ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിയെ ഇന്ന് പ്രതി ചേര്‍ക്കും; ബിജെപി നേതാക്കളായ ഉമാഭാരതിയും എംഎം ജോഷിയും പ്രതിപ്പട്ടികയില്‍

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് അദ്വാനിയെ ഇന്ന് പ്രതി ചേര്‍ക്കും. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് അദ്വാനിയെ ഉള്‍പ്പെടുത്തുക. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലകനൗ പ്രത്യേക കോടതി ഇന്ന് കുറ്റം ചുമത്തിയേക്കും. അദ്വാനിക്ക് പുറമേ കേന്ദ്രമന്ത്രി ഉമാഭാരതിയും മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷിയും സംഘ്പരിവാര്‍ നേതാക്കളുമാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി വകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തേണ്ടത്. കഴിഞ്ഞമാസമാണ് നേതാക്കള്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ച് വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം, അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ഹാജരാകുമോയെന്ന് വ്യക്തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റം ചുമത്തുമ്പോള്‍ പ്രതിസ്ഥാനത്തുള്ളവര്‍ നേരിട്ട് ഹാജരാകണമെന്നാണ് ചട്ടം. നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്വാനിയും മറ്റ് നേതാക്കളും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇതിനിടെ, ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കേസില്‍ ഇന്നലെ കുറ്റം ചുമത്തവേ കുറ്റാരോപിതര്‍ ഹാജരാക്കാത്തതിനെ കോടതി വിമര്‍ശിച്ചു. കേസ് പരിഗണിച്ചപ്പോള്‍ ശിവസേനയുടെ മുന്‍ എം.പിയായ സതീഷ് പ്രധാന്‍ മാത്രമാണ് ഇന്നലെ കോടതിയില്‍ ഹാജരായത്. കേസില്‍ പ്രതിസ്ഥാനത്തുള്ള വി.എച്ച്.പി നേതാക്കളായ മഹന്ത് നൃത്യഗോപാല്‍ ദാസ്, മഹന്ത് രാംവിലാസ് വേദാന്തി, വി.എല്‍.ശര്‍മ്മ, സി.ആര്‍.ബന്‍സാല്‍, ധര്‍മ്മദാസ് എന്നിവരാണ് ഇന്നലെ ഹാജരാക്കേണ്ടിയിരുന്നത്.ഇവരോട് 30ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

Top