അംബാനി കുടുംബത്തില്‍ വിവാഹക്കാലം: മൂന്നാമന്‍ ആനന്ദ് അംബാനിയുടെ വധു ഇതാ

മുംബൈ: അംബാനി കുടുംബത്തില്‍ ഇതു വിവാഹ കാലമാണ്. മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടെയും മക്കളുടെയാണു വിവാഹ നിശ്ചയം കഴിഞ്ഞത്. മൂത്ത പുത്രന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ് അധികനാള്‍ തികയുംമുമ്പെ പ്രിയപുത്രി ഇഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോള്‍ ഏറ്റവും ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും വിവാഹ വാര്‍ത്ത പുറത്തു വരുന്നു. രാധിക മെര്‍ച്ചന്റിനെയാണ് ആനന്ദ് വിവാഹം കഴിക്കാന്‍ പോകുന്നത്.

ഏറെ നാളായി സുഹൃത്തുക്കളായി കഴിയുന്ന ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ തീരുമാനിച്ചുവെന്നാണ് പറയപ്പെടുന്നത്. ന്യൂയോര്‍ക് സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിഡി സൊമാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് ഐബി ഡിപ്ലോമയും നേടിയയാളാണ് രാധിക. ഇഷയുടെ വിവാഹ നിശ്ചയദിനത്തില്‍ ഇഷയ്ക്കും ആകാശ് അംബാനിയുടെ പ്രതിശ്രുത വധു ശ്ലോക മേത്തയ്ക്കുമൊപ്പം രാധിക നൃത്തം ചെയ്യുന്നതിന്റെ വിഡിയോകളും വൈറലാണ്.

ആകാശിന്റെ വിവാഹ നിശ്ചയത്തിനു ശേഷം കുടുംബമൊന്നിച്ച് സിദ്ധിവിനായക ക്ഷേത്രദര്‍ശനം നടത്തുമ്പോഴും ആനന്ദിന്റെ കൈപിടിച്ച് രാധിക കൂെടയുണ്ടായിരുന്നു. പക്ഷേ ഗോസിപ്പുകള്‍ക്ക് ആക്കം കൂടിയത് ഇഷയുടെ വിവാഹ നിശ്ചയത്തോടെയാണ്. എന്നാല്‍ ആനന്ദിന്റെ വിവാഹക്കാര്യം സംബന്ധിച്ച വാര്‍ത്തകളൊന്നും വാസ്തവമല്ലെന്നാണ് റിലയന്‍സ് വക്താക്കള്‍ പ്രതികരിച്ചത്.

Latest
Widgets Magazine