കസ്‌റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ എ.വി. ജോര്‍ജിനു ഡി.ഐ.ജിയായി സ്‌ഥാനക്കയറ്റം നല്‍കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്ത് ലോക്കപ്പിൽ കൊല്ലപ്പെട്ട കേസിൽ ആരോപണവിധേയനായ ‘കടുവാത്തലവൻ ‘ ആലുവ റൂറല്‍ എസ്‌.പി: എ.വി. ജോര്‍ജിനു ഡി.ഐ.ജിയായി സ്‌ഥാനക്കയറ്റം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാര്‍ശ. ഇതുസംബന്ധിച്ച നിര്‍ദേശം ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണിക്കു ലഭിച്ചു.വരാപ്പുഴ കസ്‌റ്റഡിമരണക്കേസില്‍ അറസ്‌റ്റിലായ മൂന്നു പോലീസുകാര്‍ ഉള്‍പ്പെട്ട പ്രത്യേക ടൈഗര്‍ ഫോഴ്‌സിന്റെ തലവനാണ്‌ എ.വി. ജോര്‍ജ്‌. അദ്ദേഹത്തിന്റെ അറിവോടെയാണു ശ്രീജിത്തിനെ ആളുമാറി വീട്ടില്‍നിന്നു കസ്‌റ്റഡിയിലെടുത്തതെന്നാണ്‌ ആരോപണം.

വരാപ്പുഴ കേസില്‍ അന്വേഷണം പുരോഗമിക്കവേയാണു സ്‌ഥാനക്കയറ്റം സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ പൂര്‍ത്തിയാക്കിയത്‌.സംസ്‌ഥാനത്തെ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരുടെ പട്ടിക പരിശോധിച്ച്‌, ഒഴിവുകള്‍ നികത്താനുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണു ജോര്‍ജിനു സ്‌ഥാനക്കയറ്റം നല്‍കാനുള്ള കേന്ദ്രശിപാര്‍ശ. ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി എസ്‌. സുരേന്ദ്രനും ഡി.ഐ.ജി. പദവിക്കുള്ള ശിപാര്‍ശപ്പട്ടികയിലുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടുവര്‍ഷം കൂടുമ്പോള്‍ സംസ്‌ഥാനങ്ങളിലെ ഐ.പി.എസ്‌. ഒഴിവുകള്‍ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ വിലയിരുത്താറുണ്ട്‌. ഇതനുസരിച്ചു 2005 ബാച്ചിലെ രണ്ടു തസ്‌തികകള്‍ കേരളത്തിലുണ്ടെന്നു കണ്ടെത്തി. ഇതേത്തുടര്‍ന്നാണു ജോര്‍ജിനെയും സുരേന്ദ്രനെയും സ്‌ഥാനക്കയറ്റത്തിനു ശിപാര്‍ശ ചെയ്‌തത്‌. എന്നാല്‍, ജോര്‍ജിന്റെ സ്‌ഥാനക്കയറ്റം സംബന്ധിച്ചു സംസ്‌ഥാന ഇന്റലിജന്‍സിന്‌ എതിരഭിപ്രായമുള്ളതായാണു സൂചനയുണ്ട് എന്നും മംഗളം റിപ്പോർട്ട് ചെയ്തു

എന്നാല്‍, ജോര്‍ജിനെ എറണാകുളം റൂറല്‍ എസ്‌.പി. സ്‌ഥാനത്തുനിന്നു സംസ്‌ഥാന സര്‍ക്കാര്‍ മാറ്റുമെന്നു സൂചനയുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത്‌ മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ക്രൈം ബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ എസ്‌.പി: ജോര്‍ജിനെതിരേ പരാമര്‍ശമുണ്ടായാല്‍ സ്‌ഥാനക്കയറ്റം അടഞ്ഞ അധ്യായമാകും.

Top