ബിജെപിയുമായി ഉടക്കി വെള്ളാപ്പള്ളിയും മകനും; ഇരുവരെയും വേണ്ടെന്നു സിപിഎം; ബിഡിജെഎസിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ എല്ലാ കാലത്തും ജാതി രാഷ്ട്രീയ പാർട്ടികൾ എരിഞ്ഞു തീർന്നതാണ് ചരിത്രം. കേരളത്തിൽ ഏറ്റവും ഒടുവിലാണ് ഉദയം ചെയ്ത മറ്റൊരു ജാതി രാഷ്ട്രീയ കക്ഷിയായ ബിഡിജെഎസിന്റെ ഭാവിയെപ്പറ്റിയാണ് ഏറ്റവും ഒടുവിൽ ഉറ്റുനോക്കുന്നത്. ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസ് എത്രയും വേഗം മുന്നണി വിടുമെന്നാണ് സൂചന ലഭിക്കുന്നത്. ഇടതു ബർത്ത് പ്രതീക്ഷിച്ച് ബി.ഡി.ജെ.എസ്, ബി.ജെ.പി മുന്നണി വിടേണ്ടതില്ലെന്ന് സി.പി.എം പ്രഖ്യാപിച്ചതോടെ വെ്ള്ളാപ്പള്ളിയും മകനും കടുത്ത പ്രതിസന്ധിയിലായി.
ആർ.എസ്.എസിന്റെ ഉൽപ്പന്നമായ ബി.ഡി.ജെ.എസിനെ ഒരു കാരണവശാലും ഇടതുമുന്നണിയിലെടുക്കുന്ന പ്രശ്നമില്ലന്നും ഇക്കാര്യത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിൽ നിന്നും ബി.ഡി.ജെ.എസ് അകലുന്നു എന്ന വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

ഇടതുപക്ഷത്തോടും വലതുപക്ഷത്തോടും തങ്ങൾക്ക് യാതൊരുവിധ അയിത്തവുമില്ലന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

മുന്നണി മാറ്റം സംബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിച്ചായിരുന്നു മകൻ കൂടിയായ തുഷാറിന്റെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്.

അധികാരത്തിലെത്താൻ ആരുമായും കൂട്ടുകൂടുമെന്നും തുഷാർ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ സ്ഥാനമാനങ്ങൾ വേണമെന്ന ബി.ഡി.ജെ.എസ് ആവശ്യം ബി.ജെ.പി നേതൃത്വം പരിഗണിക്കാത്തതാണ് ഉടക്കിന് കാരണമായിരിക്കുന്നത്.

കേവലം അധികാരം മാത്രം ലക്ഷ്യമിട്ട് ആരുമായും കൂട്ടുകൂടാൻ തട്ടി കൂട്ടിയ പാർട്ടിയെ മുന്നണിയിലെടുക്കാൻ ഇടതുപക്ഷം വഴിയമ്പലമല്ലന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്.

ഈ പശ്ചാത്തലത്തിൽ ഇനി ബി.ജെ.പി പാളയം വിട്ടാൽ യു.ഡി.എഫിനെ ആശ്രയിക്കുക മാത്രമേ ബി.ഡി.ജെ.എസിനെ സംബന്ധിച്ച് വഴിയുള്ളൂ.

വി.എം സുധീരൻ, വി.ഡി.സതീശൻ, ടി.എൻ പ്രതാപൻ, ഷുക്കൂർ, എ.ഐ.സി.സി സെക്രട്ടറി കെ.സി.വേണുഗോപാൽ, പി.സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളുടെ പ്രഖ്യാപിത ശത്രുവാണ് വെളളാപ്പള്ളി എന്നതിനാൽ യു.ഡി.എഫ് പ്രവേശനവും സുഗമമാകില്ല.

മാത്രമല്ല അടുപ്പക്കാരനായ ഉമ്മൻ ചാണ്ടിക്ക് പഴയ സ്വാധീനം കോൺഗ്രസ്സ് നേതൃത്വത്തിൽ ഇല്ലാത്തതും ബി.ഡി.ജെ.എസിനെ സംബന്ധിച്ച് തിരിച്ചടിയാണ്.

ചുരുക്കത്തിൽ ത്രിശങ്കുവിലായ അവസ്ഥയിലാണ് അച്ഛനും മകനും . .

Top