ഭാഷയല്ല പ്രധാനം; നമ്മുടെ സംസ്‌കാരം മനസിലാക്കാന്‍ കഴിയുന്ന ആളാകണം പരിശീലകനെന്ന് ധോണി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ചിലതു പറയാനുണ്ട്. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യമാണ് ബിസിസിഐ പരസ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന മാനദണ്ഡം. എന്നാല്‍, ഭാഷയില്‍ അല്ല കാര്യമെന്നും നമ്മുടെ സംസ്‌കാരം മനസിലാക്കാന്‍ കഴിയുന്ന ആളാകണം പരിശീലകനെന്നും ധോണി പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥനത്തേക്ക് അപേക്ഷകരെ ക്ഷണിച്ച് കഴിഞ്ഞയാഴ്ച ബിസിസിഐ പരസ്യം നല്‍കിയിരുന്നു. ജൂണ്‍ പത്തിനാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്.

സിംബ്ബാവെ പര്യടനത്തില്‍ ശരിയായ ബാറ്റിംഗ് നിരയെ രൂപപ്പെടുത്തുക എന്നതാവും വെല്ലുവിളിയെന്ന് ധോണി പറഞ്ഞു. പലപ്പോഴും വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ള ടീമാണ് സിംബ്ബാവെ. നമ്മളെ സംബന്ധിച്ച് ബാറ്റിംഗ് നിരയാണ് പ്രശ്നം. നിരവധി പുതിയ കളിക്കാരുമായാണ് പര്യടനത്തിന് പോകുന്നത്. ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും. ധോണി പറഞ്ഞു. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യും ഉള്‍പ്പെടുന്ന സിംബ്ബാവെ പര്യടനം ഈ മാസം 11 നാണ് ആരംഭിക്കുന്നത്.

വിരാട് കോഹ്ലിയെ ഇന്ത്യന്‍ ടീമിന്റെ സമ്പൂര്‍ണ ക്യാപ്റ്റനാക്കണമെന്ന രവി ശാസ്ത്രിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍സി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ബിസിസിഐ ആണെന്നും താന്‍ തന്റെ കളി ഇപ്പോഴും ആസ്വദിക്കുന്നുണ്ടെന്നും ധോണി മറുപടി നല്‍കി.

Latest