“മുണ്ട് പൊക്കി നോക്കി മതം പരിശോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന് തെളിയിക്കണം”; ബെന്യാമിന്‍

മുണ്ട് പൊക്കി നോക്കി മതം പരിശോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്ന് തെളിയിക്കേണ്ട തെര‍ഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. തിരുവനന്തപുരത്തെയും പത്തനം‌തിട്ടയിലെയും പ്രബുദ്ധരായ വോട്ടര്‍ന്മാർ വളരെ ആലോചിച്ചും ബുദ്ധിപൂർവവും വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയാണ് ഇലക്ഷൻ സർവേകൾ ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിവിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിലൂടെ വർഗീയ ശക്തികൾ വിജയിക്കാന്‍ അവസരമൊരുക്കരുത്. മുഖ്യശത്രു വർഗീയ കക്ഷിയാണെന്ന ബോധ്യത്തിലാകണം വോട്ടുകൾ രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റ് പൂര്‍ണ രൂപത്തില്‍;

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“23നു രാജ്യത്തെ ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പ് വരുന്നു. തിരുവനന്തപുരത്തെയും പത്തനം‌തിട്ടയിലെയും പ്രബുദ്ധരായ വോട്ടറന്മാർ വളരെ ആലോചിച്ചും ബുദ്ധിപൂർവ്വവും വോട്ട് ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയാണ് ചില ഇലക്ഷൻ സർവ്വേകൾ ചൂണ്ടിക്കാണിക്കുന്നത്. ഭൂരിപക്ഷം വരുന്ന മോദിവിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിലൂടെ വർഗ്ഗീയ ശക്തികൾ വിജയത്തിലേക്ക് നീങ്ങുവാൻ യാതൊരു കാരണവശാലും അവസരമൊരുക്കരുത്. മുഖ്യശത്രു വർഗ്ഗീയ കക്ഷിയാണെന്ന ബോധ്യത്തിൽ തന്നെ വേണം ജനാധിപത്യത്തിലും രാജ്യത്തിന്റെ അഖണ്ഡതയിലും മത സ്വാതന്ത്ര്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഓരോരുത്തരും വോട്ടുകൾ രേഖപ്പെടുത്തുവാൻ. താത്ക്കാലികമായ ഭിന്നതകൾ മാറ്റിവച്ച് ജനാധിപത്യമതേതര വിശ്വാസികൾ ഒന്നിച്ച് നില്ക്കേണ്ട അവസരമാണിത്. രണ്ടിടത്തും ഇടതുപക്ഷം ബുദ്ധിപൂർവ്വം പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

നോട്ട് നിരോധനംകൊണ്ട് നമ്മെ ബുദ്ധിമുട്ടിച്ചവർക്ക്, പ്രളയകാലത്ത് നമ്മെ തിരിഞ്ഞു നോക്കാത്തവർക്ക്, നമുക്ക് കിട്ടാനുള്ള സഹായങ്ങൾ തടഞ്ഞു വച്ചവർക്ക്, തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണോ എന്ന് തിരിച്ചു ചോദിച്ചവർക്ക്, കേരളത്തെ പാകിസ്ഥാൻ എന്ന് നിരന്തരം വിളിച്ചാക്ഷേപിക്കുന്നവർക്ക്, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ വെടിയുതിർക്കുന്നവർക്ക്, ആഹാരസ്വാതന്ത്ര്യത്തിനു മേൽ തിട്ടൂരമിറക്കുന്നവർക്ക്, ഹിന്ദുക്കളും ബുദ്ധന്മാരും സിക്കുകാരും അല്ലാത്ത എല്ലാവരെയും ഈ രാജ്യത്തു നിന്ന് ഓടിച്ചുവിടും എന്ന് ആക്രോശിക്കുന്നവർക്ക്, മുണ്ട് പൊക്കി നോക്കി മതം പരിശോധിക്കും എന്ന് ആക്ഷേപിക്കുന്നവർക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും ഇത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മതസൌഹാർദ്ദത്തിന്റെയും പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഇടമാണെന്നും നമുക്ക് തെളിയിക്കേണ്ടതുണ്ട്. നിങ്ങളുടെ വോട്ട് ഏറ്റവും ബുദ്ധിപൂർവ്വം വിനിയോഗിച്ചുകൊണ്ട്, അങ്ങനെ വിനിയോഗിക്കാൻ സുഹൃത്തുക്കളെ പ്രേരിപ്പിച്ചുകൊണ്ട് നമുക്ക് ഒന്നിച്ചു നില്‍ക്കാം”

Top