ബണ്ടി ചോറിനു ജീവിതം മടുത്തു; ജയിലില്‍ കാണിച്ചത്

ഹൈടെക്ക് മോഷ്ടായ ബണ്ടി ചോറിന് ജയില്‍ ജീവിതം മടുത്തു. 10 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ബണ്ടി ചോര്‍ ആത്മഹത്യക്കു ശ്രമിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബണ്ടി ചോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തടവുശിക്ഷ വിധിക്കപ്പെട്ട ബണ്ടി ചോര്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. സിഎഫ് എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങിയാണ് ബണ്ടി ചോര്‍ ആത്മഹത്യക്കു ശ്രമിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് ജയില്‍ വരാന്തയിലൂടെ നടന്ന ബണ്ടി ചോര്‍ സെല്ലിലെ ബള്‍ബ് ഊരിയെടുത്ത് തറയില്‍ എറിഞ്ഞ് പൊട്ടിച്ചു. ശബ്ദം കേട്ട് പാറാവുകാര്‍ എത്തുമ്പോഴേക്കും കുറച്ചു ചില്ലുകള്‍ ഇയാള്‍ വായില്‍ ഇട്ടിരുന്നു. സംഭവം നടന്നയുടന്‍ തന്നെ ബണ്ടി ചോറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബള്‍ബിന്റെ കുറച്ചു കഷണങ്ങള്‍ ഇയാളുടെ ആമാശയത്തില്‍ എത്തിയതായി പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2013 ജനുവരി 12ന് തിരുവനന്തപുരം പട്ടത്തെ വീട്ടില്‍ നടത്തിയ മോഷണമാണ് ബണ്ടി ചോറിനെ കുടുക്കിയത്. വിദേശ മലയാളിയായ വേണുഗോപാല്‍ നായരുടെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്തിയത്. 10 വര്‍ഷത്തെ കഠിന തടവും 10000 രൂപ പിഴയുമാണ് ബണ്ടി ചോറിന് കോടതി ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണ കാലത്ത് ഇയാള്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നു ചികില്‍സ നല്‍കിയിലിരുന്നു. കേരളത്തിനു പുറത്ത് ദില്ലി, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലുള്‍പ്പെടെ ബണ്ടി ചോര്‍ മോഷണം നടത്തിയിട്ടുണ്ട്. ആഡംബര വസ്തുക്കള്‍ മോഷ്ടിക്കുന്നതിനാണ് ഇയാള്‍ക്കു പ്രിയം.

Latest
Widgets Magazine