കെ. ബാബു മന്ത്രിസ്ഥാനം രാജിവയ്ക്കും,സുധീരന്‍ ശക്തമായ നിലപാട് മുഖ്യമന്ത്രിയെ വെട്ടിലാക്കും .ഉമ്മന്‍ ചാണ്ടി പിരിമുറുക്കത്തില്‍

തിരുവനന്തപുരം:മന്ത്രി ക് ബാബുവും രാജി വെക്കും . ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞ സാഹചര്യത്തില്‍ കെ. ബാബുവിന് ഇനിയും പിടിച്ചു നില്‍ക്കാനാവില്ല .മന്ത്രി സഭയില്‍ പിടിച്ചു നിര്‍ത്താന്‍ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുമെങ്കിലും ഭരണ പക്ഷത്തേയും കെ.പി.സി.സി പ്രസിഡന്റിന്റേയും കര്‍ശന നിലപാട് നിര്‍ണ്ണായകം ആവുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാബുവും മറ്റ് മുതിര്‍ന്ന നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്.

 

യു.ഡി.എഫിനുള്ളിലും ഈ വിധി തര്‍ക്കങ്ങള്‍ക്ക് വഴിവച്ച സാഹചര്യത്തില്‍ ബാബുവിന്റെ രാജിയല്ലാതെ മറ്റ് വഴിയില്ലാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. ഇത്തരത്തില്‍ ഒരു സംഭവമുണ്ടായാല്‍ താന്‍ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങില്ലെന്ന് ബാബുവും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ബാബുവിനും വിജിലന്‍സിനുമെതിരെ കടുത്ത വിമര്‍ശനമാണ് വിജിലന്‍സ് കോടതി ഉയര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് മുഖംരക്ഷിക്കാന്‍ ബാബുവിനെ കുരുതികൊടുക്കാതിരിക്കാന്‍ കഴിയില്ല. നേരത്തെ ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട മറ്റൊരുകേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശം വന്ന സാഹചര്യത്തില്‍ കെ.എം. മാണി മന്ത്രിസ്ഥാനത്തുനിന്നും രാജിവച്ചിരുന്നു. അന്നുമുതല്‍ തന്നെ ബാര്‍ക്കോഴ കേസില്‍ ഇരട്ടനീതിയാണ് കോണ്‍ഗ്രസ് കാട്ടുന്നതെന്ന അഭിപ്രായമായിരുന്നു മാണി ഗ്രൂപ്പിന്. ഇപ്പോള്‍ വിജിലന്‍സ് കോടതിയില്‍ നിന്നുള്ള വിധി വന്നയുടന്‍ തന്നെ അതിനോട് ശക്തമായി മന്ത്രി പി.ജെ. ജോസഫ് പ്രതികരിച്ചതും അതിന്റെ ഭാഗമാണ്. കോടതിവിധിയെ ബാബു മാനിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത് ബാബു രാജിവയ്ക്കണമെന്ന മാണി ഗ്രൂപ്പിന്റെ നിലപാടാണ്. ഇത് കണ്ടില്ലെന്ന് നടിച്ചുകൊണ്ട് സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയില്ല. മാത്രമല്ല, കെ.പി.സി.സിപ്രസിഡന്റ് വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവരും ബാബുരാജിവയ്ക്കണമെന്ന നിലപാടുകാരാണ്.

ലോകായുക്തയില്‍ കേസുണ്ടെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് കോടതിയില്‍ വിജിലന്‍സ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. മറ്റ് കോടതികളില്‍ കേസുള്ളതിനാല്‍ വിജിലന്‍സ് കോടതി അടച്ചു പൂട്ടണമെന്നാണോ എന്ന ജഡ്ജി ചോദിച്ചു. കോടതിയെ കൊഞ്ഞനം കുത്തരുത്, വിഡ്ഢിയാക്കുകയുമരുത്. ഒന്നര മാസം വിജിലന്‍സ് എന്ത് ചെയ്യുകയായിരുന്നു?. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനായോ?. ‘ഞഞ്ഞാ പിഞ്ഞാ’ വര്‍ത്തമാനം പറയുകയല്ല. വ്യക്തമായ തെളിവുകളുമായി വരണം. സത്യസന്ധതയും ആത്മാർഥതയും ഇച്ഛാശക്തിയും ഉണ്ടായിരുന്നെങ്കിൽ പത്ത് ദിവസത്തിനകം ദ്രുതപരിശോധന പൂർത്തിയാക്കാമായിരുന്നു. മന്ത്രി ബാബുവിനെറ ആസ്തിയും ബാങ്ക് ലോക്കറും വീടും പരിശോധിച്ചോ എന്നും ബിജു രമേശിന്‍െറ മൊഴി രേഖപ്പെടുത്തിയോ എന്നും കോടതി ചോദിച്ചു. തെളിവുകള്‍ ഹാജരാക്കാനുള്ള ബാധ്യത പരാതിക്കാരന്‍േറതല്ല, അത് സര്‍ക്കാര്‍ കണ്ടത്തെണമെന്നും കോടതി പറഞ്ഞു.

ജോര്‍ജ് വട്ടുകുളത്തിന്‍െറ പരാതിയില്‍ മന്ത്രി ബാബുവിനെതിരെ ദ്രുത പരിശോധന നടത്താന്‍ നേരത്തെ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിജിലന്‍സ് എറണാകുളം എസ്.പി ആര്‍. നിശാന്തിനിയാണ് അന്വേഷിക്കുന്നത്. ശനിയാഴ്ച ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ദിവസമായിരുന്നു. എന്നാല്‍, പരാതിക്കാരന്‍െറ മൊഴിയെടുത്തത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷവും കേസെടുക്കാന്‍ വേണ്ട തെളിവുകള്‍ കിട്ടിയിട്ടില്ളെന്നാണ് വിജിലന്‍സിന്‍െറ നിലപാട്. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

 

നേരത്തെ ബാറുകളുടെ ലൈസന്‍സുമായുള്ള പ്രശ്‌നം വിവാദമായിരുന്ന സാഹചര്യത്തില്‍ കെ. ബാബുവാണ് സുധീരനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. അവര്‍ തമ്മില്‍ വലിയ തര്‍ക്കവും പരസ്യമായി ഉണ്ടായിരുന്നു. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ഏറ്റവും തിടുക്കം ബാബുവിനാണെന്ന അഭിപ്രായമായിരുന്നു അന്ന് സുധീരന്‍ പ്രകടിപ്പിച്ചത്. അത് ഇപ്പോള്‍ ഏകദേശം ശരിയായി വന്നിരിക്കുകയാണെന്നാണ് കോടതിവിധി വ്യക്തമാക്കുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ നിലപാട്. അതുകൊണ്ട് ബാബുവിനെതിരെ ഉയര്‍ന്നത് വെറും ആരോപണങ്ങള്‍ മാത്രമല്ലെന്ന നിലപാടിലാണ് അവരെല്ലാം. അതുകൊണ്ടുതന്നെ ബാബു രാജിവയ്ക്കണമെന്ന അഭിപ്രായമാണ് സുധീരനുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുവയ്ക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് അടുത്ത സമയമാണ്. ഈ സമയത്ത് കോടതിവിധി മാനിച്ചുകൊണ്ട് രാജിവച്ചാല്‍ അത് പാര്‍ട്ടിക്കും മുന്നണിക്കും മുഖം രക്ഷിക്കലാകും. അല്ലാതെ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങിക്കിടന്നാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്കായിരിക്കും വഴിവയ്ക്കുക.അത് പ്രതിപക്ഷത്തിന് നല്‍കാവുന്ന ഏറ്റവും നല്ല ആയുധമായിരിക്കും.

 

പ്രതിപക്ഷത്തെ നിഷപ്രഭരാക്കാനാണ് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ലാതിരുന്ന ലാവ്‌ലിന്‍ കേസ് സര്‍ക്കാര്‍ പൊക്കികൊണ്ടുവന്നത്. മാത്രമല്ല, കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ പ്രതിചേര്‍ത്തതും ആയുധമാക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുകയായിരുന്നു. എന്നാല്‍ അതിനൊക്കെ ഏറ്റ വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ബാബുവിനെതിരെയുള്ള കേസില്‍ ഉണ്ടായിരിക്കുന്നത്. അത് മാനിക്കാതെ സ്ഥാനത്ത് തുടര്‍ന്നാല്‍ പ്രതിപക്ഷം ഇത് ശക്തമായി ഉന്നയിച്ചുകൊണ്ട് മറ്റുള്ള ആരോപണങ്ങളെല്ലാം നിഷ്പ്രഭമാക്കും. അതിനെക്കാള്‍ നല്ലത് രാജിയാണെന്നും യു.ഡി.എഫില്‍ അഭിപ്രായമമുണ്ട്. മാത്രമല്ല, മുമ്പ് മാണിയെ ചെറുതായി കാണിക്കാനായി, തനിക്കെതിരെ എഫ്.ഐ.ആറില്‍ പേരുവന്നാല്‍ പിന്നെ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങിയിരിക്കില്ലെന്ന് ബാബു പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതൊക്കെ ആയുധമാക്കിയാണ് കോണ്‍ഗ്രസിലെ ബാബു വിരുദ്ധരും യു.ഡി.എഫിലെ ചില കക്ഷികളും കലാപത്തിനൊരുങ്ങുന്നത്.

 

 

എന്നാല്‍ ഈ കോടതിവിധിയുടെ പേരില്‍ ബാബുവിനെ രാജിവയ്പ്പിക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പക്ഷേ അതിന് അംഗീകാരം ലഭിക്കാനുളള സാദ്ധ്യതയില്ല. ബാബു രാജിവച്ചേമതിയാകൂവെന്ന് സുധീരന്‍ നിലപാട് കടുപ്പിക്കുന്നതോടെ ഉമ്മന്‍ചാണ്ടിക്കും വഴങ്ങേണ്ടിവരും. എന്നാല്‍ ബാബുവിനൊപ്പം വിജിലന്‍സിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയെക്കൂടി സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കം എ ഗ്രൂപ്പില്‍ നിന്നുണ്ടാകുന്നുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖങ്ങളും തുറക്കും.

Latest
Widgets Magazine