22 ലക്ഷം രൂപ വിലയുളള സൂപ്പര്‍ ബൈക്കിന് അരലക്ഷം രൂപയുടെ ഹെല്‍മറ്റ്; അവസാനം വില്ലനായത് ഹെല്‍മറ്റ്-യുവാവിന് ദാരുണാന്ത്യം

ജയ്പൂര്‍: 22 ലക്ഷം രൂപ വിലയുളള സൂപ്പര്‍ ബൈക്കില്‍ പാഞ്ഞ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അമിതവേഗതയിലായിരുന്ന ബൈക്ക് അപകടത്തില്‍ രോഹിത് സിങ് ഷെഖാവത്ത് ആണ് മരിച്ചത്. അപകടത്തിന് ശേഷം ഹെല്‍മറ്റ് ഊരി മാറ്റാന്‍ കഴിയാതെ മസ്തിഷ്‌കത്തിലെ രക്തമൊഴുക്കിനെ തുടര്‍ന്നാണ് രോഹിത് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. ഒരു വാഹനനിര്‍മ്മാണ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന ഷെഖാവത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ട് പേരെ മറികടക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്. വഴിയാത്രക്കാരെ ഇടിച്ച ശേഷം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിലത്ത് വീണ ബൈക്കിനൊപ്പം 50 അടിയോളം ഷെഖാവത്തും തെറിച്ചുവീണു. ഉടന്‍ തന്നെ നാട്ടുകാര്‍ ഹെല്‍മറ്റ് ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ഹെല്‍മറ്റിന്റെ സ്ട്രാപ് മുറിച്ച് മാറ്റുകയായിരുന്നു. 50,000 രൂപയോളം വിലയുളള ഇറക്കുമതി ചെയ്ത ഹെല്‍മറ്റ് ആയിരുന്നു യുവാവ് ധരിച്ചത്. വളരെ ഒതുക്കമുളള ഹെല്‍മറ്റ് യാത്രക്കാരന്റെ തലയില്‍ നിന്നും വേഗത്തില്‍ ഇളകി മാറില്ല.കാവാസാക്കിയുടെ 22 ലക്ഷത്തോളം രൂപ വിലയുളള നിഞ്ച ZX10R മോഡല്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 300 കി.മി. വേഗതയില്‍ വരെ ഓടിക്കാന്‍ കഴിയുന്ന സൂപ്പര്‍ബൈക്കാണിത്.

 

Top