ഒരു നവോത്ഥാന മതിലും അനേകം കമ്മ്യൂണിസ്‌ററ് വിഭ്രാന്തികളും: അനൂപ് മോഹൻ എഴുതുന്നു

അനൂപ് മോഹൻ

കുറച്ച് ദിവസമായി കൊച്ചിയിലാണ് ഉള്ളത്. പകലത്തെ തിരക്കുകൾ ഒരുവിധം അവസാനിപ്പിച്ച് തിരിച്ച് ഇൻഫോപാർക്കിനടുത്തുള്ള റൂമിലേക്കുള്ള  യാത്രയിൽ ആയിരുന്നു. കൂടെ ഒരു സുഹൃത്തും ഉണ്ട്. കുറച്ച് ദിവസം  സ്വസ്ഥമായി എവിടെയെങ്കിലും തങ്ങി ചില ജോലികൾ കൂടി തീർക്കേണ്ടതുണ്ട്. കുറേക്കൂടി  സൗകര്യങ്ങൾ ഉള്ള “പി.ജി” യോ മറ്റോ തരപ്പെടുത്താൻ കഴിയുമോ എന്ന് അറിയാൻ ഞങ്ങൾ “അമ്പാടിമൂല” എന്ന സ്ഥലത്തിറങ്ങി ചില അന്വേഷണങ്ങൾ ഒക്കെ നടത്തി. തിരിച്ചു പോരാൻ നോക്കുമ്പോൾ ക്യാബുകൾ ഒന്നും അവൈലബിൾ അല്ല. വണ്ടി കാത്ത് കുറച്ച് നേരം നിൽക്കേണ്ടി വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആദ്യ കാഴ്ച്ചയിൽ തന്നെ അമ്പാടിമുക്ക് ഒരു സി.പി.എം ശാഖാ കമ്മിറ്റി ആണെന്ന് മനസിലാവും. വേണമെങ്കിൽ സി.പി.എം – അമ്പാടിമുക്ക് ശാഖാ എന്നൊക്കെ പറയാം. റോഡിന്റെ ഒരു ഭാഗത്ത് തലങ്ങും വിലങ്ങും ഡി.വൈ.എഫ്.ഐ പതാക കെട്ടിത്തൂക്കി ഇട്ടിട്ടുണ്ട്. ഡ്രസ്സ് ചെയ്ത കോഴികളെ മുളകും മസാലയും ചേർത്ത് നീളൻ കമ്പിൽ കോർത്ത് നാലാള് കാണെ ഫ്രൈ ചെയ്യാനിടുന്ന പ്രഫഷണലിസത്തെ അനുസ്മരിപ്പിക്കുന്ന മൂന്ന് വാക്കുകൾ സൂക്ഷ്മതയോടെ നീളത്തിൽ നിരന്ന നിരന്ന് കിടക്കുന്നു. “സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം”. കൊടിതോരണങ്ങൾക്ക് താഴെ ഒരു വായനശാല ആണ്. പേര് “ജനകീയ വായനശാല”. എനിക്ക് പിണറായി വിജയനെ ഓർമ്മ വന്നു. പ്രോപ്പറായിട്ട് നട്ടെല്ല് പോലും ഇല്ലാത്ത ഒരു മനുഷ്യനെ ഇരട്ടചങ്കൻ എന്ന് വിളിക്കുന്നില്ലേ. ഗസറ്റിൽ വിജ്ഞാപനം പോലും കൊടുക്കാതെ പേരിനൊപ്പം “നാവോത്ഥാന നായകൻ” എന്ന് ചേർത്ത് വിളിക്കുന്നില്ലേ. ഡി.വൈ.എഫ്.ഐ യുടെ വായനശാലക്ക് “ജനകീയ വായനശാല” എന്നും പേരിടാം. തർക്കം വേണ്ട. എനിക്കാണെങ്കിൽ ഒരൊറ്റ കാര്യത്തിൽ മാത്രമേ ആശങ്കയുള്ളൂ. അത് “ഇടതുപക്ഷ ജനകീയ വായനശാലകളിലെ” മാർക്സ് മുതൽ ഈ.എം.എസ് വരെയുള്ള സൈദ്ധ്യാന്തിക ചവറ് വായിച്ച് രാഷ്ട്രീയ പ്രബുദ്ധത നേടുന്ന കുഞ്ഞുങ്ങളെ ഓർത്തതാണ്. ഇപ്പോഴാണെങ്കിൽ, ചിന്താ ജെറോം മുതൽ എം.വി ഗോവിന്ദൻ മാസ്റ്റർ വരെയുള്ളവരുടെ പോസ്റ്റ് മോഡേൺ കമ്മ്യൂണിസ്റ് ചിന്താസരണികൾ വായിച്ച് ഒരു ശരാശരി ഡി.വൈ.എഫ്.ഐ  നേതാവിന്റെ ചിന്താപദ്ധതികൾ അടിക്കടി വിപുലീകരിക്കേണ്ടതായി വരും.
റോഡിൻറെ മറുഭാഗത്ത് അത്ര വലുതല്ലാത്ത ഒരു മൈതാനം ആണ്. ചുറ്റും വട്ടത്തിൽ വളഞ്ഞു കെട്ടി, മൈതാനത്തിന്റെ അതിർത്തികൾ  കൃത്യമായി നിർവ്വചിച്ചിട്ടുണ്ട് . എല്ലാ കമ്മ്യൂണിസ്ററ് റിപ്പബ്ലിക്കുകളിലും കാണാറുള്ളതുപോലെ ഒരു സുപ്രധാന ഫ്ളക്സ് ബോർഡ് മൈതാനത്തിന് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. അതിലെ  ഒന്നാമത്തെ വാചകം, മൈതാനത്തിന്റെ സമീപത്തും മൈതാനത്തിന് ഉള്ളിലും യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല എന്ന നിർദോഷകരമായ നിർദേശം ആണ്. രണ്ടാമത്തെ വാചകം യുവാക്കളുടെ ആരോഗ്യത്തിനും കായിക ക്ഷമതക്കും ഡി.വൈ.എഫ്.ഐ നൽകുന്ന പ്രാധാന്യത്തെ വിളംബരം ചെയ്യുന്നതാണ്. അതായത്, “മൈതാനത്തിന്റെ സമീപത്തും മൈതാനത്തിന് ഉള്ളിലും യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല, എന്തെന്നാൽ  മൈതാനം വിവിധ ഇനം കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിച്ച് വരുന്നത്/ വകയിരുത്തിയിട്ട് ഉള്ളത് ആണ്”. മൂന്നാമത്തെ വാചകം “ഈവിധ കാരണങ്ങളാൽ ഞങ്ങളോട് സഹകരിക്കാൻ തയ്യാറാവണം” എന്ന നിരുപദ്രവകരമായ ആവിശ്യം ആണ്. ഡി.വൈ.എഫ്.ഐ  ഈവിധമായ ഒരു ബോർഡ് സ്ഥാപിക്കുന്നത്തിന് എന്തെങ്കിലും തെറ്റുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ ഇല്ലെന്ന് പറയും.  എന്നാൽ, ഈ വിശാലമായ ഹിന്ദു ദേശരാഷ്ട്രത്തിൽ സ്ഥാപിക്കപ്പെടുന്ന എല്ലാ സദാചാര/ ആചാര – സംരക്ഷണ ഫ്ളക്സ് ബോർഡുകൾക്കും ഇതേ നിറമാണ്, ഇതേ പാറ്റേൺ ആണ് എന്ന് ഞാൻ പറയും. അല്ലെങ്കിൽ ഒരു പശു സംരക്ഷണ ബോര്ഡിലെ വാചകം നോക്കൂ, ഒന്നാമത്തെ വാചകം – പശു നമ്മുടെ ദേശീയ മൃഗമാണ്, പശു ചാണകം തരുന്നു. പശു ഗോബർ ഗ്യാസ് ഉത്പാദിപ്പിക്കുന്നു.  രണ്ടാമത്തെ വാചകം പ്രകൃതി സന്തുലനത്തിന് പശു വഹിക്കുന്ന പങ്കിനെ കുറിച്ചായിരിക്കും മൂന്നാമത്തെ വാചകം ഇതൊക്കെ അനുസരിക്കാൻ തയ്യാറല്ലെങ്കിൽ (എ)പാകിസ്ഥാനിലേക്ക് അയയ്ക്കും. (ബി)തട്ടിക്കളയും എന്നായിരിക്കും.
ഇനി മറ്റൊരു ഡി.വൈ.എഫ്.ഐ സദാചാര ഫ്ലെക്സ് ബോർഡ് പരിശോധിക്കൂ, അതിലെ വാചകങ്ങൾ എകദേശം ഇങ്ങനെയിരിക്കും. ഈ വഴിയെ ആണും പെണ്ണും കൂട്ടം കൂടി നടക്കാൻ പാടില്ല . ഈ വഴിക്ക് ഡി.വൈ.എഫ്.ഐ കാവലുണ്ട്. പിടിച്ചാൽ കവലയിൽ പിടിച്ചുകെട്ടി കയ്യും കാലും തല്ലിഒടിക്കും. എന്ന് ഡി.വൈ.എഫ്.ഐ (ഒപ്പ്). ഒരേ നിറമാണ്, ഒരേ പാറ്റേൺ ആണ്. തീവ്രത കൂടിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം.
പിണറായി വിജയൻ എത്ര എത്ര നവോദ്ധാന മഹാപ്രഭാക്ഷണങ്ങൾ നടത്തിയാലും അനേകായിരം അമ്പലമൂലകളിൽ ഡി.വൈ.എഫ്.ഐ ശാഖാ യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഇത്തരം ആചാര/ സദാചാര സംരക്ഷണ ബോർഡുകളെ ഓർത്ത് ചിരിക്കാതിരിക്കുന്നതെങ്ങനെ!
അമ്പലമൂലയിലെ ഡി.വൈ.എഫ്.ഐ മൈതാനത്തിന്റെ മൂലക്ക് റോഡിലേക്ക് തുറന്നിരിക്കുന്ന ഒരു കാത്തിരുപ്പ് കേന്ദ്രം അഥവാ സ്വകാര്യ ബസ് സ്റ്റോപ്പ് ഉണ്ട്. ആരും അതിന് പേരിട്ടിട്ടില്ലെങ്കിലും എനിക്ക് അതിനെ “ഡി.വൈ.എഫ്.ഐ കാരുണ്യ വിതരണ കേന്ദ്രം” എന്ന് വിളിക്കാനാണ് തോന്നുന്നത്. കുന്തക്കാരൻ പത്രോസ്സ് മുതൽ വട്ടവട്ടയിലെ അഭിമന്യു മഹാരാജാസ് വരെ ഡി.വൈ.എഫ്.ഐ യുടെ കരുണയിൽ ആ ഷെഡിൽ കുത്തിയിരിക്കുന്നതായി വെറുതേ സങ്കൽപ്പിച്ച് നോക്കി. ചിലപ്പോൾ സ്കിസോഫ്രേനിയയുടെ ആരംഭവും ആവാം.
അമ്പലമുക്കിലെ ഏറ്റവും സുപ്രധാനമായ സംഗതി കാത്തിരുപ്പ് കേന്ദ്രത്തിനു മുന്നിലെ ഡി.വൈ.എഫ്.ഐ  യുടെ കൊടിമരം ആണ്. കൊടിമരത്തിന് മുകളിൽ പാറിക്കളിക്കുന്ന, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മഹാവാക്യങ്ങൾ ആലേഖനം ചെയ്ത  ഡി.വൈ.എഫ്.ഐ യുടെ ശുഭ്രപതാകയാണ്. അതിലേക്ക് മാത്രം ഫോക്കസ്  ചെയ്ത്, തൊണ്ണൂറ് ഡിഗ്രി മുകളിലേക്ക് തിരിച്ച് വച്ചിരിക്കുന്ന അമ്പലമുക്കിലെ സർക്കാർ വക ഏക ഹാലജൻ ബൾബ് ആണ്. രാത്രികാലങ്ങളിൽ, പൊതു വഴിയിലും പരിസരങ്ങളിലും ഇരുട്ട് കുമിഞ്ഞു കൂടി നിൽക്കുമ്പോൾ സർക്കാർ വല ഹാലജൻ ബൾബിന്റെ പ്രശോഭയിൽ പ്രകാശിച്ചു നിൽക്കുന്ന ഡി.വൈ.എഫ്.ഐ പതാക മനോഹരമായ കാഴ്ച്ചയാണ്.
അമ്പലമുക്കിലെ ഏക ഹാലജൻ ബൾബ് പാർട്ടി കേഡർമാർക്ക് പാർട്ടി പതാകയിലേക്ക് മാത്രമായി തിരിച്ച് വെക്കാമെങ്കിൽ, ദുരിതാശ്വാസ നിധിയിൽ നിന്ന് അമ്പതോ നൂറോ കോടി എടുത്ത് പിണറായി വിജയന് നവോദ്ധാന മതിലിന് കുറ്റിയടിക്കുകയോ സ്വന്തം വീടിന് തറക്കലിടുകയോ ചെയ്യാം. അതിലൊരു തെറ്റും കാണാനാവില്ല, തീവ്രത രണ്ട് വിധമാണെങ്കിലും രണ്ടിടത്തും പ്രവർത്തിപ്പിക്കുന്നത് ഒരേ യന്ത്രം തന്നെയാണ്. ആ നവോത്ഥാന സോഷ്യലിസ്ററ് ജനാധിപത്യ യന്ത്രത്തിൻെറ പേരാണ് കമ്മ്യൂണിസം.
അത്യുജ്ജ്വലമായ നവോത്ഥാന തള്ളിമറിക്കലുകൾക്ക് ശേഷം, യുവതികളെ ശബരിമലയിലേക്ക് ആനയിച്ച് സംഘപരിവാറിനെ കൊണ്ട് തിരിച്ചോടിച്ച് പിണറായി വിജയൻ ഡ്രാമ കളിക്കുന്നത് കണ്ടിട്ട് കേരളത്തിന്റെ നവോത്ഥാന വെളിച്ചം കെട്ടുപോകുന്നേ എന്ന് നിലവിളിക്കാത്തതിന് കാരണം ശബരിമലയിലായാലും അമ്പലമുക്കിലായാലും കമ്മ്യൂണിസം എങ്ങനെ പ്രവർത്തിക്കും എന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ്.
(കെ.എസ്.യു സംസ്ഥാന നേതാവും ബിഹേവിയറൽ സ്റ്റാറ്റർജിസ്റ്റും ആണ് ലേഖകൻ)
Top