രമേഷ് പിഷാരടി വരെ എനിക്ക് ബിസിനസ്സുകാരിയുടെ ജാഡയാണെന്നു പറഞ്ഞു; ആര്യ

സിനിമയിലും ബിസിനസിലും ഒരുപോലെ തിളങ്ങുന്ന നടിമാര്‍ മലയാളത്തിലുണ്ട്. അക്കൂട്ടത്തില്‍ ആര്യയും ചേര്‍ന്നിരിക്കുകയാണ്. അരോയ എന്നാണ് ആര്യയുടെ സംരംഭത്തിന്റെ പേര്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സംരംഭമെന്നും കുടുംബാംഗങ്ങളുടെ കൂടി സഹായം കൊണ്ടാണ് ഈ സ്വപ്നം സഫലമായതെന്നും ആര്യ പറയുന്നു. ‘ടിവി ഷോയിലും അല്ലാതെയും ഞാന്‍ ഉപയോഗിക്കുന്ന ഡ്രസ്സ് കാണുമ്പോള്‍ ആളുകള്‍ നല്ല അഭിപ്രായം പറയുമായിരുന്നു. ഡിസൈനുകളെ പറ്റി പലരും പ്രത്യേകം ചോദിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ജോലിയുള്ളപ്പോള്‍ രണ്ടാമത് ഒന്നിലേക്ക് കൂടി തിരിയാന്‍ അധികം ടെന്‍ഷന്‍ വേണ്ടല്ലോ. നന്നായി പ്ലാന്‍ ചെയ്താണ് തിരുവനന്തപുരത്ത് ഞാന്‍ ‘അരോയ’ എന്ന പേരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ബുട്ടിക് തുടങ്ങുന്നത്. സെലിബ്രിറ്റിയായി ആളുകള്‍ അംഗീകരിക്കുന്ന സമയത്ത് എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയിട്ടേ കാര്യമുള്ളൂ എന്നെനിക്ക് നന്നായി അറിയാമായിരുന്നു. കൂടുതല്‍ കാശുണ്ടാക്കാനുള്ള ‘ആക്രാന്തം’ ആണല്ലേ എന്നു കളിയാക്കിയവരുമുണ്ട്. പക്ഷേ, ഞാനതൊന്നും കാര്യമാക്കിയില്ല. പണം മാത്രമല്ല ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതിന്റെ മനഃസുഖം ഒന്നു വേറെ തന്നെ എന്നു വിശദീകരിക്കാനും പോയില്ല. നല്ല ജീവിതത്തിനും ഭാവിക്കുമായി ഇങ്ങനെയൊരു ആക്രാന്തം നല്ലതല്ലേ എന്ന് സിംപിളായിട്ടങ്ങ് ചോദിച്ചു. പക്ഷേ, രണ്ടു വണ്ടികളും ഒരുമിച്ച് ഓടാന്‍ തുടങ്ങിയപ്പോഴാണ് ഉത്തരാവാദിത്തത്തിന്റെ ഭാരം എനിക്കു മനസ്സിലായത്. ആരോയയില്‍ വരുന്നവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കാറുണ്ട്. കസ്റ്റമേഴ്‌സുമായി നേരില്‍ സംസാരിച്ച് പുതിയ ഡിസൈനുകള്‍ കൊണ്ടുവരിക എന്നതായിരുന്നു അരോയ വഴി ചെയ്യാന്‍ ശ്രമിച്ചതും. ഷൂട്ടിങ് തിരക്കുകള്‍ കാരണം കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ തുടങ്ങി. അവിടെയെത്തി ആളുകളുമായി സംസാരിക്കാനും ഡിസൈനുകള്‍ പ്ലാന്‍ ചെയ്യാനും എനിക്ക് തീരെ പറ്റാതെയും വന്നു. അരോയ തുടങ്ങും മുന്‍പേ തന്നെ ഭാര്യയ്ക്കു വേണ്ടിയൊരു സാരി ഓര്‍ഡര്‍ ചെയ്ത രമേഷ് പിഷാരടി വരെ എനിക്ക് ബിസിനസ്സുകാരിയുടെ ജാടയാണെന്നു പറഞ്ഞു കളിയാക്കി. അപ്പോഴാണ് എന്റെ സുഹൃത്തും പാര്‍ട്ണറുമായി രശ്മി സഹായത്തിനെത്തിയത്. ഞാനില്ലാത്ത സമയം കണ്‍സല്‍റ്റന്റ് ഡിസൈനേഴ്‌സിനെ അവര്‍ റെഡിയാക്കി. എനിക്ക് തോന്നുന്നത് രണ്ട് തരം ജോലികളുമായി മുന്‍പോട്ട് പോകുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് നമുക്ക് വിശ്വസിക്കാന്‍ പറ്റുന്നയാളുകളെ കൂടെ നിര്‍ത്തുക എന്നതാണ്. അങ്ങനെ നില്‍ക്കാനും നൂറ് ശതമാനം വിശ്വസിക്കാനുമായി ഒരാളുണ്ടെങ്കില്‍ നമുക്ക് ബിസിനസ്സുമായി ധൈര്യമായി മുന്‍പോട്ട് പോകാം. ഈ ബിസിനസ്സിന് ഞാനറിയാതെ തന്നെയൊരു മാര്‍ക്കറ്റിങ് ഉണ്ടാകും എന്നതാണ് മറ്റൊരു കാര്യം.’-ആര്യ പറയുന്നു.

Top