പ്രശസ്ത അവതാരക അര്‍പ്പിതയുടെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ ചുരുളഴിക്കാനാകാതെ പൊലീസ്; കാമുകനെ ചോദ്യം ചെയ്തു  

 

 

മുംബൈ :പ്രശസ്ത അവതാരക അര്‍പ്പിത തിവാരിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു. ചൊവാഴ്ച രാവിലെയാണ് മുംബൈയിലെ മാല്‍വാനിയില്‍, ഒരു ഫ്‌ളാറ്റിന്റെ രണ്ടാം നിലയിലെ പാരപ്പറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കാണപ്പെടുന്നത്. തിങ്കളാഴ്ച രാത്രി കാമുകനോടൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായിരുന്നു യുവതി ഈ അപ്പാര്‍ട്ട്‌മെന്റിലെ 15 ാം നിലയിലേക്ക് വന്നത്. രാത്രി വൈകുവോളം പാര്‍ട്ടി നീണ്ടു നിന്നു. അര്‍പ്പിതയും കാമുകനുമടക്കം അഞ്ചു പേരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. ചൊവാഴ്ച രാവിലെ മുറിയില്‍ അര്‍പ്പിതയെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് രണ്ടാം നിലയിലെ പാരപ്പറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കാണപ്പെടുന്നത്. മുകളില്‍ നിന്നുള്ള വീഴ്ച്ചയെ തുടര്‍ന്ന് തല പൊട്ടി ചോര വാര്‍ന്ന നിലയിലായിരുന്നു അര്‍പ്പിതയുടെ മൃതദേഹം കിടന്നിരുന്നത്. ബാത്ത് റൂമിലെ ജനല്‍ വഴിയാണ് യുവതി താഴേയ്ക്ക് ചാടിയതെന്നാണ് കരുതപ്പെടുന്നത്. ഫ്‌ളാറ്റിലെ ബാത്ത് റൂം അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ബാത്ത് റൂം തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ജനലിലെ ഗ്ലാസ്സ് എടുത്ത് മാറ്റിയ നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മുകളില്‍ നിന്നും വീണ നിലയില്‍ അര്‍പ്പിതയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ് സംഘം. എന്നാല്‍ അര്‍പ്പിതയുടെ വീട്ടുകാരുടെ ആവശ്യ പ്രകാരമാണ് പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. അര്‍പ്പിതയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് അപായപ്പെടുത്തിയതാകാം എന്ന് സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. കാമുകന്‍ പലപ്പോഴും അര്‍പ്പിതയെ മര്‍ദ്ദിക്കാറുള്ള കാര്യം പെണ്‍കുട്ടി തന്നോട് പറഞ്ഞിരുന്നതായി സഹോദരിയും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അര്‍പ്പിതയുടെ ശരീരത്തില്‍ അതിക്രമം നടന്ന പാടുകളൊന്നും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ല.

Latest
Widgets Magazine