ഭാവന വിവാഹിതയാവുന്നു? വരന്‍ കന്നഡ നടനും നിര്‍മാതാവുമായ നവീന്‍ കൃഷ്ണ

കൊച്ചി :സിനിമ നടി ഭാവന വിവാഹിതയാവുന്നു.കന്നഡ നടനും നിര്‍മ്മാതാവുമായ നവീന്‍ കൃഷ്ണ ആണ് പ്രതിശ്രുത വരന്‍. വിവാഹത്തെക്കുറിച്ചും പ്രതുശ്രുത വരനെക്കുറിച്ചും ചോദിക്കുന്ന അവസരങ്ങളിലെല്ലാം ജീവിതത്തെ വളരെ പക്വതയോടെ കാണുന്ന വ്യക്തിയായിരിക്കണം വരന്‍ എന്ന് ഭാവന സൂചിപ്പിച്ചിട്ടുണ്ട്. 2014 ല്‍ വിവാഹിതരാകാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഇരുവരുടെയും തിരക്ക് മൂലം വിവാഹം നീണ്ട് പോവുകയായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം ഭാവനയുടെ അച്ഛന്റെ വിയോഗവും വിവാഹം നീണ്ടുപോകാന്‍ കാരണമായി.

സമീപ കാലത്തായിരുന്നു നവീന്റെ അമ്മയുടെ മരണവും. ഏതായാലും അധികം താമസിയാതെ വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. അടുത്ത ജനുവരിയില്‍ വലിയ ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തും. ജൂണിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബി ടു വിലാണ് ഇപ്പോള്‍ ഭാവന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. bavahananaനടന്‍ വിജയ് മേനോന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന വിളക്ക്മരം എന്ന ചിത്രത്തിലും ഭാവന അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ സജീവമല്ലായിരുന്നെങ്കിലും തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ച ഭാവന നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.

2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് 14 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നാല് ഭാഷകളിലായി 65 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഭാവന. ദൈവനാമത്തില്‍ എന്ന ചിത്രത്തിലൂടെ 2005ല്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Latest
Widgets Magazine