അര്‍ണബ് ഗോസ്വാമിക്കെതിരെ കണ്ണൂരില്‍ കേസ്

കണ്ണൂര്‍: ടെലിവിഷന്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കണ്ണൂരില്‍ കേസ്. സിപിഐഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ ചെയര്‍മാനെന്ന നിലയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചെന്നാണ് കേസ്. പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യില്‍നിന്ന് 700 കോടി രൂപ സഹായധനമായി ലഭിക്കുമെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിപ്പബ്ലിക് ടി.വി. ചാനലില്‍ അര്‍ണബ് ഗോസ്വാമി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി.

യു.എ.ഇ. സഹായധനം വാഗ്ദാനം ചെയ്തുവെന്നും അതിനവരെ അഭിനന്ദിക്കുന്നുവെന്നും ഓഗസ്റ്റ് 18ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നുവെന്ന് പി.ശശി നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് വിദേശത്തുനിന്നുള്ള സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. ഇതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അവതാരകനായ അര്‍ണബ് കേരളീയരെ നാണംകെട്ടവരെന്ന് ആക്ഷേപിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും 10 കോടി രൂപ കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴയായി ഒടുക്കണമെന്നും കാണിച്ച് വക്കീല്‍നോട്ടീസയച്ചിരുന്നു. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ചാനലില്‍ ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പിശകില്ലെന്നും കാണിച്ച് അര്‍ണബ് വക്കീല്‍നോട്ടീസിന് മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഡ്വ. വി.ജയകൃഷ്ണന്‍ മുഖേന കോടതിയെ സമീപിച്ചത്. മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസുള്‍പ്പെടെയുള്ളവരാണ് സാക്ഷികള്‍. കേസില്‍ നവംബര്‍ ഏഴിന് ഹര്‍ജിക്കാരനില്‍ നിന്നു തെളിവെടുക്കും.

Latest
Widgets Magazine