവാദ പ്രസ്ഥാവനയുമായി രംഗത്തു വന്നു.പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.. ഗോവധത്തിനെതിരെ പ്രത്യേക നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഭുവനശ്വറില്‍ വിദേശ ഇന്ത്യക്കാരുടെ ഹിന്ദുമഹാസഭാ യോഗത്തില്‍ സംസാരിക്കവെയാണ് സാക്ഷിയുടെ വിവാദ പ്രസ്താവന. ബീഫ് ഫെസ്റ്റ് നടത്തിയ എംഎല്‍എയെ കാശ്മീര്‍ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ മര്‍ദ്ദിച്ച സംഭവത്തെ സാക്ഷി ന്യായീകരിച്ചു. ജനങ്ങള്‍ അവര്‍ക്കിഷ്ടമുള്ളത് കഴിക്കുന്നത് തടയാനാകില്ല എന്ന് പ്രസ്താവിച്ചാണ് റാഷിദ് ബീഫ് പാര്‍ട്ടി നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് മര്‍ദ്ദനം ഉണ്ടായത്. എന്നാല്‍ എംഎല്‍എയെ മര്‍ദ്ദിച്ച സംഭവം സ്വാഭാവിക പ്രതികരണമാണെന്നാണ് സാക്ഷി പറയുന്നത്. നേതാക്കള്‍ ഇതേ മനോഭാവം തുടര്‍ന്നാല്‍ ജനങ്ങളുടെ തല്ലു കൊണ്ട് മരിക്കേണ്ടി വരുമെന്നും സാക്ഷി മുന്നറിയിപ്പ് നല്‍കി. ഗോമാംസം ഉപേക്ഷിച്ചാല്‍ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിയാമെന്ന് പ്രസ്താവന നടത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ സാക്ഷി അനുകൂലിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് ശരിയാണെന്നാണ് സാക്ഷി പറയുന്നത്. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം ഉടന്‍ തന്നെ നിര്‍മ്മിക്കുമെന്നും സാക്ഷി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top