ക്വട്ടേഷന്‍പ്രതിയുമായി അങ്കമാലി എംഎല്‍എ റോജിജോണിന്റെ സൗഹൃദം… സോളാറിന് പുറമെ കോണ്‍ഗ്രസ് മറ്റൊരു കുരുക്കില്‍ !

കൊച്ചി: ക്രിമിനല്‍ കേസിലെ പ്രതിയുമായി കുടിക്കാഴ്ച്ച നടത്തിയ അങ്കമാലി എംഎല്‍എ റോജി ജോണ്‍ കുടുങ്ങി. അങ്കമാലിയിലെ വ്യാപാരി ജെയിനിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച റൈസണുമായി റോജി എം ജോണ്‍ ബഹ്‌റൈനില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. 2016 ജനുവരി 22നാണ് ജെയിനിനെ ആറംഗ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ക്വട്ടേഷന്‍ കേസിലെ പ്രതിയെ വിദേശത്തെത്തി സന്ദര്‍ശിച്ച എംഎല്‍എയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.
27 വെട്ടുകളേറ്റ ജെയിനിന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇപ്പോഴും ശാരീരിക അവശതകളുണ്ട്. റൈസണാണ് ജെയിനിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇതിനിടെ റൈസണ്‍ വിദേശത്ത് കടന്നതോടെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് ജെയിന്‍ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എംഎല്‍എയ്ക്ക് താന്‍ നേരത്തെ പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എ നിഷേധിച്ചു. അങ്കമാലി പ്രവാസി കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ബഹ്‌റൈനില്‍ പോയത്. പരിപാടിക്കിടെ പലരും വന്ന് ഫോട്ടോയെടുത്ത സമയത്താണ് റൈസണും തന്നോടൊപ്പം ഫോട്ടോയെടുത്തത്. അതേ സമയം അങ്കമാലിയില്‍ ഇങ്ങനെയൊരു കേസുണ്ടെന്നും, എന്നാല്‍ കേസിലെ പ്രതി ഇയാളാണെന്ന് അറിയില്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു

Latest