ഏഷ്യാനെറ്റിനെപൂട്ടാൻ കയ്യേറ്റവടിയുമായി സിപിഎം: കുമരത്തെ രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റം വിവാദമാക്കാൻ ദേശാഭിമാനി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ ഇടതുമുന്നണി മന്ത്രിസഭയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നിരന്തരം വാർത്ത നൽകുന്ന ഏഷ്യാനെറ്റിനെ പൂട്ടാൻ കുതന്ത്രമൊരുക്കി സിപിഎമ്മും ദേശാഭിമാനിയും. ഏഷ്യാനെറ്റ് ചാനൽ മേധാവിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ എം പി കുമരകത്ത് കായൽ ഭൂമി കയ്യേറി എന്ന വാർത്ത സിപിഎമ്മിന് മൂന്നു തല മൂർച്ചയുള്ള ഒരു വജ്രായുധമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി തങ്ങളെ ഭൂമി കയ്യേറ്റക്കാരുടെ പാർട്ടി എന്ന പ്രതിച്ഛായയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന മൂന്ന് പേർക്ക് നേരെയുള്ള ചതുരംഗക്കളിയിലെ മില്യൺ ഡോളർ മൂല്യമുള്ള നീക്കം.

ഇന്നലെയും ഇന്നുമായി ദേശാഭിമാനിയും സൈബർ സഖാക്കളും രാജീവ് ചന്ദ്രശേഖരന്റെ കൈയേറ്റ വാർത്ത വലിയ ചർച്ചയാക്കി ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. മറ്റ് മുഖ്യധാര മാധ്യമങ്ങൾ അതിലേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടിലെങ്കിലും വിഷയം ശക്തമായി മുൻപോട്ട് കൊണ്ടുപോകാൻ തന്നെയാണ് തങ്ങളുടെ തീരുമാനം എന്ന് ഇന്നത്തെ ദേശാഭിമാനി വാർത്തയിലൂടെ സിപിഎം വ്യക്തമാക്കുന്നു.

ഒരു വർഷമായി വ്യക്തമായ ഭൂമി കയ്യേറ്റം, തുടർ നടപടി വൈകിപ്പിച്ച് റവന്യൂ അധികൃതർ ബിജെപി നേതാവിനെ തുണച്ചു എന്നാണ് ഇന്നത്തെ ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്. അതായത് റവന്യൂ അധികൃതർ എന്നു പറഞ്ഞാൽ മന്ത്രി ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ പാർട്ടി സിപിഐയും എന്നർത്ഥം.

അധികാരത്തിലേറിയത് മുതൽ റവന്യൂ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ അത്ര രസത്തിലല്ല. മൂന്നാർ, ലോ അക്കാദമി വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ചന്ദ്രശേഖരൻ നേരിട്ട് ഏറ്റുമുട്ടി. മൂന്നാർ വിഷയത്തിൽ താരതമ്യേന അപ്രധാനമായ യോഗത്തിന്റെ കാരണം പറഞ്ഞ് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്നും ചന്ദ്രശേഖരൻ വിട്ടുനിന്നു. ഏറ്റവും ഒടുവിൽ തോമസ് ചാണ്ടി വിഷയത്തിൽ ക്യാബിനറ്റ് യോഗം തന്നെ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സിപിഐ മന്ത്രിമാർ ബഹിഷ്‌ക്കരിച്ചു. ഇതിനെ അസാധാരണ നടപടി എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ എതിരിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രിക്ക് വേണ്ടി നടത്തിയ പത്രസമ്മേളനത്തിൽ സിപിഐയെ, ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്നവർ എന്നാണ് ആക്ഷേപിച്ചത്.

കോടിയേരിയുടെ പത്രസമ്മേളനം കഴിഞ്ഞു തൊട്ടടുത്ത ദിവസം മൂന്നാറിൽ സിപിഎം നേതൃത്വത്തിൽ റവന്യൂ വകുപ്പിനെതിരെ ഹർത്താൽ പ്രഖ്യാപിച്ചു. ആലപ്പുഴയിൽ ചേർത്തലയിലെ സിപിഐ ഓഫീസ്, കയ്യേറി നിർമ്മിച്ചതാണ് എന്ന ആരോപണവുമായി സിപിഎം ആലപ്പുഴ ജില്ല നേതൃത്വം രംഗത്തെത്തി. തോമസ് ചാണ്ടി വിഷയം കത്തി നിൽക്കുമ്പോഴൊന്നും പ്രത്യക്ഷപ്പെടാത്ത സിപിഐ നേതാവ് കെ ഇ ഇസ്മായിൽ പാർട്ടി പറഞ്ഞിട്ടാണ് ലേക് പാലസിലേക്കുള്ള റോഡിന് പണം നൽകിയത് എന്നു പറഞ്ഞുകൊണ്ടു ഫേസ്ബുക്കിൽ പൊട്ടിവീണു. ഇതിനിടെ കാസർഗോഡ് സിപിഎം, ചന്ദ്രശേഖരൻ മന്ത്രിയുടെ പരിപാടികൾ ബഹിഷ്‌ക്കരിക്കാൻ ആലോചിക്കുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറേ മാസങ്ങളായി ഇടതു സ്വതന്ത്രൻ പി വി അൻവർ എംഎൽഎയ്‌ക്കെതിരെയും തോമസ് ചാണ്ടിക്കെതിരെയും നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്ത് ഗവൺമെന്റിനെയും സിപിഎമ്മിനെയും അതിലൂടെ മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്നതിൽ ഏഷ്യാനെറ്റ് വിജയം കാണുന്നു എന്ന യാഥാർഥ്യം സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു. ഏകദേശം 70-ഓളം വാർത്തകളും 25-ഓളം ന്യൂസ് അവർ ചർച്ചകളുമാണ് ഏഷ്യാനെറ്റ് തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തിൽ ചെയ്തത്. ഏകദേശം അത്ര തന്നെ എണ്ണം പിവി അൻവറിന്റെ വിഷയത്തിലും ചെയ്യുന്നു. അൻവറിന്റെ രാജി കൂടി അനിവാര്യമാകുന്ന സാഹചര്യം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സങ്കൽപ്പിക്കാൻ കഴിയുന്നതിനെക്കാൾ വലിയ പരാജയമാണ്. ഒപ്പം കയ്യേറ്റക്കാരും കള്ളപ്പണക്കാരും എന്ന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധയുക്തിയുടെ ഗംഭീര രാഷ്ട്രീയ വിജയം കൂടിയായി അത് മാറും. കഴിഞ്ഞ കുറച്ചുകാലങ്ങളായി സിപിഎം താലോലിച്ചു വളർത്തിക്കൊണ്ടുവരുന്ന ന്യൂനപക്ഷ വോട്ട് ബാങ്ക് എന്ന സ്വപ്നം തകരാനുള്ള സാധ്യതയും സിപിഎം കാണുന്നുണ്ട്.

തോമസ് ചാണ്ടിക്കെതിരെ തെരുവിൽ ഏറ്റവും യുദ്ധം ചെയ്തത് ബിജെപിയാണെന്നതും ആലോചനാമൃതം.

രാജീവ് ചന്ദ്രശേഖരന്റെ കായൽ കയ്യേറ്റ വിഷയം ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ ഒരേ സമയം ഏഷ്യാനെറ്റിനെയും ബിജെപിയെയും സിപിഐയും ലക്ഷ്യമിടുകയാണ് സിപിഎം.

Latest
Widgets Magazine