കത്വ സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് അമുല്‍ പെണ്‍കുട്ടിയും; മുഖം കുനിച്ചിരുന്ന് വിതുമ്പുന്ന പെണ്‍കുട്ടി രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികളുടെയും പ്രതീകമെന്ന് സോഷ്യല്‍മീഡിയ

കത്വ സംഭവത്തില്‍ രാജ്യമൊട്ടാകെ വേദനിച്ചിരുന്നു, പെണ്‍കുട്ടിയുടെ നീതിയ്ക്കുവേണ്ടി പലരും പ്രതിഷേധിച്ചിരുന്നു, പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോഴിതാ കത്വ വയിലെ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് ഇന്ത്യയുടെ അമുല്‍ പെണ്‍കുട്ടിയും. രാജ്യത്തെ പരസ്യ ലോകത്തിന്റെ പര്യായമായി മാറിയ അമുല്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ ഇന്ത്യയിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും കരച്ചിലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സരോ ആഖോം മേം ഭര്‍ലോ പാനി ( സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ അക്രമങ്ങളെയും അപലപിക്കുന്നു) എന്ന വരികളോടെ മുഖം കുനിച്ചിരുന്നു കരയുന്ന അമുല്‍ പെണ്‍കുട്ടിയുടെ ചിത്രം കത്വ പെണ്‍കുട്ടിയെത്തന്നെയാണ് പലരുടെയും ഓര്‍മയില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോത്പന്ന ബ്രാന്‍ഡായി മാറിയ അമുലിന്റെ പരസ്യപ്രചാരണത്തിനാണ് ‘അമുല്‍ ഗേള്‍’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത്. അമ്പത് വര്‍ഷത്തിലധികമായി അമുല്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഈ പെണ്‍കുട്ടിയാണ്. രാജ്യത്തെ സമകാലിക വിഷയങ്ങളെയെല്ലാം അമുല്‍ പരസ്യത്തിന് വിഷയമാക്കാറുണ്ട്. അതേസമയം, ബഹുഭൂരിപക്ഷം സമയങ്ങളിലും ചിരിച്ചും സന്തോഷിച്ചും മാത്രം കാണാറുള്ള അമുല്‍ പെണ്‍കുട്ടി പൊട്ടിക്കരയുന്ന കാഴ്ച സഹിക്കാനാവുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Top