അറ്റ്‌ലസ് രാമചന്ദ്രന്‍ ഇനി പുറം ലോകം കാണില്ലേ? കൂടുതല്‍ കേസ്സുകളില്‍ വിധിവരാന്‍ അനാഥനായി കാത്തിരിക്കുന്നു മലയാളികളുടെ മനസ്സ് കീഴടക്കിയ കലാകാരനായ ബിസ്സിനസ്സ് രാജാവ്

ദൂബായ്: ബിസിനസ്സ് ലോകത്തിലും സിനിമാലോകത്തിലും ശ്രദ്ധേയനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ‘അറ്റ്‌ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം’ എന്ന പരസ്യ വാചകം കേള്‍ക്കാത്തവരും ചുരുക്കം. ഈ പരസ്യത്തിലൂടെ അദ്ദേഹം മലയാളി വീട്ടകങ്ങള്‍ക്ക് വരെ സുപരിചിതമായത്. എന്നാല്‍ കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായികളില്‍ ഒരാളായിരുന്ന രാമചന്ദ്രന്‍ ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ അറസ്റ്റിലായെന്നത് മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോള്‍ അതിനും അപ്പുറത്തേക്ക് വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് ദുബായിലെ ജയിലില്‍ നിന്ന് പുറത്തുവരുന്നത്. സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രന്‍ നായര്‍ അറ്റ്‌ലസ് രാമചന്ദ്രനായി വളര്‍ന്നത് അതിവേഗമായിരുന്നു. എന്നാല്‍, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ തകര്‍ച്ചയും ഉണ്ടായിരിക്കുന്നത്. എല്ലാ പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലുള്ള അറ്റ്ലസ് രാമചന്ദ്രന് ഇനി ജയിലില്‍ നിന്ന് പുറത്തുവരാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ യുഎഇയിലെ ജയിലിലുള്ള അറ്റ്ലസ് രാമചന്ദ്രന്റെ അവസ്ഥ അതിദയനീയമെന്ന് സൂചനയാണ് പുറത്തു വരുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. അതായത് ജയിലില്‍ തന്നെ അവസാന നാളുകള്‍ സ്വര്‍ണ്ണക്കട മുതലാളിക്ക് കഴിയേണ്ടി വരുമെന്നാണ് സൂചന. നിലവില്‍ ഒരു കേസില്‍ മാത്രം മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അറ്റ്ലസ് രാമചന്ദ്രന്‍ ജയിലിലായത്. എന്നാല്‍ ആരോപിക്കപ്പെട്ട എല്ലാ കേസ്സുകളിലും വിധി വരുമ്പോള്‍ തടവ് ശിക്ഷയുടെ കാലം നാല്‍പ്പതുകൊല്ലം കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതോടെ അറ്റ്ലസ് രാമചന്ദ്രന്‍ ആകെ തളര്‍ന്നു പോയി. അറ്റ്ലസ് രാമചന്ദ്രനെതിരായ കേസുകളില്‍ പലതും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാമചന്ദ്രന്‍ ജയിലില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് അടുത്തിടെ സാമ്പത്തിക കുറ്റവാളി തടവില്‍ കഴിഞ്ഞ ശേഷം ജയില്‍ മോചിതനായ അഫ്ഗാന്‍ സ്വദേശി അസ്ഖര്‍ ഭായ് പറഞ്ഞത്. ജയില്‍വാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലില്‍ രാമചന്ദ്രന്‍ ഉന്മേഷവാനായിരുന്നു.. അന്നൊക്കെ സഹതടവുകാര്‍ക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രന്‍ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായി. നാല്‍പ്പതുകൊല്ലം അകത്ത് കിടക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന അറിവ് അദ്ദേഹത്തെ തളര്‍ത്തി. വളരെ ദയനീയമാണ് രാമചന്ദ്രന്റെ സ്ഥിതിയെന്നും ആരോഗ്യ പ്രശ്നങ്ങള്‍ തളര്‍ത്തിയെന്ന് വേണം മനസ്സിലാക്കാനെന്നും അസ്ഖര്‍ ഭായ് പറയുന്നു. പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാന്‍ പണമില്ലാതെ ജയില്‍ ആഹാരം മാത്രം കഴിക്കുകയാണ് ശത കോടീശ്വരനായിരുന്ന മലയാളി എന്നതാണ് യാഥാര്‍ത്ഥ്യം.

കൈവശം പണമുള്ള തടവുകാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാനുള്ള അനുവാദം തടവുകാര്‍ക്ക് ദുബായ് ജയിലധികൃതര്‍ അനുവദിക്കാറുണ്ട്. അതിനാല്‍ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇതിനുള്ള പണം നല്‍കും. എന്നാല്‍ രാമചന്ദ്രന് സന്ദര്‍ശകരുമില്ല, പണവുമില്ല എന്നതാണവസ്ഥ. കടുത്ത പ്രമേഹം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടെങ്കിലും അതിനാവശ്യമായ ചികിത്സയോ ഭക്ഷണ നിയന്ത്രണമോ ഒന്നും സാധ്യമാകുന്നില്ലെന്നതാണ് വസ്തുത. ഭര്‍ത്താവും മകളും ജയിലിലായതോടെ ഒറ്റപ്പെട്ടുപോയ ഭാര്യയ്ക്കും ഒന്നും ചെയ്യാനാകുന്നില്ല. ദുബായിലേക്ക് വരാനാകാത്ത മകനും രാമചന്ദ്രനെ സഹായിക്കാനാവുന്നില്ല. രാമചന്ദ്രന്‍ സഹായിച്ച സുഹൃത്തുക്കളോ അദ്ദേഹം വഴി വിദേശത്തെത്തി രക്ഷപെട്ട പ്രവാസി മലയാളികളോ പഴയ ജീവനക്കാരോ ഒന്നും തിരിഞ്ഞു നോക്കുന്നില്ല.

ഇപ്പോഴും കോടികള്‍ വിലമതിക്കുന്ന സ്ഥാപരജംഗമസ്വത്തുക്കള്‍ അറ്റ്‌ലസ് രാമചന്ദ്രന് ദുബായിലും നാട്ടിലുമായി സ്വന്തമായുണ്ട്. വായ്പാ കുടിശിഖയുള്ള ബാങ്കുകളുമായി ചര്‍ച്ച നടത്തി ഈ വസ്തുക്കള്‍ വില്‍പ്പന നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്താനും ആരും മുന്നിട്ടിറങ്ങിയിട്ടില്ല. പ്രവാസി മലയാളി സംഘടനകളും രാമചന്ദ്രന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല. കുവൈത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രന്‍ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രന്‍ നായരായി ഉയര്‍ന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരില്‍ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തില്‍ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളര്‍ച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്‌ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം.

ഗള്‍ഫില്‍ മാത്രമായി അറ്റ്‌ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകള്‍ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തില്‍ അനീതി കാട്ടിയപ്പോഴും വിവാദങ്ങളില്‍ പെട്ടപ്പോഴും തല ഉയര്‍ത്തി പരിശുദ്ധ സ്വര്‍ണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂര്‍വ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളര്‍ത്തിയ മനുഷ്യന്‍ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവര്‍ക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാര്‍ക്കെതിരെയും അനവധി ആരോപണങ്ങളുയര്‍ന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല. എല്ലാവര്‍ക്കും താങ്ങും തണലുമായി. മലയാളികളെ കൈയയച്ചു സഹായിച്ചു. അങ്ങനെയുള്ള രാമചന്ദ്രനാണ് ജയിലില്‍ ദുരവസ്ഥ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഒന്നും ചെയ്യുന്നില്ല.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു രാമചന്ദ്രന്‍ നായര്‍. നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡിങ്ങ്, ഹരിഹര്‍ നഗര്‍ ടു, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യം നിര്‍മ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയില്‍ സാന്നിധ്യമുറപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിര്‍മ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാര്‍ഡുകള്‍ വാരിക്കൂട്ടി.

ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാര്‍ത്തിയിരുന്നു. മറ്റ് ആശുപത്രികളില്‍ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികള്‍. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമുണ്ടായിരുന്നില്ല. ആര്‍ക്കും ചികില്‍സ കിട്ടുന്നുവെന്ന് പ്രവാസി മലയാളികള്‍ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തര്‍, സൗദി, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലും അറ്റ്‌ലസ് ജുവല്ലറിക്ക് ഷോറൂമുകള്‍ ഉണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ വീഴ്ത്തേണ്ടതു ചിലരുടെ ബിസിനസ് താത്പര്യമായിരുന്നുവെന്നും ആരോപണമുണ്ട്.

റിയല്‍ എസ്റ്റേറ്റിലുള്ള താല്‍പ്പര്യമാണ് രാമചന്ദ്രന് വിനയായത്. റിയില്‍ എസ്റ്റേറ്റിലെ തകര്‍ച്ചയോടെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെയായി. തൃശൂര്‍ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. കമലാകര മേനോന്‍ ആണ് പിതാവ്. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്. രാമചന്ദ്രന്റെ മകളും കേസില്‍പെട്ട് ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍.

Top