ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീമാർ തെരുവിൽ; നടപടി ഉഴപ്പി സർക്കാരും പൊലീസും: ഒന്നും മിണ്ടാതെ ഉമ്മൻചാണ്ടി; കണ്ടഭാവമില്ലാതെ ബിജെപി: രാഷ്ട്രീയക്കാർ സഭയെ പേടിക്കുന്നത് എന്തിനു വേണ്ടി

സ്വന്തം ലേഖകൻ

കൊച്ചി: കേരള ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ ആദ്യമായി നാല് കന്യാസ്ത്രീമാർ തെരുവിലിറങ്ങിയിരിക്കുകയാണ്. ലൈംഗിക പീഡനക്കേസിൽ ഒരു ബിഷപ്പിനെതിരെ സർക്കാരും, സഭയും നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് ഈ കന്യാസ്ത്രീമാർ തെരുവിലിറങ്ങിയിരിക്കുന്നത്. തന്നെ പല തവണ ലൈംഗിക പീഡനത്തിനു വിധേയയാക്കിയതായി കന്യാസ്ത്രീ സർക്കാരിനോടും, സഭയോടും പരാതി പറഞ്ഞു. പക്ഷേ, വോട്ട് ബാങ്കിന്റെ തുലാസിലിട്ട് തൂക്കി നോക്കിയപ്പോൾ കന്യാസ്ത്രീ ഇപ്പോഴും തെരുവിൽ തന്നെ. പക്ഷേ, ഇതിലെല്ലാം ഉപരിയായി ഭീഷണിയായി തുടരുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ മൗനം തന്നെയാണ്. മറ്റെല്ലാ രാഷ്ട്രീയ നേതാക്കളും കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ച കേസിൽ തന്ത്രപരമായ മൗനം അവലംബിച്ചപ്പോൾ, പി.സി ജോർജ് എന്ന രാഷ്ട്രീയക്കാരൻ ഒരു പടികൂടി കടന്ന് കന്യാസ്ത്രീയെ വേശ്യയായി ചിത്രീകരിക്കുന്നതിനുള്ള ശ്രമം നടത്തുകയായിരുന്നു.
കഴിഞ്ഞ 74 ദിവസമായി സംസ്ഥാനത്തെ പൊലീസിനെയും, സഭയെയും തന്റെ കൈവെള്ളയിലിട്ട് അമ്മാനമാടുകയാണ് ഫ്രാങ്കോ മുളയ്ക്കൽ എന്ന ജലന്ധർ രൂപതാ ബിഷപ്പ്. തന്നെ 13 തവണ ഒരു ബിഷപ്പ് പീഡിപ്പിച്ചതായി, തെളിവുകളെയും സാക്ഷികളെയും നിരത്തി ഒരു കന്യാസ്ത്രീ വെളിപ്പെടുത്തുക. എന്നാൽ, ഇതെല്ലാം നിഷ്‌കരുണം തള്ളിക്കളഞ്ഞ് പൊലീസ് ഈ ബിഷപ്പിനു കുടപിടിക്കുക. എല്ലാത്തിലും ഒന്നാം നമ്പർ എന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇപ്പോൾ ഇത് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും 70 ദിവസം കഴിഞ്ഞ ഈ കേസിൽ തങ്ങളുടെ വ്യക്തിപരമായോ, രാഷ്ട്രീയ പാർട്ടി പരമായോ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. എന്തിന് സഭാ വിഷയങ്ങളിൽ അമിതമായ താല്പര്യം കാണിക്കുന്ന, അതിവേഗം പ്രതികരിക്കുന്ന ബിജെപി പോലും ബിഷപ്പിന്റെ കേസിൽ ഇടപെടാനോ പ്രതികരിക്കാനോ അറച്ചു നിൽക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനമാണ് ബിഷപ്പിന്റെ പീഡനക്കേസിൽ ഏറെ നിർണ്ണായകമായിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും കൃത്യമായി ഒഴിഞ്ഞു മാറുന്ന പിണറായി വിജയനെയാണ് ബിഷപ്പ് പീഡനക്കേസിന്റെ ആദ്യം മുതൽ അവസാനം വരെ കണ്ടിരുന്നത്. ഇതിനിടെയാണ് ആദ്യമായി ബിഷപ്പ് പീഡനക്കേസിൽ പ്രതികരണവുമായി ഒരു രാഷ്ട്രീയ നേതാവ് രംഗത്ത് എത്തിയത്. ഇതാവട്ടെ നാക്കിന് എല്ലില്ലെന്ന് തന്റെ സ്വതസിദ്ധമായ പ്രതികരണത്തിലൂടെ ഇതിനോടകം തെളിയിച്ച പി.സി ജോർജ് എംഎൽഎയായിരുന്നു. ശനിയാഴ്ച കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിൽ ജോർജ് കന്യാസ്ത്രീ വേശ്യയാണെന്നും, ഒപ്പം നിൽക്കുന്ന കന്യാസ്ത്രീകളുടെ കന്യകാത്വം പരിശോധിക്കണമെന്നും തുറന്നടിച്ചു. പീഡനക്കേസിലെ ഇരയുടെ സ്വകാര്യത പോലും മാനിക്കാതെയായിരുന്നു പി.സി ജോർജിന്റെ അനവസരത്തിലുള്ള പരാമർശം.
ഇതിനു പിന്നാലെ കോട്ടയം പ്രസ്‌ക്ലബിൽ പ്രതികരിച്ച മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി, നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന സ്വതസിദ്ധമായ ശൈലി മാത്രമാണ് സ്വീകരിച്ചത്. ബിഷപ്പിന്റെ പേരെടുത്തു പോലും പറയാൻ തയ്യാറാകാതിരുന്ന ഉമ്മൻചാണ്ടി കന്യാസ്ത്രീയ്ക്ക് പിൻതുണ പോലും പ്രഖ്യാപിച്ചില്ല. കേരളത്തിൽ ഒരു കന്യാസ്ത്രീ ലൈംഗിക പീഡനത്തിനു ഇരയായ പരാതിയിലാണ് ഇപ്പോൾ കന്യാസ്ത്രീയെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top