പ്രളയ ഭീതിക്കൊടുവില്‍ സന്തോഷത്തിന്റെ കരപറ്റി അപ്പാനി ശരത്; ദുരന്തത്തെ അതിജീവിച്ച ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

പ്രളയത്തിന്റെ കെടുതികള്‍ വിട്ടൊഴിയുമ്പോള്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ മുളയ്ക്കുകയാണ്. ദുരന്തമുഖത്ത് പകച്ചു നിന്നവരില്‍ പലരും പുതിയ ജീവിത്തിലേക്ക് ചുവട് വയ്ക്കുകയാണ്. ദുരന്തത്തിന്റെ ഭീതിയില്‍ കഴിഞ്ഞവരില്‍ ഒരാളായിരുന്നു നടന്‍ അപ്പാനി ശരത്. എന്നാല്‍ ഇന്ന് പ്രതീക്ഷകളുടെ ലോകത്ത് നടന് കൂട്ടായി പുതിയ ഒരതിഥി കൂടി എത്തിയിരിക്കുന്നു.

ഇപ്പോള്‍ ശരതിന്റെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ശരത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനമെന്ന് ശരത് പറഞ്ഞു. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും പറഞ്ഞ ശരത് കുഞ്ഞിനിടാന്‍ തീരുമാനിച്ചിരുന്ന പേരും സന്തോഷത്തോടെ തന്നെ വെളിപ്പെടുത്തി..പ്രളയ ജലം താണ്ടിയെത്തിയ തന്റെ ജീവന് ‘അവന്തിക ശരത്’ എന്ന് പേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശരത് പറഞ്ഞു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും ശരത് പങ്കുവച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യയെ എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അപ്പാനി ശരതിന്റെ ഫേസ്ബുക്ക് വീഡിയോ ചര്‍ച്ചയായിരുന്നു. ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. പ്രളയം അതിരൂക്ഷമായ ചെങ്ങന്നൂരിലായിരുന്നു ശരത്തിന്റെ ഭാര്യ രേഷ്മയുടെ വീട്. ഒമ്പത് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് മാറിയിരുന്നുവെന്നും എന്നാല്‍ പിന്നീടങ്ങോട്ട് വിവരങ്ങള്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ലെന്നും അവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും ശരത് ഫേസ്ബുക്ക് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

താന്‍ ചെന്നൈയില്‍ ഷൂട്ടിംഗിലായിരുന്നുവെന്നും ഷൂട്ടിംഗ് കഴിഞ്ഞിട്ടും തനിക്ക് നാട്ടിലേക്ക് വരാനാകുന്നില്ലെന്നും ശരത് പറഞ്ഞിരുന്നു. പിന്നീട് ഭാര്യ സുരക്ഷിതയായിരിക്കുന്നു എന്ന വിവരവും ശരത് പങ്കുവച്ചു. തങ്ങളാല്‍ കഴിയുന്ന സഹായം ഒരാള്‍ക്കെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും, അല്ലെങ്കില്‍ അത് കുഞ്ഞിനോട് ചെയ്യുന്ന തെറ്റാവുമെന്നും ശരത് പറയുന്നു. തങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന കുഞ്ഞിനെ തിരികെ തന്നത് ജനങ്ങളാണെന്നും ശരത് അന്ന് പറഞ്ഞിരുന്നു.

Latest