തിരിച്ചെത്തിയ ഫ്രാങ്കോയ്ക്ക് റോസാപ്പൂ വൃഷ്ടി; ജലന്ധറില്‍ ആവേശോജ്വലമായ സ്വീകരണം

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയില്‍ മോചിതനായ ശേഷം ജലന്ധറില്‍ തിരിച്ചെത്തിയതാണ് മുമ്പ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍. തിരിച്ചത്തിയ ഫ്രാങ്കോയ്ക്ക് താരപരിവേഷമാണ് വിശ്വാസികള്‍ നല്‍കിയത്.

നിലവിലെ ബിഷപ്പ്, കന്യാസ്ത്രീകള്‍, വിശ്വാസികള്‍ തുടങ്ങിയ സംഘം റോസാപൂഷ്പങ്ങള്‍ ഫ്രാങ്കോയുടെ മേല്‍ വര്‍ഷിച്ചാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഫ്രാങ്കോ ജലന്ധറില്‍ തിരിച്ചെത്തിയത്. ബിഷപ്പിന്റെ വീടിന് ചുറ്റുമായും ജലന്ധറിന്റെ പല പ്രദേശങ്ങളിലും ബിഷപ്പിനെ വരവേല്‍ക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്ററുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുമുണ്ട്. ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഫ്രാങ്കോയെ വിശ്വാസികള്‍ സ്വീകരിച്ചത്.

bishop franco jalandhar

വിശ്വാസികള്‍ എനിക്കൊപ്പമുണ്ട്..ഇവരുടെ പ്രാര്‍ത്ഥനകളുടെ ഫലമായാണ് എനിക്ക് ജാമ്യം കിട്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്വേഷണം നടന്നുവരികയാണ്. രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയില്‍ എനിക്ക് പരിപൂര്‍ണമായ വിശ്വാസമുണ്ടെന്നും മാധ്യമങ്ങളോട് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.

കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചത്. കേരളത്തില്‍ പലയിടത്തും ഇതിന് സമാനമായി ബിഷപ്പിന് വലിയ രീതിയിലുള്ള സ്വീകരണം നല്‍കിയിരുന്നു.

Latest
Widgets Magazine