സിനിമാ സമരം അവസാനിക്കാത്തതിനു പിന്നില്‍ ലിബര്‍ട്ടി ബഷീറോ? പ്രോഡ്യൂസര്‍ അസോസിയേഷന്റെ പുതിയ ഡിമാന്റോ? സര്‍ക്കാര്‍ പരിശോധിക്കണം

എല്ലാ ഉത്സവകാലത്തും സിനിമാസമരവുമായി ഒരു കൂട്ടര്‍ രംഗത്ത് വരുന്നത് എന്ത് കൊണ്ടാണ്…? സമരവുമായി സ്ഥിരം രംഗത്തെത്തുന്ന ലിബര്‍ട്ടിബഷീറിന്റെ ഉന്നം സമ്മര്‍ദ്ദതന്ദ്രം ചെലുത്തി കാര്യം നേടാമെന്നമോഹം മാത്രമാണ്.

മലയാള സിനിമകള്‍ക്കുള്ള തിയറ്റര്‍ വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് ഇത്തവണ ഉന്നയിച്ചിരിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടെഴ്‌സ് അസോസിയേഷനും വിട്ടു കൊടുക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ സമരം കടുത്തു. ക്രിസ്തുമസ് റിലീസ് മുടങ്ങി.

കോടികളുടെ നഷ്ട്ടം കണക്കാക്കിയാല്‍ നികുതിയിനത്തിലുള്ള സര്‍ക്കാര്‍ വരുമാനം കൂടി നഷ്ട്ടമായി. സര്‍ക്കാര്‍ ഇടപെട്ടു. ഉപാധി വച്ചു. തിയെറ്റര്‍ വിഹിതം 50 ശതമാനം ആയി കൂട്ടണമെന്ന ആവശ്യം പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകും വരെ പഴയ സ്ഥിതി തുടരാനും നിര്‍ദേശിച്ചു. പക്ഷെ ഇതൊന്നും അംഗീകരിക്കാന്‍ ബഷീര്‍ തയ്യാറായില്ല. സമരം മുന്നോട്ട് പോയി.

പ്രോഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടെഴ്‌സ് അസോസിയേഷനും അല്‍പ്പം കൂടി കടുപ്പിച്ചു പ്രദര്‍ശനം തുടര്‍ന്നു വന്ന മലയാള സിനിമകള്‍ കൂടി നിര്‍ത്തലാക്കുന്നു. തിയെറ്ററുകള്‍ പൂട്ടിയിടുമെന്നു ബഷീര്‍ ഭീഷണി മുഴക്കുന്നു.

മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുന്നു. പണി പാളും എന്നു ബഷീറിനു ബോധ്യമാകുന്നു. 5/1/17 ലെ കൊച്ചിയില്‍ കൂടിയ ചര്‍ച്ചയില്‍ തന്റെ കടും പിടുത്തത്തില്‍ നിന്നും ബഷീര്‍ പിന്നാക്കം പോകുന്നു.തിയറ്റര്‍ വിഹിതം 50 ശതമാനം ആയി കൂട്ടണമെന്ന ആവശ്യം പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകും വരെ പഴയ സ്ഥിതി തുടരാനും തയ്യാറാകുന്നു. സമരം ഒത്തു തീര്‍പ്പായി എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നു.

എന്നാല്‍ ക്രിസ്തുമസ് – പുതു വര്‍ഷ റിലീസുകളായി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ക്കു വന്ന നഷ്ട്ടം കൂടി ബഷീര്‍ നല്കണമെന്ന പുതിയൊരു ആവശ്യം കൂടി വന്നതോടെ ഇരു വിഭാഗവും സമരത്തില്‍ ഉറച്ചു നില്‍ക്കുന്ന അവസ്ഥയിലെത്തി. ഈ സമരത്തിലൂടെ സാമ്പത്തിക നഷ്ട്ടം രണ്ടു കൂട്ടര്‍ക്കും ഒപ്പം സര്‍ക്കാരിനും കോടികളുടെ നികുതി നഷ്ടമായിട്ടുണ്ട്.

ഇനിയും സമരം മുന്നോട്ടു പോയാല്‍ സിനിമാ വ്യവസായം തകരും. സിനിമ മേഖലയെ ആശ്രയിച്ചു കഴിയുന്ന അനവധി കുടുംബങ്ങള്‍ പട്ടിണിയിലാകും. അതിനാല്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ടു സമരം അവസാനിപ്പിക്കണം.

സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് ലഭ്യമാകുന്ന സിനിമ എന്ന വിനോദത്തെ നിലനിര്‍ത്താന്‍ പ്രദര്‍ശനത്തിനു തയ്യാറായിരിക്കുന്ന മലയാള സിനിമകള്‍ ഒന്നോ രണ്ടോ വീതം പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കണം.

നിലവില്‍ ബഷീറിന്റെ തിയേറ്റര്‍ സംഘടന മാത്രമേ സമരത്തിലുള്ളൂ. സര്‍ക്കാര്‍ തിയേറ്ററുകള്‍ ഉള്‍പ്പടെ മറ്റു തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ.അങ്ങിനെ വരുമ്പോള്‍ നഷ്ടത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്ന KSFDC ക്കു അതു ഒരു പിടിവള്ളിയുമാകും.

സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം. രണ്ടു കൂട്ടരുടെയും മര്‍ക്കട മുഷ്ടി അവസാനിപ്പിക്കുക.

Latest